'ഒരു രാത്രി മുഴുവൻ പെരുവഴിയിലായതിന്റെ ആശങ്ക വിട്ടുമാറിയിട്ടില്ല'; മന്ത്രിക്കെതിരെ ബാങ്ക് ചെയർമാൻ
Mail This Article
വട്ടപ്പാറ ∙ ‘സഹചര്യം കൊണ്ട് തിരിച്ചടവ് മുടങ്ങി. തിരിച്ചടവിന് അൽപം സാവകാശം നൽകണം’– കന്യാകുളങ്ങര ഇടവിളാകത്തു വീട്ടിൽ വൈ.പ്രഭകുമാരി ആവശ്യപ്പെടുന്നത് ഇതാണ്. വീട് ജപ്തി ചെയ്തതിനെ തുടർന്ന് ഒരു രാത്രി മുഴുവൻ കുടുംബത്തോടൊപ്പം പെരുവഴിയിലായതിന്റെ ആശങ്ക വിട്ടുമാറിയിട്ടില്ല പ്രഭാകുമാരിക്കും കുടുംബത്തിനും. നെടുമങ്ങാട് സഹകരണ അർബൻ ബാങ്കിന്റെ കന്യാകുളങ്ങര ശാഖയിൽ നിന്നെടുത്ത വായ്പ കുടിശികയുടെ പേരിൽ വെള്ളിയാഴ്ച വൈകിട്ട് 4.30തോടെയായിരുന്നു ജപ്തി നടപടികൾ.
‘2.30 ലക്ഷം രൂപയാണ് കുടിശിക ഇനത്തിൽ അടയ്ക്കേണ്ടത്. ജപ്തി നടപടിക്കായി കോടതിയിലേക്ക് പോയ വിവരം പോലും നോട്ടിസ് എത്തിക്കുമ്പോഴാണ് അറിയുന്നത്. വീടിന്റെ അറ്റകുറ്റപ്പണിക്കായാണ് 2016 ഒക്ടോബർ 24 ന് ഒന്നര ലക്ഷം വായ്പയെടുത്തത്. 2018ഏപ്രിൽ 5ന് പലിശ അടച്ച് പുതുക്കിയിരുന്നു. അതിനു ശേഷം മകളുടെ വിവാഹ സമയത്ത് വീണ്ടും വായ്പ പുതുക്കി തരുമോ എന്ന് ചോദിച്ചിരുന്നു. പറ്റില്ലെന്ന് അറിയിച്ചതോടെ പണം വേറെ കണ്ടെത്തേണ്ടി വന്നു.അതിനു ശേഷവും കഴിയുന്ന തരത്തിൽ കുറച്ചു തുക അടച്ചിരുന്നു.
ഇതിനിടെ ഭർത്താവ് സജിമോൻ പണിക്കിടെ ഏണിയിൽ നിന്നു താഴെ വീണ് കാലുകൾക്ക് ഗുരുതര പരുക്കേറ്റു. ചികിത്സാ ചെലവും വന്നതോടെയാണ് തിരിച്ചടവ് മുടങ്ങിയത്’–പ്രഭകുമാരി പറയുന്നു. പ്രഭകുമാരിയെ കൂടാതെ ഭർത്താവ് സജിമോൻ, അമ്മ യശോദ എന്നിവരും വീടിന് പുറത്തിരിക്കേണ്ടി വന്നു. ശുചീകരണ ജോലിയിൽ നിന്നു പ്രഭകുമാരിക്കു കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണ് ഇപ്പോൾ കുടുംബത്തിനുള്ളത്.ബാങ്കിൽ നിന്ന് അറിയിപ്പ് വന്നതോടെ വലിയ തുക ഉടനെ ഒരുമിച്ച് അടയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞു. 30 വരെ സമയം നൽകുകയും അതിനുള്ളിൽ 50,000 രൂപ അടയ്ക്കാമെന്നു സമ്മതിക്കുകയും ചെയ്തു.
പണം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിനിടയിലാണ് പെട്ടെന്ന് ജപ്തി നടപടികളുണ്ടായതെന്നും വീട്ടുകാരെയെല്ലാം സ്ഥലത്തു നിന്നു മാറ്റിയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് ജപ്തി നടന്നതെന്നും പ്രഭകുമാരി പറഞ്ഞു. വിഷയത്തിൽ ബാങ്കിന്റെ നിലപാട് അറിഞ്ഞ ശേഷം തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്ന് പ്രഭകുമാരി പറഞ്ഞു. ജപ്തിയിൽ പ്രതിഷേധിച്ച് ഇന്നു 10ന് ബാങ്കിന്റെ കന്യാകുളങ്ങര ശാഖയിലേക്ക് എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ജപ്തി ചെയ്ത വസ്തുവിൽ അതിക്രമിച്ച് കയറി; മന്ത്രിക്കെതിരെ ബാങ്ക് ചെയർമാൻ
തിരുവനന്തപുരം ∙ കോടതി ഉത്തരവ് പ്രകാരം ജപ്തി ചെയ്ത വസ്തുവിൽ അനധികൃതമായി പ്രവേശിച്ച് വീട് ചവിട്ടിത്തുറന്ന് നൽകാൻ സഹപ്രവർത്തകരോട് ആഹ്വാനം ചെയ്തതു മന്ത്രി ജി.ആർ.അനിലാണെന്ന് നെടുമങ്ങാട് സഹകരണ അർബൻ ബാങ്ക് ചെയർമാൻ തേക്കട അനിൽകുമാർ ആരോപിച്ചു. വിഷയത്തിൽ നിയമവിരുദ്ധമായാണ് മന്ത്രി ഇടപെട്ടത്. സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ് ഇത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.
ബാങ്കിൽ നിന്നു പ്രഭാകുമാരി 2016 ൽ വായ്പയെടുക്കുകയും 2020ൽ ആ വായ്പ പുതുക്കി നൽകുകയും ചെയ്തിരുന്നു. ഇവർ കൃത്യമായി വായ്പ തിരിച്ച് അടയ്ക്കാറില്ല. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സർഫാസി പ്രകാരം വഞ്ചിയൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്യുകയും കക്ഷിക്ക് കൃത്യമായി നോട്ടിസ് നൽകുകയും നിയമപ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും പാലിക്കുകയും ചെയ്തിരുന്നു. പൂർണമായും റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള ബാങ്ക് ആയതിനാലാണ് സർഫാസി നടപടി പൂർത്തീകരിച്ചത്.
കഴിഞ്ഞ ദിവസം കോടതി ഉത്തരവു പ്രകാരം അഡ്വക്കറ്റ് കമ്മിഷണർ സ്ഥലത്ത് എത്തുകയും ജാമ്യ വസ്തു ജപ്തി ചെയ്യുന്ന നടപടികളും സ്വീകരിച്ചു. ശനി രാവിലെ മന്ത്രി ജി.ആർ.അനിൽ സ്ഥലത്ത് എത്തുകയും കോടതി ഉത്തരവുപ്രകാരം ജപ്തി ചെയ്ത വസ്തുവിൽ അനധികൃതമായി പ്രവേശിക്കുകയും വീട് ചവിട്ടി തുറന്ന് കൊടുക്കുവാൻ സഹപ്രവർത്തകരോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
നെടുമങ്ങാട് താലൂക്കിലെ റിസർവ് ബാങ്ക് ലൈസൻസ് ഉള്ള ഏക സഹകരണ ബാങ്ക് ആണ് നെടുമങ്ങാട് സഹകരണ അർബൻ ബാങ്ക്. ബാങ്കിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനും വായ്പ തിരിച്ചടക്കാത്തവരുടെ മേൽ എടുക്കുന്ന നടപടികളിലും മന്ത്രി നിയമവിരുദ്ധമായി ഇടപെടുന്നതു ഭരണഘടന ലംഘനവും സത്യപ്രതിജ്ഞ ലംഘനവും ആണെന്നും ചെയർമാൻ പറഞ്ഞു.