കാട്ടാനയാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ വനംവകുപ്പിനെതിരെ പ്രതിഷേധം: കൊന്നത് മനുഷ്യനെയാണ്
Mail This Article
ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം: കിസാൻ സഭ
തൊടുപുഴ ∙ കാട്ടാന ഒരു ജീവൻകൂടി എടുക്കാൻ വേണ്ടി നിസ്സംഗത കാട്ടിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ആവശ്യപ്പെട്ടു. മുള്ളരിങ്ങാട്ട് വളർത്തു പശുവിനെ തേടി പോയവർ കാട്ടാനയുടെ ആക്രമണത്തിൽപെടുകയായിരുന്നു.
ഈ പ്രദേശങ്ങളിൽ കാട്ടാനയും മറ്റു വന്യജീവികളും നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. കാട്ടിൽ വെള്ളവും തീറ്റയുമില്ലാത്തതാണ് ആനകൾ കാടിറങ്ങാൻ കാരണം. ജനവാസ മേഖലകളിൽ നിന്നും വന്യമൃഗങ്ങളെ തുരത്തുന്ന നടപടികൾ ഗൗരവപൂർവം നടത്തിയിരുന്നുവെങ്കിൽ ഈ മനുഷ്യജീവൻ നഷ്ടപ്പെടില്ലായിരുന്നൂവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജനത്തെ വെല്ലുവിളിക്കുന്നു: മാത്യു കുഴൽനാടൻ
തൊടുപുഴ ∙ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ അവരെ വെല്ലുവിളിക്കുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. അടുത്തിടെയായി മൂന്നാമത്തെ മരണമാണ് കാട്ടാന ആക്രമണം മൂലം മേഖലയിൽ സംഭവിച്ചത്. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും വനംവകുപ്പ് നിഷ്‌ക്രിയരായി തുടരുകയാണ്. ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും എംഎൽഎ പറഞ്ഞു.
വനംവകുപ്പിന്റെ പേര് മൃഗസംരക്ഷണ വകുപ്പ് എന്നാക്കണം: ഡിസിസി പ്രസിഡന്റ്
തൊടുപുഴ ∙ വന്യജീവി ആക്രമണങ്ങളിൽ മനുഷ്യർ കൊല്ലപ്പെടുമ്പോൾ ഉത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു. മുള്ളരിങ്ങാട് രണ്ടുമാസത്തോളം കാട്ടാനകൾ സ്വൈര്യവിഹാരം നടത്തിയപ്പോൾ നാട്ടുകാരാണ് കാട്ടാനയെ തുരത്തിയത്. വനംവകുപ്പ് അനങ്ങിയില്ല. ഈ സാഹചര്യത്തിൽ കാട്ടാനയുടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം വനംവകുപ്പിനാണ്. വനംവകുപ്പിന്റെ പേര് മാറ്റി മൃഗസംരക്ഷണ വകുപ്പ് എന്നാക്കി മാറ്റണമെന്നും സി.പി.മാത്യു പറഞ്ഞു.
വനംവകുപ്പ് സത്വര നടപടി സ്വീകരിക്കണം: കേരള കോൺഗ്രസ് (എം)
ചെറുതോണി ∙ മലയോര മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ മനുഷ്യ ജീവൻ നഷ്ടപ്പെടുന്നത് തടയാൻ വനംവകുപ്പ് സത്വര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ.ആക്രമണകാരികളായ കാട്ടാനക്കളെ മയക്കുവെടി വച്ചു പ്രദേശത്തുനിന്ന് മറ്റേണ്ടത് അത്യാവശ്യമാണ്. വനമേഖലയിൽ കൃഷിയിടങ്ങളോട് ചേർന്ന് കമ്പിവേലി, ഫെൻസിങ്, ഫോറെസ്റ്റ് വാച്ചർമാരുടെ സേവനം എന്നിവ ഉറപ്പുവരുത്തണം.
വനാതിർത്തികളിൽ ട്രഞ്ച് വേണം: കർഷക കോൺഗ്രസ്
തൊടുപുഴ ∙ ജില്ലയിലാകമാനം കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ വനാതിർത്തികളിൽ ട്രഞ്ച് കുഴിക്കുകയോ സംരക്ഷണഭിത്തി നിർമിക്കുകയോ ചെയ്യാൻ സർക്കാർ അടിയന്തരമായി തയാറാകണമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കൻ ആവശ്യപ്പെട്ടു. അമർ ഇലാഹി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
പുതിയ വനനിയമ ഭേദഗതി അനുസരിച്ച് കാട്ടിൽ കയറുന്ന മനുഷ്യനെതിരെ നടപടിയെടുക്കാൻ നിയമം കൊണ്ടുവന്ന വനംവകുപ്പും സർക്കാരും കാട്ടിൽനിന്നു നാട്ടിലിറങ്ങി മനുഷ്യനെ കൊല്ലുന്ന കാട്ടാനയിൽനിന്നും മറ്റു വന്യമൃഗങ്ങളിൽനിന്നും മനുഷ്യനെ രക്ഷിക്കുന്നതിനുള്ള സംരക്ഷണം നൽകുന്നില്ലെന്നും കർഷക കോൺഗ്രസ് ആരോപിച്ചു.
അമറിന്റെ മരണത്തിന് ഉത്തരവാദി സർക്കാർ: മുസ്‌ലിം ലീഗ്
തൊടുപുഴ ∙ കാട്ടാനയ്ക്കും കാട്ടുമൃഗങ്ങൾക്കും നൽകുന്ന പരിഗണന മനുഷ്യജീവന് നൽകാത്ത സർക്കാരിനെതിരെ കനത്ത പ്രതിഷേധമുയർത്തി ജനകീയ പോരാട്ടം നടത്തുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ.ഷുക്കൂർ, ജനറൽ സെക്രട്ടറി കെ.എസ്.സിയാദ് എന്നിവർ പറഞ്ഞു. മുള്ളരിങ്ങാട് യൂത്ത് ലീഗ് പ്രവർത്തകൻ അമറിനെ കാട്ടാന കൊലപ്പെടുത്തിയ സാഹചര്യം സർക്കാർ വരുത്തി വച്ചതാണെന്നും നേതാക്കൾ പറഞ്ഞു.
കാട്ടുമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കണം: ജോയി വെട്ടിക്കുഴി
കട്ടപ്പന ∙ വനാതിർത്തികളിൽ മനുഷ്യജീവന് ഭീഷണി ഉയർത്തുന്ന വന്യമൃഗങ്ങളെ വെടിവയ്ക്കുന്നതിന് ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകാൻ മുഖ്യമന്ത്രി തയാറാകണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു. നിയന്ത്രിത വേട്ടയാണ് കാട്ടുമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാനുള്ള ഏക മാർഗം.
കൃഷിഭൂമിയിൽ പ്രവേശിക്കുന്ന വന്യമൃഗങ്ങളെ വെടിവയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യവും അവകാശവും കർഷകർക്ക് നൽകാൻ സർക്കാർ തയാറാകണം. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുവാൻ സർക്കാർ തയാറായില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുവാൻ യുഡിഎഫ് നിർബന്ധിതമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.