‘അച്ചായാ ബ്രേക്ക് പോയി’ ഡ്രൈവർ വിളിച്ചു പറഞ്ഞു; ബസിലെ പലരും അപ്പോൾ ഉറക്കത്തിലായിരുന്നു
Mail This Article
അപകടം എങ്ങനെ സംഭവിച്ചു?
കുട്ടിക്കാനം ∙ ഇറക്കം ഇറങ്ങി വരുന്നതിനിടെ ബ്രേക്ക് ചവിട്ടിയിട്ടു കിട്ടിയില്ല. കൂടെയുള്ള ഡ്രൈവർ ഡിക്‌സനോട് ‘അച്ചായാ ബ്രേക്ക് പോയി’ എന്നു വിളിച്ചുപറഞ്ഞു. ഗിയർ ഡൗൺ ചെയ്തോളൂ എന്നു ഡിക്സൻ പറഞ്ഞു. ഗിയർ ഡൗൺ ചെയ്തപ്പോഴേയ്ക്കും വണ്ടി കയ്യിൽ നിന്നു പോയി. ഇടത്തേക്ക് വെട്ടിച്ചതിനാൽ ബസിന്റെ പിൻഭാഗമാണ് കുഴിയിലേക്ക് ആദ്യം വീണത്. മുൻഭാഗം ഇറങ്ങിയാൽ കൂടുതൽ ആഴത്തിലേക്കു പോകുമായിരുന്നു. ബസ് എവിടെയോ തട്ടിനിന്നു എന്നറിഞ്ഞപ്പോൾ ചെറിയ ആശ്വാസം തോന്നി.
അപകടത്തിൽ നിന്നു രക്ഷപ്പെട്ട രവീന്ദ്രൻ
ബ്രേക്ക് പോയി എന്നു ഡ്രൈവർ രണ്ടു തവണ പറയുന്നതു യാത്രക്കാരും കേട്ടു. ബസിലെ പലരും അപ്പോൾ ഉറക്കത്തിലായിരുന്നു. പലരും ചാടിയെഴുന്നേറ്റ് കമ്പികളിൽ ഒക്കെപ്പിടിച്ചു. പിന്നെ കൂട്ടനിലവിളി. വാഹനം തങ്ങി നിന്നതോടെ വലിയ പരുക്കു പറ്റാത്തവരൊക്കെ പുറത്തിറങ്ങി.
ആശ്വാസവാക്കുകളുമായി ജനപ്രതിനിധികൾ
പുല്ലുപാറ ദുരന്തത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനും ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാനും മന്ത്രിമാരും ജനപ്രതിനിധികളും കൂട്ടത്തോടെ എത്തി. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ വാഴൂർ സോമൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, എം.എസ്.അരുൺകുമാർ, ജില്ലാ പഞ്ചായത്തംഗം കെ.ടി.ബിനു, ഇടുക്കി ജില്ലാ കലക്ടർ വി.വിഘ്നേശ്വരി, ഇടുക്കി ജില്ലാ പൊലീസ് മേധാവി യു.വിഷ്ണു പ്രദീപ്, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ ആർ.രാജീവ് എന്നിവർ ആശുപത്രിയിലും അപകട സ്ഥലത്തും എത്തി