ADVERTISEMENT

കണ്ണൂർ ∙ ക്ഷീണത്താൽ പാതിയടഞ്ഞ കണ്ണുകൾ പതിയെ ഉയർത്തി അവൻ ഇടയ്ക്കിടെ മോർച്ചറിക്കു നേരെ നോക്കും. ഞെരിഞ്ഞടയുന്ന മോർച്ചറി വാതിൽ കരയുമ്പോഴെല്ലാം അവന്റെ കണ്ണുകൾ മിന്നിത്തിളങ്ങും. തന്റെ സുഹൃത്തിനായി പരതും. പിന്നെ, നിരാശയോടെ റാംപിലേക്കു തല വച്ച് കിടക്കും. 

മാസങ്ങളായി, ചിത്രത്തിലുള്ള ഈ നായ കാത്തിരിപ്പ് തുടങ്ങിയിട്ട്. മഴയും വെയിലും തണുപ്പുമെല്ലാം ഏറെക്കൊണ്ടു. കണ്ണൂർ ജനറൽ ആശുപത്രിയുടെ മോർച്ചറിക്കുള്ളിലേക്കു കൊണ്ടുപോയ യജമാനനെ കാത്തിരിക്കുന്നതാകാം എന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. ശരീരങ്ങൾ മോർച്ചറിയിൽ നിന്നു വിട്ടുനൽകുന്നതു മതിലിനുമപ്പുറം പിൻഭാഗത്തു കൂടെയാണ്. 4 മാസത്തോളമായി നായ ജീവനക്കാരുടെ കണ്ണിൽപെട്ടിട്ട്. തെരുവുനായ്ക്കൾ ആശുപത്രിയിൽ ഒരു പുതുമയല്ലാത്തതിനാൽ ആരും ആദ്യം ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഇവൻ അവർക്കൊപ്പം കൂടിയില്ല.

വിശന്നു വലഞ്ഞാൽ പോലും മറ്റുള്ളവർ നൽകുന്ന ഭക്ഷണം കഴിക്കില്ല. ക്ഷീണത്താൽ അടഞ്ഞുപോകുന്ന കണ്ണുകൾ വലിച്ചുതുറന്നു മോർച്ചറിക്കു മുന്നിൽത്തന്നെ കിടക്കും. മോർച്ചറി ജീവനക്കാർ കയ്യിൽവച്ചു നൽകുന്ന ഭക്ഷണം മാത്രമാണ് ആശ്രയം. വലതുചെവിക്ക് അരികിലായി കഴുത്തിൽ മുറിവ് തുന്നിയുപോലൊരു പാടുണ്ട്. ആർക്കും ശല്യമില്ല, ആരോടും പരിഭവമില്ല. എല്ലാവർക്കും വഴിമാറിക്കൊടുക്കും.

ആരോഗ്യമന്ത്രിയുടെ ആശുപത്രി സന്ദർശനവേളയിലെ ചിത്രങ്ങളിൽ നായ പതിഞ്ഞതിനേത്തുടർന്നാണ് ആളുകൾ ശ്രദ്ധിച്ചുതുടങ്ങുന്നത്. ഉടമസ്ഥരുടെ പക്കൽ വാർത്തയെത്തി കൂട്ടിക്കൊണ്ടുപോകാൻ  വരുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി ജീവനക്കാരുള്ളത്. മരിച്ചുപോയ യജമാനനെ കാത്ത് 10 വർഷത്തോളം, റെയിൽ‌വേ സ്റ്റേഷനിൽ കാത്തിരുന്ന ‘ഹാച്ചിക്കോ’ എന്ന ജാപ്പനീസ് നായയ്ക്ക് 100 വയസ്സുതികയുന്ന വർഷത്തിലാണു സ്നേഹനിറമുള്ള കണ്ണുകളുമായി ഈ നായയുടെയും കാത്തിരിപ്പ്.

English Summary:

A dog waits for its master who is taken to the Mortuary; Waiting with loving eyes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com