പ്രവീൺ എഴുതിയിരിക്കുന്നതു കണ്ടില്ലേ; ഇങ്ങനെ ‘ഇരിക്കണം’ ഓഫിസ്..!
Mail This Article
ചെർപ്പുളശ്ശേരി ∙ കച്ചേരിക്കുന്നിൽ പ്രവർത്തിക്കുന്ന ചെർപ്പുളശ്ശേരി വില്ലേജ് ഓഫിസിലെ അലമാരയിൽ രണ്ടിടത്തായി കടലാസിൽ എഴുതി ഒട്ടിച്ച കുറിപ്പിന്റെ മേന്മയിൽ ജനപ്രിയനായിരിക്കുകയാണ് വില്ലേജ് ഓഫിസർ തിരുവനന്തപുരം നേമം സ്വദേശിയായ ആർ.പ്രവീൺ. സർട്ടിഫിക്കറ്റുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഈ വില്ലേജ് ഓഫിസിൽ എത്തുന്നവരുടെ കണ്ണിൽ ആദ്യം പെടുക വില്ലേജ് ഓഫിസറുടെ പിന്നിലെ അലമാരയിൽ രണ്ടു ഭാഗത്തായി പതിച്ച കടലാസുകളിലെ വരികളായിരിക്കും.
‘അനുവാദം ചോദിക്കാതെ തന്നെ വില്ലേജ് ഓഫിസറുടെ മുൻപിൽ ഇട്ടിട്ടുള്ള കസേരയിൽ ഇരിക്കേണ്ടതാണ്. ഞാനും നിങ്ങളിൽ ഒരാളാണ്’ എന്നാണു പ്രവീൺ കടലാസുകളിൽ കുറിച്ച വാചകങ്ങൾ.വില്ലേജ് ഓഫിസുകൾ ഉൾപ്പെടെയുള്ള മിക്ക ഓഫിസുകളിലും ആവശ്യങ്ങളുമായി എത്തുന്നവർക്ക് പലപ്പോഴും അവഗണന നേരിടുമ്പോഴാണ് തികച്ചും വ്യത്യസ്തമായി ചെർപ്പുളശ്ശേരിയിലെ അനുഭവം.
പല ഓഫിസുകളിലും ആവശ്യങ്ങൾ ഇരുന്ന് പറയാൻ ഇരിപ്പിടം കിട്ടാറില്ല. ഏറെ നേരം പുറത്തു കാത്തുനിൽക്കേണ്ടിയും വരും. എന്നാൽ ചെർപ്പുളശ്ശേരി വില്ലേജ് ഓഫിസിൽ കാര്യങ്ങൾ അങ്ങനെയല്ല എന്നുള്ളത് ജനങ്ങൾക്ക് ആശ്വാസവും സന്തോഷവുമായി മാറിയിരിക്കുന്നു.
വരുന്നവരിൽ അധികവും സാധാരണക്കാരായ ജനങ്ങളാണെന്നും അവരുടെ അവകാശത്തെക്കുറിച്ച് ബോധവാന്മാരാക്കുകയും ആവശ്യങ്ങൾക്ക് പരമാവധി പരിഗണന നൽകുകയും മാത്രമാണ് താൻ ഈ വാചകങ്ങൾകൊണ്ടു ലക്ഷ്യമിട്ടിട്ടുള്ളതെന്നും പ്രവീൺ പറഞ്ഞു. സർക്കാർ ജീവനക്കാരും പൊതുസമൂഹത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. സഹപ്രവർത്തകരായ മുഹമ്മദ് സ്വാലിഹ്, മണികണ്ഠൻ, ഹനീഫ എന്നിവരും പ്രവീണിനു പിന്തുണയുമായി ഒപ്പമുണ്ട്.
തിരുവനന്തപുരം താലൂക്ക് ഓഫിസിൽ ക്ലാർക്കായാണു പ്രവീൺ ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് തിരുവനന്തപുരം ആർഡിഒ ഓഫിസിലെ ബെഞ്ച് ക്ലാർക്കായും കവടിയാറിൽ സ്പെഷൽ വില്ലേജ് ഓഫിസറായും 18 വർഷത്തോളം ജോലി ചെയ്തു. നാലു മാസം മുൻപ് പ്രമോഷൻ ലഭിച്ച് ചളവറ വില്ലേജ് ഓഫിസിൽ എത്തി. അവിടെ നിന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് ചെർപ്പുളശ്ശേരിയിൽ വില്ലേജ് ഓഫിസറായി എത്തിയത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് വട്ടിയൂർകാവ് ബ്രാഞ്ച് ഉദ്യോഗസ്ഥ ശ്രീദേവിയാണു ഭാര്യ. മക്കൾ: നവനീത്, ശ്രീനന്ദന.