തലശ്ശേരി – മാഹി ബൈപാസ് ഉദ്ഘാടനം നാളെ, ആഘോഷമാക്കാൻ നാട്; ടോൾ പിരിവ് നാളെ രാവിലെ 8 മുതൽ
Mail This Article
കണ്ണൂർ ∙ തലശ്ശേരി – മാഹി ബൈപാസിന്റെ ഉദ്ഘാടനം ആഘോഷമാക്കാൻ നാടൊരുങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസ് വഴിയാണ് ബൈപാസ് രാഷ്ട്രത്തിനു സമർപ്പിക്കുന്നത്. നാളെ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 2 വരെയുള്ള സമയത്താണ് ഇതിന്റെ ലൈവ് സ്ട്രീമിങ് നടക്കുക. ചോനാടത്ത് പ്രത്യേക വേദിയിൽ ലൈവ് സ്ട്രീമിങ് കാണാൻ സൗകര്യം ഒരുക്കുന്നുണ്ട്. സ്പീക്കർ എ.എൻ.ഷംസീറും മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും ചോനാടത്തെ വേദിയിൽ നിന്ന് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ തിരുവനന്തപുരത്തുനിന്ന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
സമ്മേളനത്തിന്റെ ലൈവ് സ്ട്രീമിങ്ങിനുശേഷം സ്പീക്കറും മരാമത്ത് മന്ത്രിയും ചോനാടത്തെ വേദിയിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളും കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസിൽ മുഴപ്പിലങ്ങാട് ഭാഗത്തേക്ക് യാത്ര ചെയ്യും. ആയിരം പേർക്ക് ഇരിക്കാവുന്ന വേദിയാണ് ചോനാടത്ത് ഒരുക്കുന്നത്. വിദ്യാർഥികളുടെ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.ട്രയൽ റണ്ണിന്റെ ഭാഗമായി ഇന്നലെയും ബൈപാസിൽ സൗജന്യ വാഹനയാത്ര അനുവദിച്ചു. പതിവുയാത്രക്കാർക്കു പുറമേ പുതിയ റോഡ് കാണാനെത്തുന്നവരും കൂടിയായപ്പോൾ പകൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ടോൾ പിരിവ് നാളെ രാവിലെ 8 മുതൽ
ടോൾ പിരിവ് നാളെ രാവിലെ 8 മുതൽ ആരംഭിക്കും. ഫാസ്ടാഗ് സംവിധാനം വഴിയാണ് ടോൾ പിരിവ്. ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ നിരക്കിന്റെ ഇരട്ടി തുക നൽകണം. ഫാസ്ടാഗ് എടുക്കാനുള്ള സൗകര്യം ടോൾ പ്ലാസയിൽ ലഭ്യമാക്കുമെന്ന് കരാർ കമ്പനിയായ എവി എന്റർപ്രൈസസ് അധികൃതർ അറിയിച്ചു. ഫാസ്ടാഗ് റീചാർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.