ADVERTISEMENT

കണ്ണൂർ ∙ മണിക്കൂറിൽ 110–120 കിലോമീറ്റർ വരെ വേഗത്തിൽ കുതിക്കാവുന്ന തരത്തിൽ നിർമിച്ച പാതയാണ് തലശ്ശേരി – മാഹി ബൈപാസ്. നിലവിൽ ഇതുവഴിയുള്ള യാത്രയ്ക്ക് കാറുകൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോമീറ്ററും ബസുകൾക്കും ട്രക്കുകൾക്കും പരമാവധി 60 കിലോമീറ്ററുമാണ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. സർവീസ് റോഡുകളിൽ നിന്നും പള്ളൂർ സ്പിന്നിങ് മിൽ ഭാഗത്തെ സിഗ്നൽ ജംക്‌ഷനിൽ നിന്നുമെല്ലാം ബൈപാസിലേക്ക് വാഹനങ്ങൾ പ്രവേശിക്കാനുള്ള സാഹചര്യം മുന്നിൽക്കണ്ടാണ് ഇത്. എന്നാൽ വേഗപരിധി പാലിക്കാത്ത തരത്തിലാണ് വാഹനങ്ങൾ കുതിക്കുന്നത്. ട്രയൽ റണ്ണിനായി റോഡ് തുറന്ന ആദ്യ 3 ദിവസങ്ങൾക്കിടെ ബൈപാസിൽ മൂന്നിടത്ത് അപകടങ്ങൾ സംഭവിച്ചിരുന്നു.

ആ സമയത്ത് വാഹനത്തിരക്ക് കുറവായതും ഭാഗ്യവും തുണച്ചതുകൊണ്ടാണ് അത്യാഹിതം ഒഴിവായത്.സർവീസ് റോഡുകളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതു ഗൗനിക്കാതെ വൺവേ തെറ്റിച്ച് വാഹനങ്ങൾ ഇന്നലെയും ബൈപാസിലേക്ക് കയറുന്ന സ്ഥിതിയുണ്ടായിരുന്നു. റോഡ് പൂർണമായും ഗതാഗതത്തിനു വിട്ടുനൽകിയ സാഹചര്യത്തിൽ വൺവേ തെറ്റിച്ചു വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്. വേഗം കുറവുള്ള ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും കുതിച്ചെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനും സാധ്യതയുണ്ട്. നടപ്പാതയില്ലാത്തതിനാൽ ബൈപാസ് വഴിയുള്ള കാൽനട യാത്രയും ‌‌‌അത്യന്തം അപകടകരമാ‌ണ്. ലെയിൻ ട്രാഫിക് പാലിക്കണമെന്ന നിർദേശം മോട്ടർ വാഹനവകുപ്പും നൽകിയിട്ടുണ്ട്.

ശ്രദ്ധവേണം സിഗ്നലിൽ
ബൈപാസിലെ ഏക സിഗ്നൽ ജംക്‌ഷൻ പള്ളൂർ സ്പിന്നിങ് മിൽ ഭാഗത്താണ്. ഒരു മിനിറ്റ് വീതം ഇടവിട്ട് വാഹനങ്ങൾ കടത്തിവിടുന്ന തരത്തിലാണ് ഇവിടെ സിഗ്നൽ ക്രമീകരിച്ചിരിക്കുന്നത്.  ബൈപാസിനു കുറുകെ വാഹനങ്ങൾ കടന്നുവരുന്ന ജംക്‌ഷൻ ആയതിനാൽ സിഗ്നൽ ശ്രദ്ധിച്ച് വാഹനം ഓടിച്ചില്ലെങ്കിൽ വൻ ദുരന്തമായിരിക്കും കാത്തിരിക്കുന്നത്. നിരന്തരം അപകടങ്ങൾ സംഭവിച്ചാൽ ബ്ലാക്ക് സ്പോട്ടായി കണക്കാക്കി സിഗ്നൽ ഒഴിവാക്കി ജംക്‌ഷൻ അടയ്ക്കാനുള്ള സാധ്യതയും ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ബൈപാസിൽ യു ടേ‌‌​ൺ സൗകര്യ‌മു​ള്ളത് ഇവിടെ മാത്രമാ‌ണ്.

ക്യാമറകളില്ല
റോഡ് ക്യാമറകൾ ഒന്നുപോലും സ്ഥാപിച്ചിട്ടില്ല എന്നത് ബൈപാസിൽ അമിതവേഗമെടുക്കാൻ ചില ഡ്രൈവർമാർക്ക് ധൈര്യമേകുന്നുണ്ട്. ക്യാമറകൾ സ്ഥാപിക്കാൻ അടിയന്തരമായി ഇടപെടൽ ഉണ്ടായേ തീരൂ. ആദ്യ കുറച്ചു ദിവസങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് പൊലീസിന്റെ സേവനവും ആവശ്യമായി വന്നേക്കും.

വെളിച്ചവുമില്ല
തലശ്ശേരി – മാഹി ബൈപാസിൽ ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത് ടോൾ പ്ലാസയ്ക്ക് സമീപം മാത്രമാണ്. മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെയുള്ള ഭാഗത്ത് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ ഉടൻ വിളിക്കുമെന്ന് ദേശീയപാത വിഭാഗം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com