യുവാക്കൾ ഇരുചക്ര വാഹനങ്ങളിൽ ചീറിപ്പായുന്നു; മാഹി ബൈപാസ് സർവീസ് റോഡിൽ അപകടപരമ്പര
Mail This Article
തലശ്ശേരി∙ മാഹി ബൈപാസിന്റെ സർവീസ് റോഡിൽ തുടർച്ചയായി 3 ദിവസം അപകടം നടന്നു. നെട്ടൂർ ബാലത്തിൽ സർവീസ് റോഡിൽനിന്ന് അഞ്ചരക്കണ്ടി റോഡിലേക്കു കയറുന്നിടത്താണ് അപകടം. ഇന്നലെ ഉച്ചയ്ക്ക് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്കേറ്റു. വടക്കുമ്പാട്ടെ മനോജ് (51), സതി (56), ദേവി (75) എന്നിവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഇതേ സ്ഥലത്ത് സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഗുഡ്സ് ഓട്ടോ ഡ്രൈവർ ഓർക്കാട്ടേരി റൗഫിന് (35) പരുക്കേറ്റിരുന്നു. തിങ്കളാഴ്ചയും ഇവിടെ അപകടമുണ്ടായി.
സർവീസ് റോഡിൽ നിന്ന് വേഗം കുറയ്ക്കാതെ പ്രധാന റോഡിലേക്ക് കയറുന്നതാണ് അപകടങ്ങൾക്കു കാരണമെന്നു പൊലീസ് പറഞ്ഞു.യുവാക്കൾ ഇരുചക്ര വാഹനങ്ങളിൽ ചീറിപ്പായുന്നതും അപകടത്തിനിടയാക്കുന്നതായി പരിസരവാസികൾ പറഞ്ഞു. ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ പൊലീസിന്റെ സേവനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എരഞ്ഞോളി ചോനാടത്തും സമാന സ്ഥിതിയാണ്. നാലുഭാഗത്തേക്കും റോഡുകളുള്ള ഇവിടെ ബൈപാസിൽ നിന്നുള്ള വാഹനങ്ങൾ സർവീസ് റോഡ് വഴി എത്തുമ്പോൾ അപകടസാധ്യതയേറെയാണ്.
ടോൾ പ്ലാസയിലെ തിരക്ക് കുറഞ്ഞു
കണ്ണൂർ ∙ തലശ്ശേരി–മാഹി ബൈപാസിലെ ടോൾ പ്ലാസയിൽ വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നത് ഇന്നലെ കുറഞ്ഞു. രാവിലെ 10 വരെ ടോൾ പ്ലാസയിൽ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നെങ്കിലും അതിനുശേഷം കുറഞ്ഞു. ഉച്ചയ്ക്കുശേഷം തിരക്ക് നന്നേ കുറഞ്ഞു. വൈകിട്ട് 6ന് ശേഷം തിരക്ക് അൽപം കൂടിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ പോലെ വൻ തിരക്ക് ഉണ്ടായില്ല. അതേസമയം ബൈപാസിന്റെ ടോൾ പ്ലാസ ഭാഗത്തുള്ള സർവീസ് റോഡുകളിലൂടെ ഇന്നലെ കൂടുതൽ വാഹനങ്ങൾ കടന്നുപോയി.
ഫാസ്ടാഗില്ലാത്ത വാഹനങ്ങളിൽ നിന്ന് നിന്ന് ടോൾ പിരിക്കാൻ കൂടുതൽ സമയമെടുക്കുന്നതാണ് ഗതാഗതക്കുരുക്കിന് ഒരു കാരണം.ടോൾ പ്ലാസയ്ക്കു സമീപത്തെ ഫാസ്ടാഗ് ഹെൽപ് സെന്ററുകളിൽ ഇപ്പോൾ കൂടുതൽ വാഹനങ്ങൾ എത്തുന്നുണ്ട്. ഫാസ്ടാഗ് ഉള്ള വാഹനങ്ങളുടെ എണ്ണം കൂടിയതായി ടോൾ ശേഖരിക്കുന്ന ഏജൻസി അധികൃതർ പറഞ്ഞു.