ADVERTISEMENT

കണ്ണൂർ∙ എത്ര നിർവീര്യമാക്കിയാലും പൊട്ടിത്തെറിക്കുകയാണു കണ്ണൂരിലെ നാടൻ ബോംബുകൾ. ചോറ്റുപാത്രങ്ങളിലും ഐസ്ക്രീം ബോളുകളിലും വരെ വെടിമരുന്നു കുത്തിനിറച്ചു പൊട്ടിച്ച കക്ഷിരാഷ്ട്രീയം ഇരകളാക്കിയവരിൽ, രക്തസാക്ഷികളെന്നു പറയാൻ പോലുമറിയാത്ത അതിഥിത്തൊഴിലാളികളുണ്ട്. കൈകാലുകൾ നഷ്ടപ്പെട്ടവരിലും കണ്ണു നഷ്ടപ്പെട്ടവരിലും പിഞ്ചു കുഞ്ഞുങ്ങളുണ്ട്. എത്രയൊക്കെ പറഞ്ഞൊഴിഞ്ഞാലും ജില്ലയുടെ ബോംബ് രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നു പ്രമുഖ രാഷ്ട്രീയകക്ഷികൾക്ക് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ല. എതിരാളികളെ നിർവീര്യമാക്കാൻ മാത്രമല്ല, നിശബ്ദരാക്കാനും ബോംബാണു പ്രധാന ആയുധം.

വഴിയിലൂടെ നടന്നോ ബൈക്കിലോ പോകുന്നവരെ ബോംബെറിഞ്ഞു വീഴ്ത്തുക, ആ പുകമറയ്ക്കിടയിൽ വെട്ടിക്കൊലപ്പെടുത്തുകയോ ഗുരുതരമായി പരുക്കേൽപ്പിക്കുകയോ ചെയ്യുക. ഇതാണ്, ജില്ലയിലെ ബോംബ് രാഷ്ട്രീയത്തിന്റെ പ്രത്യേക ആക്‌ഷൻ. തിരഞ്ഞെടുപ്പു കാലം, ബോംബ് തൊഴിലാളികളുടെ ചാകരക്കാലമാണ്. എതിരാളികളെ മാത്രമല്ല, സാധാരണ വോട്ടർമാരെയും ഭയപ്പെടുത്താൻ എതിരാളികളുടെ സ്വാധീന കേന്ദ്രങ്ങളിൽ ബോംബ് സ്ഫോടനങ്ങളുണ്ടാക്കും. അതൊരു മുന്നറിയിപ്പാണ്. അടങ്ങിയിരുന്നോളണം എന്ന ഭീഷണി. ഇതു പാലിച്ചില്ലെങ്കിൽ, വോട്ടെടുപ്പിനു മുൻപോ പിൻപോ ആയി ആ എതിരാളിക്കു നേരെയൊരു ബോംബേറുണ്ടാകുമെന്നുറപ്പ്. ഭാഗ്യമുള്ളവർ രക്ഷപ്പെടുമെന്നു മാത്രം. 

സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ അറിവുള്ളവരല്ല, ഈ നാടൻ ബോംബുണ്ടാക്കുന്നത്. പലപ്പോഴും തീർത്തും അശ്രദ്ധമായാണു നിർമാണം താനും. രാത്രിയുടെ ഏതെങ്കിലും യാമത്തിൽ, പാർട്ടി ഗ്രാമത്തിലെ ഒറ്റപ്പെട്ട വീടുകളിലാണു നിർമാണം. പരിസരം കനത്ത നിരീക്ഷണത്തിലായിരിക്കും. ബോംബുകൾ കൊണ്ടു പരസ്പരം സംസാരിച്ച രണ്ടു പാർട്ടി ഗ്രാമങ്ങളുണ്ട്, കണ്ണൂർ ജില്ലയിൽ. പാട്യം, മൊകേരി പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന പാത്തിപ്പാലം പുഴയുടെ ഇരു കരകളിലുമുള്ള കൊങ്കച്ചിയും കൂരാറയും. പാട്യം പഞ്ചായത്തിലെ പത്തായക്കുന്നും അതിനോടു ചേർന്നുള്ള കൊങ്കച്ചിയും ബിജെപിയുടെ പാർട്ടി ഗ്രാമങ്ങളാണ്. മറുകരയിൽ മൊകേരി പഞ്ചായത്തിലെ സിപിഎം പാർട്ടി ഗ്രാമമായ കൂരാറ. എതിരാളികൾ സ്വന്തം ഗ്രാമത്തിലേക്കു കടന്നുവരരുതെന്ന മുന്നറിയിപ്പ്, ബോംബ് പൊട്ടിച്ചാണു പരസ്പരം കൈമാറിയിരുന്നത്. കൂരാറയിൽ ഒന്നു പൊട്ടിയാൽ, കൊങ്കച്ചിയിൽ രണ്ടെണ്ണം പൊട്ടും. തിരിച്ചും. ഇതായിരുന്നു സ്ഥിതി, വർഷങ്ങളോളം. 

1999ൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.ജയകൃഷ്ണൻ കൊല്ലപ്പെട്ടതിനു ശേഷമാണു സിപിഎമ്മും ബിജെപിയും ശക്തികേന്ദ്രങ്ങളിൽ ബോംബ് നിർമാണം വ്യാപകമാക്കിയത്. ഒരേസമയം 125 നാടൻ ബോംബുകൾ വരെ പിടികൂടിയിട്ടുണ്ട്, ഈ നാട്ടിൽ. പിടിച്ചെടുത്ത ബോംബുകൾ സൂക്ഷിക്കാൻ സ്റ്റേഷനിൽ ഇടമില്ലാതായതോടെ, സ്റ്റേഷന്റെ മുറ്റത്ത് ബോംബ് കുഴിയെടുത്തു, പാനൂർ പൊലീസ്. 3 വർഷം മുൻപു മാത്രമാണു കുഴി മൂടിയത്. ബോംബ് സ്ഫോടനക്കേസുകൾ പലതും തെളിവില്ലാതെ ‘കുഴിച്ചിടുക’യാണു പതിവ്.

നിർമാണത്തിനിടെ പൊട്ടിത്തെറിച്ചാലും എതിരാളികൾ എറിഞ്ഞുവെന്നാകും മൊഴി. സാക്ഷികളുണ്ടാകില്ല. സംഭവ സ്ഥലത്തെ തെളിവു നശിപ്പിക്കലാണ് ആദ്യം നടക്കുക. പൊലീസ് എത്തുമ്പോഴേക്കും പാർട്ടി പ്രവർത്തകർ എല്ലാം വൃത്തിയാക്കി വയ്ക്കും. മഞ്ഞൾ വെള്ളം ഉപയോഗിച്ചു സംഭവ സ്ഥലം കഴുകി വൃത്തിയാക്കിയ സംഭവങ്ങൾ പലതവണയുണ്ടായിട്ടുണ്ട്. തൊണ്ടി സാധനങ്ങളൊന്നും പൊലീസിനു കിട്ടില്ല. പടക്കമെറിഞ്ഞുവെന്ന കേസാണു പലപ്പോഴും ചുമത്തുക. സമീപ കാലത്തുണ്ടായ സ്ഫോടന കേസുകളിലൊന്നും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല. ബോംബുണ്ടാക്കാൻ നിർദേശിച്ചവരിലേക്കോ സ്ഫോടകവസ്തുക്കൾ നൽകിയവരിലേക്കോ അന്വേഷണം എത്താറുമില്ല.  

കുഞ്ഞുങ്ങൾ പോലും...
1998 മുതൽ ഇന്നലെ വരെയുള്ള കണക്കെടുത്താൽ, നിർമാണത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിച്ച് 10 പേരാണു കണ്ണൂരിൽ കൊല്ലപ്പെട്ടത്. നിഷ്കളങ്കരുടെ ജീവനും ജീവിതവുമെടുത്ത്, ചോറ്റുപാത്രങ്ങളിലും സ്റ്റീൽ മൊന്തകളിലും മാത്രമല്ല, ഐസ്ക്രീം ബോളുകളിൽ വരെ ഒളിച്ചിരുന്നു പൊട്ടിത്തെറിച്ചിട്ടുണ്ട് നാടൻ ബോംബ്. ആക്രി പെറുക്കി ജീവിച്ചവർ മുതൽ, പ്ലാസ്റ്റിക് ബോൾ പന്താണെന്നു കരുതി തട്ടിക്കളിച്ച പിഞ്ചു കുഞ്ഞുങ്ങൾ വരെ ഇരകളായിട്ടുമുണ്ട്. 2021ൽ ഇരിട്ടിയിൽ നാടൻ ബോംബ് പന്താണെന്നു കരുതി തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു സാരമായി പരുക്കേറ്റത് അന്ന് അഞ്ചും ഒന്നരയും വയസുള്ള 2 കുട്ടികൾക്കാണ്.  അക്കൊല്ലം നവംബറിൽ പാലയാട് നരിവയലിലെ സമീപം ഡയറ്റ് ലേഡീസ് ഹോസ്റ്റൽ വളപ്പിൽ കളിക്കുന്നതിനിടയിൽ കിട്ടിയ ഐസ്ക്രീം ബോംബ് പന്ത് ആണെന്നു കരുതി എറിഞ്ഞപ്പോൾ പൊട്ടിത്തെറിച്ച് 12 വയസ്സുകാരനു പരുക്കേറ്റു. 

വിവാഹപ്പാർട്ടികളെയും ബോംബ് വിട്ടില്ല. കക്ഷിരാഷ്ട്രീയമില്ലെന്നു പറയുന്നുണ്ടെങ്കിലും വിവാഹ പാർട്ടിക്കു നേരെ തോട്ടടയിലുണ്ടായ ബോംബേറിൽ യുവാവു കൊല്ലപ്പെട്ടതും കണ്ണൂരിൽ തന്നെയാണ്. ആക്രി സാധനങ്ങൾ സൂക്ഷിച്ച വീട്ടിൽ വച്ച് അവ തുറന്നു നോക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 2 അസം സ്വദേശികൾ കൊല്ലപ്പെട്ടതു മട്ടന്നൂരിലാണ്, 2022 ജൂലൈ 5ന്. പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ 3 അസം സ്വദേശികൾക്കു പരുക്കേറ്റിരുന്നു.

തലശേരി കല്ലിക്കണ്ടിയിൽ, 1998ലെ പിറന്നാൾ ദിനത്തിൽ അമാവാസിയെന്ന നാടോടി ബാലന്റെ കൈയും കണ്ണും നഷ്ടപ്പെടുത്തിയതൊരു സ്റ്റീൽ പാത്രമാണ്. റോഡരികിൽ നിന്നു കിട്ടിയ സ്റ്റീൽ പാത്രം തല്ലിപ്പൊട്ടിക്കാൻ ശ്രമിക്കവേ പൊട്ടിത്തെറിക്കുകയായിരുന്നു. അമാവാസി ഇന്ന് പൂർണചന്ദ്രനെന്നു പേരുമാറി, സർക്കാർ ഉദ്യോഗസ്ഥനാണ്. 2000 സെപ്റ്റംബറിൽ ബോംബേറിൽ വലതുകാൽ നഷ്ടപ്പെട്ട അഞ്ചര വയസുകാരി അസ്ന ഇന്ന് ഡോ. അസ്നയാണ്. അസ്നയും പൂർണചന്ദ്രനുമടക്കം കക്ഷിരാഷ്ട്രീയ ബോംബുകളുടെ ജീവിക്കുന്ന ഇരകൾ ഒരുപാടുപേരുണ്ട്. ഒന്നുമൊന്നും കക്ഷിരാഷ്ട്രീയ ബോംബുകളെ നിർവീര്യമാക്കുന്നില്ലെന്നു വ്യക്തമാക്കുകയാണു പാനൂർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com