ബെഞ്ചിൽ കമിഴ്ന്നു കിടക്കും, മരത്തിൽ നെഞ്ചുചാരി കൈകൾ മറുവശത്തേക്കു പിടിക്കും; മരണക്കളിയുടെ രീതി..
Mail This Article
കണ്ണൂർ∙ കുറ്റിക്കാടുകളുടെ മറവിലും വീടിന്റെ പരിസരങ്ങളിലും വീട്ടിലും വരെ ജില്ലയിൽ ബോംബ് നിർമാണം നടക്കുന്നുണ്ട്. മംഗളൂരു, ബെംഗളൂരു, മൈസൂരു, ശിവകാശി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു ജില്ലയിലേക്കു സ്ഫോടകവസ്തുക്കളെത്തുന്നുണ്ട്. ഓൺലൈൻ ആയും സ്ഫോടകവസ്തുക്കളെത്തുന്നു. ചില ക്വാറികളിൽ നിന്നും ഇവർ സ്ഫോടകവസ്തു ശേഖരിക്കുന്നുണ്ട്. ആഘാതവും ശബ്ദവുമൊക്കെ വർധിപ്പിക്കാൻ വേണ്ടി പല തരം ചേരുവകളുപയോഗിക്കുന്നതായും ബോംബ് സ്ക്വാഡ് കണ്ടെത്തിയിട്ടുണ്ട്.
ബോംബെറിഞ്ഞുവെന്ന പരാതിയിൽ പലപ്പോഴും പടക്കമെറിഞ്ഞുവെന്നതിനുള്ള ഐപിസി 286 വകുപ്പ് പ്രകാരമുള്ള കേസാണ് പൊലീസ് റജിസ്റ്റർ ചെയ്യുക. 1000 രൂപ പിഴയോ 6 മാസം തടവോ ലഭിക്കാവുന്നതാണിത്. സ്ഫോടക വസ്തു നിരോധന നിയമം മൂന്ന്, അഞ്ച് വകുപ്പുകൾ പ്രകാരം സ്ഫോടന കേസുകളിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം 10വർഷം വരെ തടവ് ലഭിക്കാവുന്ന കേസ് ചാർജ് ചെയ്യാറുണ്ടെങ്കിലും അവിടെ സാക്ഷികളുടെയും തെളിവിന്റെയും അഭാവം പ്രതികൾ രക്ഷപ്പെടാനിടയാക്കുന്നു.
നിർമാണ രീതി
നിർമാണത്തിനിടെ ബോംബ് പൊട്ടിയാലും പരുക്ക് കൈകൾക്കു മാത്രമേ പറ്റാവൂ എന്ന ചിന്തയിലാണു ബോംബ് നിർമാണം. ബോംബ് വരിഞ്ഞു മുറുക്കുമ്പോഴാണ് സ്ഫോടന സാധ്യതയുള്ളത്. സ്റ്റീൽ ബോംബാണെങ്കിൽ സ്ഫോടക വസ്തു നിറച്ച സ്റ്റീൽ പാത്രത്തിന്റെ മൂടി മുറുക്കുമ്പോഴും പൊട്ടിത്തെറിക്കാം. ഈ പണി ചെയ്യുമ്പോൾ ഏതെങ്കിലും മരത്തിൽ നെഞ്ചു ചാരി ചേർത്തു നിന്ന് കൈകൾ മരത്തിന്റെ മറുവശത്തേക്കു മാറ്റിപ്പിടിച്ചാണു ബോംബ് മുറുക്കുന്നത്. ബെഞ്ചിൽ കമിഴ്ന്നു കിടന്ന് അതിനടിയിലേക്കു കൈകൾ താഴ്ത്തിവച്ച് ബോംബ് മുറുക്കുന്ന ഏർപ്പാടുമുണ്ട്.വെടിമരുന്നും കുപ്പിച്ചില്ലും ആണിയും വെള്ളാരങ്കല്ലും മറ്റും നിറച്ച് ഘർഷണമുണ്ടാകുമ്പോൾ തീപിടിച്ച് പൊട്ടിത്തെറിക്കുന്ന മാതൃകയിൽ നിർമിക്കാറുണ്ട്. സ്ഫോടക വസ്തുക്കൾ നിറച്ച് കട്ടിയുള്ള ചണനൂലുകൊണ്ടു വരിഞ്ഞു കെട്ടിയും ചെറിയ സ്റ്റീൽ പാത്രങ്ങളിൽ നിറച്ച് അതിന്റെ മൂടി ഉറപ്പിച്ചും നാടൻ ബോംബുകൾ ഉണ്ടാക്കുന്നു.
കേസ്
കൊല്ലപ്പെട്ട ഷെറിൻ, പരുക്കേറ്റ വിനീഷ് എന്നിവർക്കെതിരെ സ്ഫോടകവസ്തു നിയമപ്രകാരം, മനുഷ്യജീവനു ഹാനിയുണ്ടാക്കുന്ന തരത്തിൽ സ്ഫോടകവസ്തു നിർമിച്ചതിനു കേസെടുത്തിട്ടുണ്ട്. വിനീഷിനെതിരെ ക്രിമിനൽ കേസുകളടക്കം 6 കേസുകളും ഷെറിനെതിരെ ഒരു കേസുമുണ്ടെന്നും പൊലീസ് അറിയിച്ചു.6 കേസുകളിൽ പ്രതിയാണെന്നതിനാൽ വിനീഷ് ഇന്റലിജൻസിന്റെ നോട്ടപ്പുള്ളിയായിരുന്നു. സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ശക്തമായ പിന്തുണയുണ്ട്. ഇവരാണു വിനീഷിനെ സംരക്ഷിച്ചിരുന്നത്. അതേസമയം, ഒരു വിഭാഗം അംഗീകരിക്കുന്നുമില്ല.ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതടക്കമുള്ള ക്വട്ടേഷൻ ഇടപാടുകളും സ്വർണക്കടത്തു പൊട്ടിക്കലും ഇവരടങ്ങുന്ന സംഘം നടത്തുന്നതായും ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. മരണത്തിനിടയാക്കിയ ബോംബുകൾ എന്തു ലക്ഷ്യം വച്ചാണു നിർമിച്ചതെന്നു വ്യക്തമായിട്ടില്ല. ഷെറിന്റെ മൃതദേഹം ഇന്നു കോഴിക്കോട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിൽ സംസ്കരിക്കും.പരേതനായ എൻ.പി.പുരുഷുവിന്റെയും ശാരദയുടെയും മകനാണ്. സഹോദരൻ: ശരത്ത്.
സ്ഫോടനം നടന്നത് ഒഴിഞ്ഞ സ്ഥലത്ത്
ജനവാസം കുറഞ്ഞ പ്രദേശത്താണ് സ്ഫോടനം നടന്ന വീട്. രാത്രിയിൽ സ്ഫോടനം നടന്നപ്പോൾ പ്രദേശത്തെ കുയിമ്പിൽ പള്ളിയറ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതാണെന്നാണ് കരുതിയത്. അതുകൊണ്ട് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചില്ല. പൊലീസ് എത്തുന്നതിനു മുൻപു തന്നെ പരുക്കേറ്റവരെ കൂത്തുപറമ്പ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. സംഭവ സമയത്ത് 5 പേർ സ്ഥലത്തുണ്ടായിരുന്നു എന്നാണു പൊലീസ് നൽകുന്ന സൂചന.ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫൊറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡിഐജി തോംസൺ ജോസ്, സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ, പാനൂർ പൊലീസ് ഇൻസ്പെക്ടർ കെ.പ്രേംസദൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം വീടും പരിസരവും പരിശോധിച്ചു.