പാനൂർ സ്ഫോടനം: പൊലീസ് അറിയാൻ വൈകി; തെളിവ് നശിപ്പിക്കാൻ 2 മണിക്കൂർ
Mail This Article
കണ്ണൂർ ∙ പാനൂർ മുളിയാത്തോടെ വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടാകുന്നത് വ്യാഴാഴ്ച അർധരാത്രിയാണ്. പാനൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആർ പ്രകാരം രാത്രി പന്ത്രണ്ടരയ്ക്കാണ് സ്ഫോടനം നടന്നത്. എന്നാൽ ഇക്കാര്യം പൊലീസ് അറിയുന്നത് പരുക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷമാണ്.
ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെത്തുടർന്ന് കൂത്തുപറമ്പ് പൊലീസാണ് പാനൂർ പൊലീസിൽ വിളിച്ച് സ്ഫോടനം നടന്നുവെന്ന വിവരം കൈമാറുന്നത്. ഇതിനു ശേഷം പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നതിനിടയിൽ പ്രതികൾക്ക് സ്ഫോടക വസ്തുക്കളും തെളിവുകളും മാറ്റാൻ ലഭിച്ചത് രണ്ടു മണിക്കൂറിലേറെ.
ഇന്നലെ തെളിവെടുപ്പിനിടെ ഷബിൻ ലാൽ പൊലീസിനോടു പറഞ്ഞ കാര്യങ്ങളും ഇക്കാര്യങ്ങൾ ശരിവയ്ക്കുന്നതാണ്.സ്ഫോടന സമയത്ത് വീടിന്റെ താഴത്തെ നിലയിലായിരുന്നവർക്ക് പരുക്കേറ്റിട്ടില്ല. നിർമാണം പൂർത്തിയാക്കിയ ബോംബുകൾ വീടിന്റെ താഴത്തെ നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. സ്ഫോടന ശേഷം ഷബിൻ ലാലാണ് ബോംബുകൾ ഒളിപ്പിച്ചത്. ഇങ്ങനെ സമീപത്തെ കുറ്റിക്കാട്ടിലും മതിലിലുമായി ഒളിപ്പിച്ച 7 സ്റ്റീൽ ബോംബുകളാണ് ഇന്നലെ കണ്ടെടുത്തത്. കഴിഞ്ഞ ദിവസവും വീടിന്റെ പരിസരത്ത് ബക്കറ്റിൽ സൂക്ഷിച്ചിരുന്ന ബോംബുകൾ കണ്ടെടുത്ത് പൊലീസ് നിർവീര്യമാക്കിയിരുന്നു.