പുതിയ ദേശീയപാത നിർമിക്കുമ്പോൾ പഴയ ദേശീയപാത നാട്ടുകാർക്കും യാത്രക്കാർക്കും ‘പണിയാകുന്നു’
Mail This Article
കണ്ണൂർ ∙ സുരക്ഷാസംവിധാനങ്ങളോ അറ്റകുറ്റപ്പണിയോ ഇല്ലാതെ പഴയ ദേശീയപാത. പഴയ ദേശീയപാതയുടെ അറ്റകുറ്റപ്പണിയടക്കമുള്ള എല്ലാ ചുമതലകളും അതത് സ്ഥലങ്ങളിൽ പുതിയ ദേശീയപാത നിർമിക്കുന്ന കരാറുകാരനു ദേശീയപാത അതോറിറ്റി കൈമാറിയിട്ടുണ്ട്. ഇതു പാലിക്കുന്നില്ലെന്നാണ് പരാതി. ജില്ലയിലെ നഗരങ്ങളിൽനിന്നും ടൗണുകളിൽ നിന്നും മാറിയാണ് പുതിയ ദേശീയപാത നിർമിക്കുന്നത്. നഗരങ്ങളിലൂടെയും ടൗണുകളിലൂടെയും കടന്നുപോകുന്ന പഴയ ദേശീയപാതയുമായി ബന്ധപ്പെട്ട സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്നും സമയാസമയങ്ങളിലുള്ള അറ്റകുറ്റപ്പണി നടക്കുന്നില്ലെന്നുമാണ് പരാതി.
കണ്ണൂർ നഗര ദേശീയപാതയിൽ പുതിയതെരു മുതൽ താഴെചൊവ്വ വരെ ഡിവൈഡർ നിർമിച്ചിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും വാഹനങ്ങളിടിച്ചും കാലപ്പഴക്കത്താലും ഡിവൈഡറുകൾ തകർന്നുകിടക്കുകയാണെന്നു മാത്രമല്ല, രാത്രി സമയങ്ങളിൽ ഡിവൈഡറുകൾ തിരിച്ചറിയാൻ വേണ്ടി സ്ഥാപിച്ചിരുന്ന സിഗ്നൽ സംവിധാനങ്ങളും തകർന്ന നിലയിലാണ്. ഡിവൈഡറുകളിൽ അടിച്ചിരുന്ന റിഫ്ലെക്ടർ പെയിന്റുകളും മങ്ങി. രാത്രി ഡിവൈഡർ തിരിച്ചറിയാൻ കഴിയാതെ വാഹനങ്ങൾ അപകടത്തിൽപെടുന്നതു പതിവാണ്.
തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ ഉൾപ്പെടെ, മറ്റു നഗരങ്ങളിലൂടെയും ടൗണുകളിലൂടെയും കടന്നുപോകുന്ന പഴയ ദേശീയപാതയുടെ അവസ്ഥയും വ്യത്യസ്തമല്ല. ദേശീയപാതാ അതോറിറ്റിക്കാണ് പഴയ ദേശീയപാതയുടെയും ചുമതല എന്നാണ് സംസ്ഥാന ദേശീയപാത – പൊതുമരാമത്ത് വകുപ്പിന്റെ മറുപടി. പുതിയ ദേശീയപാത നിർമിക്കുന്ന കരാർ ഏജൻസികളും എൻജിനീയർമാരും ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ് എന്നതിനാൽ പരാതിപ്പെടാനുള്ള പരിമിതിയുമേറെ.
ദേശീയപാത അതോറിറ്റി അധികൃതരോട് പരാതിപ്പെടണമെങ്കിൽ തിരുവനന്തപുരത്തു പോകണം. സംസ്ഥാനത്ത് ദേശീയപാതാ അതോറിറ്റിയുടെ റീജനൽ ഓഫിസ് തിരുവനന്തപുരത്തു മാത്രമാണുള്ളത്. പുതിയ ദേശീയപാതയുടെ നിർമാണം പൂർത്തിയായാലേ, പഴയ ദേശീയപാതയെ സംസ്ഥാനപാതയായി പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന് കൈമാറൂ. അതുവരെ പഴയ ദേശീയപാതയിലെ സുരക്ഷാപ്രശ്നങ്ങളും യാത്രാക്ലേശവും യാത്രക്കാർ സഹിക്കേണ്ടിവരും! ഈ അവസ്ഥ മാറാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.