‘റിവേഴ്സ് ഗിയറിൽ’ കാട്ടുകൊമ്പൻ; കൊമ്പ് നിലത്ത് ആഞ്ഞുകുത്തി കാട്ടിലേക്കു മടക്കം
Mail This Article
ബത്തേരി∙ കാടും നാടും വേർതിരിച്ചു നിർമിച്ച റെയിൽപാളവേലി മരം വീണ് തകർന്നപ്പോൾ കാട്ടിലേക്കു തിരിച്ചു പോകാനാകാതെ നാട്ടിൽ കുടുങ്ങി കാട്ടുകൊമ്പൻ. ഒടുവിൽ 2 കിലോമീറ്റർ മാറി നാട്ടുകാരും വനപാലകരും ചേർന്ന് റെയിൽപാള വേലിക്കിടയിലെ ഗേറ്റ് തുറന്നു നൽകി. തുറന്നിട്ട ഗേറ്റും കഴിഞ്ഞ് 200 മീറ്ററോളം മുന്നോട്ടു നടന്നു പോയ ആന പൊടുന്നനെ അത്രയും ദൂരം പിന്നോട്ട് നടന്ന് തുറന്ന ഗേറ്റിലൂടെ കാട്ടിനകത്തേക്ക് കയറി. പിന്നോട്ട് നടന്നു വന്ന ആന ഗേറ്റ് കടക്കാൻ നേരം മുന്നോട്ട് കുതിച്ച് കൊമ്പ് മണ്ണിൽ ആഞ്ഞു കുത്തിയ ശേഷം വീണ്ടും പിന്നോട്ട് നടന്നാണ് കാട്ടിൽ കയറിയത്. ഇന്നലെ പകൽ പതിനൊന്നരയോടെ ചപ്പക്കൊല്ലിയിലായിരുന്നു സംഭവം.
വാകേരിയിൽ വാലി എസ്റ്റേറ്റിനോടു ചേർന്നുള്ള വനാതിർത്തിയിൽ മരം വീണ് കഴിഞ്ഞ ദിവസം റെയിൽപാള വേലി തകർന്നിരുന്നു. എസ്റ്റേറ്റ് അധികൃതർ പിന്നീടത് നന്നാക്കി. പൊളിഞ്ഞു കിടന്ന സമയത്താകണം കാട്ടു കൊമ്പൻ അതു വഴി നാട്ടിലേക്കിറങ്ങിയത്. എന്നാൽ പിന്നീട് തിരിക കയറാൻ ചെന്നപ്പോഴേക്കും വേലി പുന:സ്ഥാപിച്ചിരുന്നു. ജനവാസ കേന്ദ്രത്തോട് അതിർത്തി പങ്കിടാതെ കാട്ടിൽ കൂടി വേലി കടന്നു പോകുന്ന ഭാഗങ്ങളുണ്ട്. പുറത്തിറങ്ങിയ ആന വഴിയടഞ്ഞതോടെ അത്തരം സ്ഥലങ്ങളിലാണ് ആദ്യം തമ്പടിച്ചത്. എന്നാൽ പിന്നീട് കാട്ടിൽ കയറാൻ കഴിയാതായതോടെ വേലിയോട് ചേർന്ന് തുറന്ന ഭാഗം നോക്കി 2 കിലോമീറ്ററോളം നടന്നു. ഇടയ്ക്ക് ആന റോഡിലേക്കും കയറി നടന്നു. അപ്പോഴാണ് നാട്ടുകാർ കാട്ടാനയെ കാണുന്നത്. ചപ്പക്കൊല്ലിയിൽ അങ്കണവാടി സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് ആന വേലിക്കരികിലൂടെ വരുന്നുണ്ടെന്നറിഞ്ഞ നാട്ടുകാർ വനപാലകരെ വിവരമറിയിച്ചു. തുടർന്നാണ് അവരുടെ നിർദേശപ്രകാരം ചപ്പക്കൊല്ലയിലെ ഇരുമ്പു ഗേറ്റ് തുറന്നിട്ടത്. താക്കോൽ കാണാഞ്ഞ് പൂട്ടു പൊളിച്ചാണ് ഗേറ്റ് തുറന്നത്. അങ്കണവാടിയുടെ തൊട്ടടുത്തേക്ക് കാട്ടാന എത്തിയില്ല.
നടന്നു വരുന്നതിനിടെ ആന റെയിൽപാള വേലിയുടെ തൂണുകൾ തട്ടി നോക്കുന്നുണ്ടായിരുന്നു. ഇളകിയവ ഉണ്ടെങ്കിൽ മറിച്ചിട്ട് അതുവഴി കടക്കാമെന്ന് കരുതിയിരിക്കണം. ചപ്പക്കൊല്ലി ഭാഗത്ത് എത്തിയ ആന തുറന്ന ഗേറ്റിലൂടെ ആദ്യം കാട്ടിലേക്ക് കയറിയില്ല.200 മീറ്റർ കൂടി മുന്നോട്ടു പോയി. തുടർന്ന് ‘റിവേഴ്സ് ഗിയർ’ ഇട്ടെന്ന പോലെ പിന്നോട്ട് നടക്കുകയായിരുന്നു ആന. ഗേറ്റിനടുത്തെത്തിയപ്പോൾ മുന്നോട്ട് തിരിഞ്ഞ് ചാർജ് ചെയ്യുന്ന രീതിയിൽ മൂന്നിലേക്ക് കുതിച്ച് മണ്ണിൽ രണ്ടു കൊമ്പുകളും ആഞ്ഞു കുത്തി. ദൂരെ മാറി റോഡിനോടു ചേർന്നു നിന്നിരുന്ന ആളുകളെ ഭയപ്പെടുത്താനാകണം മണ്ണിൽ കുത്തിയത്. തുടർന്ന് തുറന്നിട്ട ഗേറ്റിലൂടെ പിന്നോട്ട് നടന്ന് കാട്ടിലേക്ക് കയറി. റോഡരുകിൽ നിന്ന് ആളുകൾ ഒച്ചയുണ്ടാക്കിയതോടെ ആന ഉൾക്കാട്ടിലേക്ക് പോയി.