ADVERTISEMENT

കണ്ണൂർ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ ഒരു വർഷത്തിനിടെ വിവിധ വാണിജ്യ–വ്യവസായ സ്ഥാപനങ്ങൾ തേടിയെത്തിയത് ആറായിരത്തിലധികം ഉദ്യോഗാർഥികളെ. അവർക്കു ലഭിച്ചതാകട്ടെ 687 പേരെയും! എല്ലാ വർഷവും ആയിരക്കണക്കിനു യുവാക്കൾ ജില്ലയിൽ നിന്നു വിവിധ കോഴ്സുകൾ കഴിഞ്ഞിറങ്ങുന്നുണ്ടെങ്കിലും അതിൽ 10% പേർ പോലും ജില്ലയിൽ ജോലി ചെയ്യാൻ തയാറാകുന്നില്ല. ഒന്നെങ്കിൽ ഉപരിപഠനത്തിനു പോകും. അല്ലെങ്കിൽ കൊച്ചി, ബെംഗളൂരു പോലെയുള്ള സിറ്റികളിലേക്കു ജോലിക്കായി ചേക്കേറും. ജില്ലയിൽ തൊഴിലവസരങ്ങളുടെ പെരുമഴയായിട്ടും ആളെ കിട്ടാനില്ലാത്ത അവസ്ഥ.

ഒരു വർഷത്തിനിടെ ജില്ലാ എംപ്ലോയബിലിറ്റി സെന്റർ 36 തൊഴിൽമേളകളാണ് കണ്ണൂരിൽ നടത്തിയത്. അതിലെല്ലാം പങ്കെടുത്ത 90 സ്ഥാപനങ്ങളിൽ ആറായിരത്തിലധികം തൊഴിവസരങ്ങളുണ്ടായിരുന്നു. മെഡിക്കൽ, പാരാ മെഡിക്കൽ, അധ്യാപനം, അക്കൗണ്ടിങ്, ഓട്ടമൊബീൽ (ഇലക്ട്രിക്, മെക്കാനിക്കൽ), ഓഫിസ് അഡ്മിനിസ്ട്രേഷൻ, ഹോട്ടൽ മാനേജ്മെന്റ് എന്നിങ്ങനെ മിക്ക മേഖലയിലേക്കും ആളെ ആവശ്യമുണ്ടായിരുന്നു. കണ്ണൂർ ജില്ലയിലെയും മംഗളൂരുവിലെയും സ്ഥാപനങ്ങളാണ് ഉദ്യോഗാർഥികളെ തേടിയെത്തിയിരുന്നത്. 1600 ഉദ്യോഗാർഥികളാണ് അഭിമുഖത്തിനെത്തിയിരുന്നത്. അതിൽ 687 പേർക്കു ജോലി ലഭിച്ചു. 

ആവശ്യത്തിന് ആളെ ലഭിക്കാതായതോടെ കമ്പനികളെല്ലാം മറ്റു ജില്ലകളിലേക്ക് പോകുകയായിരുന്നു. പത്താം ക്ലാസ് ജയിച്ചവർ മുതൽ എൻജിനീയറിങ് കഴിഞ്ഞവരെ വരെ കമ്പനികൾക്ക് ആവശ്യമുണ്ടായിരുന്നു. ഉദ്യോഗാർഥികളെ ലഭിക്കാത്തതിനു പുറമേ, അഭിമുഖങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് ആശയവിനിമയ കഴിവില്ലാത്തതും ഇംഗ്ലിഷ് കൈകാര്യം ചെയ്യാൻ അറിയാത്തതും സ്ഥാപനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അഭിമുഖത്തിനെത്തിയ പകുതിയിലേറെ പേർ പരാജയപ്പെടാൻ കാരണം ആശയവിനിമയപാടവം ഇല്ലാത്തതായിരുന്നു.

സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉദ്യോഗാർഥികളെ കണ്ടെത്താൻ വേണ്ടിയാണ് എംപ്ലോയബിലിറ്റി സെന്റർ തൊഴിൽമേള നടത്തുന്നത്. ഇതുകൂടാതെ കമ്പനികൾ ആവശ്യപ്പെടുന്ന തരം ഉദ്യോഗാർഥികൾക്കായി പ്രത്യേകം അഭിമുഖം നടത്താനും സിവിൽ സ്റ്റേഷനിലുള്ള ഓഫിസിൽ സൗകര്യമുണ്ട്. അങ്ങനെയെത്തുന്ന പല സ്ഥാപനങ്ങൾക്കും ആവശ്യത്തിന് ആളെ ലഭിക്കാറില്ല. ജാ‍ർഖണ്ഡിൽ മലയാളികൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് രണ്ടുമാസം മുൻപ് അധ്യാപകരെ തേടിയിരുന്നെങ്കിലും ആവശ്യത്തിന് ആളെ കിട്ടിയിരുന്നില്ല. 25,000–40,000 രൂപയായിരുന്നു ശമ്പളം. സയൻസ് വിഷയത്തിലേക്കുള്ള അധ്യാപകരെയാണു ലഭിക്കാതിരുന്നത്. 

പേര് റജിസ്റ്റർ ചെയ്യാം
ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ ഉദ്യോഗാർഥികൾക്ക് പേരു റജിസ്റ്റർ ചെയ്യാം. 250 രൂപയാണ് ഫീസ്. ഒരു തവണ റജിസ്റ്റർ ചെയ്താൽ മതി. ഉദ്യോഗാർഥികളെ ആവശ്യമുള്ള കമ്പനികൾക്ക് 1000 രൂപ നൽകി റജിസ്റ്റർ ചെയ്യാം. ആവശ്യത്തിനു യോഗ്യതയുള്ളവരുടെ അഭിമുഖം നടത്താൻ ഇവിടെ സൗകര്യമുണ്ടായിരിക്കും. സെന്റർ നടത്തുന്ന തൊഴിൽമേളകളിലും പങ്കെടുക്കാം. റജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് സെന്ററിൽ ആശയവിനിമയം, ഇംഗ്ലിഷ്, കംപ്യൂട്ടർ പഠനം  എന്നിവയിൽ സൗജന്യ പരിശീലനം നൽകും. 04972707610, 6282942066

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com