സ്ഥിരം സഞ്ചരിക്കുന്ന ബൈക്കിൽ പെരുമ്പാമ്പിൻകുഞ്ഞ്; ഞെട്ടലിൽ അനുരംഗ്
Mail This Article
കണ്ണൂർ∙ സ്ഥിരം സഞ്ചരിക്കുന്ന ബൈക്കിൽ പെരുമ്പാമ്പിനെ കണ്ട ഞെട്ടലിലാണ് മുണ്ടയാട് അതിരകം സ്വദേശി അനുരംഗ്. ഇന്നലെ രാവിലെ 9.30ഓടെ കലക്ടറേറ്റ് പോസ്റ്റ് ഓഫിസിന് സമീപമാണ് സംഭവം. കലക്ടറേറ്റിലെ ജീവനക്കാരനായ അനുരംഗ് വീട്ടിൽ നിന്ന് കണ്ണൂരിലെത്തി കലക്ടറേറ്റ് കോംപൗണ്ടിൽ വണ്ടി നിർത്തിയിട്ടു. പൊലൂഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതിനാൽ സർട്ടിഫിക്കറ്റ് പുതുക്കാൻ വേണ്ടി പഴയ സർട്ടിഫിക്കറ്റ് പരിശോധിക്കുമ്പോഴാണ് ബൈക്കിൽ അനക്കം ശ്രദ്ധയിൽപ്പെട്ടത്. സൂക്ഷിച്ച് നോക്കിയപ്പോൾ പാമ്പാണെന്ന് വ്യക്തമായി.
ഉടനെ പൊലീസിനെയും വനംവകുപ്പിനെയും അറിയിച്ചു. അപ്പോഴേക്കും വിവരം അറിഞ്ഞ് ബൈക്കിന് ചുറ്റും ആളുകളായി. ഇതിനിടെ വനം വകുപ്പ് റസ്ക്യൂ ടീം അംഗം ഷൈജിത്ത് പുതിയപുരയിൽ എത്തി. ബൈക്കിന്റെ സീറ്റിനുള്ളിൽ സുരക്ഷിത സ്ഥാനം കണ്ടെത്തി കഴിയുകയായിരുന്ന പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടി ആശങ്കയ്ക്കു വിരാമമിട്ടു. രണ്ടാഴ്ച്ച പ്രായമുള്ള പാമ്പാണ് സീറ്റിനുള്ളിലുണ്ടായത്. മഴക്കാലത്തിനൊപ്പം പാമ്പിൻ മുട്ട വിരിയുന്ന കാലം കൂടിയായതിനാൽ പാമ്പുകൾക്കെതിരെ ജനം അതീവജാഗ്രത പുലർത്തണമെന്നു ഷൈജിത്ത് പുതിയപുരയിൽ പറഞ്ഞു. വാഹനങ്ങൾ, ഹെൽമറ്റ്, ഷൂസ്, ചെരുപ്പ്, വിറക് പുര എന്നിവ പാമ്പുകൾ സുരക്ഷിത താവളമാക്കുമെന്നതിനാൽ ശ്രദ്ധവേണമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.