ജീവനുതുല്യം സ്നേഹിച്ച പശുക്കൾ നൽകിയ മുന്നറിയിപ്പ്; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Mail This Article
പരിയാരം ∙ ജീവനുതുല്യം സ്നേഹിച്ച പശുക്കൾ നൽകിയ മുന്നറിയിപ്പാണ് ബാബുവിന്റെയും ലീലയുടെയും ജീവൻ കാത്തത്. അവർ അലറിക്കരഞ്ഞില്ലായിരുന്നെങ്കിൽ വെള്ളം ഇരമ്പിയെത്തുമ്പോൾ വീട്ടിനുള്ളിലായിരുന്നേനെ ഇരുവരും. വീടു തകർന്നതിന്റെ സങ്കടവും പരുക്കിന്റെ വേദനയുമെല്ലാം അലട്ടുമ്പോഴും മക്കളെപ്പോലെ സ്നേഹിച്ച പശുവും കുട്ടികളും ജീവൻ കാത്തല്ലോ എന്ന ആശ്വാസത്തിലാണ് ഇരുവരും. മക്കളില്ലാത്ത ഇരുവർക്കും മാളുപ്പശുവായിരുന്നു മകൾ. അവളുടെ മക്കളായ കണ്ണനും അമ്പാടിയും പേരക്കുട്ടികളും.
ഇന്നലെ നേരം പുലരും മുൻപേ, പതിവില്ലാതെ തൊഴുത്തിൽ നിന്ന് മാളുവും കണ്ണനും അമ്പാടിയും വല്ലാതെ കരയുന്നതു കേട്ടാണ് ബാബുവും ലീലയും ഞെട്ടിയുണർന്നത്. ലീല തൊഴുത്തിലേക്ക് പോയി നോക്കിയെങ്കിലും പ്രത്യേകിച്ച് ഒന്നും ശ്രദ്ധയിൽപ്പെട്ടില്ല. കറവ നടത്തിയേക്കാമെന്നു കരുതി തൊഴുത്തിൽ നിന്നു മാളുവിനെ അഴിച്ചു മാറ്റിക്കെട്ടാനായി പുറത്തേക്കിറങ്ങുമ്പോഴാണ് ശക്തമായ കാറ്റുവീശുന്ന ശബ്ദം കേട്ടത്. ഉടൻ ഭർത്താവിനെ വിളിക്കുകയും ചെയ്തു. അപ്പോഴാണ് തിരമാലകണക്കെ വെള്ളം കുതിച്ചെത്തിയത്.
ചെളിയും കല്ലും കലർന്ന വെള്ളത്തിന്റെ തള്ളിച്ചയിൽ നിലത്തുവീണുപോയ ലീല നിമിഷങ്ങൾകൊണ്ട് മീറ്ററുകളോളം താഴേക്ക് കുത്തിയൊഴുകി. രണ്ടു മരങ്ങളിൽത്തട്ടി നിന്നതാണ് രക്ഷയായത്. ഭാര്യ ലീലയുടെ ഉച്ചത്തിലുള്ള വിളികേട്ട് പറമ്പിലേക്ക് ഇറങ്ങിയപ്പോൾ സൂനാമി പോലെ വെള്ളം വരുന്നതാണ് കണ്ടതെന്നു ബാബു പറഞ്ഞു. വെള്ളവും ചെളിയും ദേഹത്ത് തട്ടി നിലത്തു വീണു. കുറച്ചുസമയം കഴിഞ്ഞപ്പോഴേക്കും വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു. എഴുന്നേറ്റ് ഭാര്യ ലീലയെ നേക്കിയപ്പോൾ കാണുന്നില്ലായിരുന്നു. പിന്നീടാണ് കുറച്ചു താഴെ മരത്തിൽ തട്ടി കിടക്കുന്നതു കണ്ടത്.
നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടിയ ലീലയുടെ പരുക്കുകൾ ഗുരുതരമല്ലാത്തതിനാൽ വൈകിട്ടോടെ ആശുപത്രി വിട്ടു. തിരിച്ചുപോകാൻ വീടില്ലാത്തതിനാൽ ബന്ധുവീട്ടിലേക്കാണ് മടക്കം. പശുക്കുട്ടി അമ്പാടിക്കു പ്രായം രണ്ടാഴ്ചയേയുള്ളൂ. അവൾക്കും പരുക്കുണ്ട്. അതോർക്കുമ്പോൾ ഇരുവരുടെയും മുഖത്ത് സങ്കടം