നവീൻ ബാബുവിന്റെ ആത്മഹത്യ: ഒന്നും സംഭവിക്കാതെ ഒരാഴ്ച; ദിവ്യയെ തിരയാതെ പൊലീസ്
Mail This Article
കണ്ണൂർ ∙ അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്കു നയിച്ച, കലക്ടറേറ്റിലെ വിവാദ യാത്രയയപ്പു നടന്നിട്ട് ഇന്നേക്ക് ഒരാഴ്ച. എഡിഎമ്മിന്റെ ആത്മഹത്യയ്ക്കു കാരണമായതു യാത്രയയപ്പു യോഗത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ അധിക്ഷേപ വാക്കുകളാണെന്ന പരാതി നിലനിൽക്കെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസ് എടുത്തതല്ലാതെ അറസ്റ്റ് ചെയ്യാൻ രാഷ്ട്രീയ സമ്മർദം കാരണം പൊലീസിനായിട്ടില്ല. 14 തിങ്കൾ വൈകിട്ട് 3.30ന് തുടങ്ങിയ യാത്രയയപ്പ് യോഗം മുതൽ ഇന്നലെ വരെയുള്ള നാൾവഴികളിലൂടെ.
ഒക്ടോബർ 14 തിങ്കൾ
എഡിഎം കെ.നവീൻ ബാബുവിന് കലക്ടറേറ്റിലെ റവന്യു സ്റ്റാഫ് കൗൺസിലിന്റെ യാത്രയയപ്പ് ഉച്ചകഴിഞ്ഞ് 3.30ന്. 4ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ക്ഷണിക്കാതെയെത്തി എഡിഎമ്മിനെ അധിക്ഷേപിച്ചു സംസാരിക്കുന്നു.
ഒക്ടോബർ 15 ചൊവ്വ
പുലർച്ചെ 5.17ന് ചെങ്ങന്നൂരിൽ നവീൻ ബാബു ഇറങ്ങിയില്ലെന്നുകണ്ട് ബന്ധു അദ്ദേഹത്തിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ വിവരമറിയിച്ചു. എഡിഎമ്മിന്റെ ഡ്രൈവർ എം.ഷംസുദ്ദീൻ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലെത്തിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കാണുന്നു. ഡ്രൈവറുടെ പരാതിയിൽ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുന്നു. ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു ടൗൺ പൊലീസിൽ രാത്രി പരാതി നൽകുന്നു.
ഒക്ടോബർ 16 ബുധൻ
പുലർച്ചെ 12.40ന് മൃതദേഹം പത്തനംതിട്ട മലയാലപ്പുഴയിലേക്കു കൊണ്ടുപോയി. മരണം സംബന്ധിച്ച് കലക്ടർ അരുൺ കെ.വിജയൻ റവന്യു മന്ത്രി കെ.രാജന് പ്രാഥമിക റിപ്പോർട്ട് നൽകി. ദിവ്യയെ വിമർശിച്ചും നവീൻ ബാബു നല്ല ഉദ്യോഗസ്ഥാനാണെന്നു പറഞ്ഞും മന്ത്രി കെ.രാജൻ രംഗത്തെത്തുന്നു.
ഒക്ടോബർ 17 വ്യാഴം
നവീൻ ബാബുവിന്റെ മൃതദേഹം മലയാലപ്പുഴയിലെ കാരുവള്ളിൽ വീട്ടിലെത്തിച്ചു. 3.45ന് സംസ്കാരം.
ഒക്ടോബർ 18 വെള്ളി
ആത്മഹത്യാപ്രേരണക്കുറ്റം നേരിടുന്ന പി.പി.ദിവ്യ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുന്നു. കലക്ടർ അരുൺ കെ.വിജയൻ ക്ഷണിച്ചതനുസരിച്ചാണു താൻ യാത്രയയപ്പു സമ്മേളനത്തിൽ പങ്കെടുത്തതെന്ന് ദിവ്യ ഹർജിയിൽ പറഞ്ഞു. കലക്ടറുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ആവശ്യപ്പെടുന്നു.
ഒക്ടോബർ 19 ശനി
നവീൻ ബാബുവിന്റെ മരണശേഷം കലക്ടർ അരുൺ കെ.വിജയൻ ആദ്യമായി ഓഫിസിലെത്തുന്നു. യാത്രയയപ്പു ചടങ്ങിലേക്കു താൻ ദിവ്യയെ ക്ഷണിച്ചില്ലെന്ന് കലക്ടർ മാധ്യമങ്ങളോടു പറയുന്നു. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത കലക്ടറിൽനിന്നും ജീവനക്കാരിൽനിന്നും മൊഴിയെടുത്തു.
ഒക്ടോബർ 20 ഞായർ
നവീൻ ബാബുവിന്റെ ആത്മഹത്യ നടന്ന് 6 ദിവസം കഴിഞ്ഞിട്ടും ദിവ്യ എവിടെയെന്ന് അവ്യക്തം. സമൂഹ മാധ്യമങ്ങളിലൂടെ കുടുംബത്തെ അപമാനിക്കുന്നുവെന്ന പി.പി.ദിവ്യയുടെ ഭർത്താവ് വി.പി.അജിത്തിന്റെ പരാതിയിൽ കണ്ണപുരം പൊലീസ് കേസെടുത്തു. ദിവ്യയുടെ ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തിയിട്ടും ദിവ്യയെ അന്വേഷിക്കാതെ പൊലീസ്.