നവീൻ ബാബു– പ്രശാന്ത് കൂടിക്കാഴ്ച; ദൃശ്യങ്ങൾ ചോർന്നത് അന്വേഷിക്കണമെന്ന് ആവശ്യം
Mail This Article
കണ്ണൂർ ∙ ടി.വി.പ്രശാന്തും എഡിഎം കെ.നവീൻ ബാബുവും തമ്മിൽ കാണുന്ന സിസിടിവി ദൃശ്യം പൊലീസ് ചോർത്തിയെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോർപറേഷൻ പള്ളിക്കുന്ന് ഡിവിഷൻ കൗൺസിലർ വി.കെ.ഷൈജു ഡിജിപിക്ക് പരാതി നൽകി. പള്ളിക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂൾ കവാടത്തിലെ കാമറയിൽനിന്നുള്ള ദൃശ്യങ്ങൾ പൊലീസ് സ്കൂളിൽനിന്ന് കോപ്പി ചെയ്തത് എഡിഎമ്മിന്റെ മരിച്ച് നാലാം ദിവസമാണ്. ഇതിനു മുൻപേ ദൃശ്യങ്ങൾ സ്കൂളിലെ കംപ്യൂട്ടറിൽ പ്ലേ ചെയ്ത് പൊലീസ് മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളാണ് ചാനലുകളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിച്ചത്.
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്ക്ക് അനുകൂലമായി പൊതുബോധം രൂപപ്പെടുത്താനും എഡിഎമ്മിനെ തെറ്റുകാരനായി ചിത്രീകരിക്കാനുമാണ് ദൃശ്യം പൊലീസ് ചോർത്തിയതെന്ന് ഷൈജു ആരോപിച്ചു. അന്വേഷണം വഴിതിരിച്ചുവിടാനാണ് പൊലീസ് ദൃശ്യങ്ങൾ ഉപയോഗിച്ചത്. സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽനിന്നും പൊലീസ് ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതും ചോർന്നിട്ടുണ്ടെന്ന് ഷൈജു പറഞ്ഞു.