ADVERTISEMENT

കൊയിലാണ്ടി∙ എടിഎമ്മിൽ നിറയ്ക്കാനുള്ള പണം ‘തട്ടിയെടുത്ത’ സംഭവത്തിനു പിന്നിൽ നടന്നത് ദിവസങ്ങളുടെ ആസൂത്രണം. മുൻകൂട്ടി തയാറാക്കിയ തിരക്കഥ പ്രകാരമാണ് സുഹൈലും കൂട്ടുപ്രതികളും ഇതിനിറങ്ങിയത്. മുഖ്യ ആസൂത്രകൻ സുഹൈൽ ആയിരുന്നു. സുഹൃത്തുക്കളായ താഹയെയും യാസറിനെയും കൂടെക്കൂട്ടി. ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത പ്രതികളെ കുടുക്കിയത് പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ്. സംഭവം നടന്ന ഉടനെ കേസ് അന്വേഷണത്തിനായി റൂറൽ ജില്ല പൊലീസ് മേധാവി പി.നിധിൻ രാജ് അന്വേഷണ സംഘത്തിന് രൂപം നൽകി. വടകര ഡിവൈഎസ്പി ആർ.ഹരിപ്രസാദിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്ഐ ജിജേഷ്, എസ്ഐ ഷാജി, എസ്ഐ ബിനീഷ്, എസ്ഐ മനോജ് രാമത്ത് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.

ഫോൺ ഇല്ലാത്തത് വെല്ലുവിളി
പ്രതികൾ കൃത്യം നടത്തുന്ന സമയത്ത് ഫോൺ ഉപയോഗിക്കാത്തതു പൊലീസിന് വെല്ലുവിളിയായിരുന്നു. സുഹൈലിന്റെ പരാതി വ്യാജമെന്നു മനസ്സിലാക്കിയ പൊലീസ് അന്വേഷണം ഊർജിതമാക്കി. പയ്യോളി, കൊയിലാണ്ടി, അരിക്കുളം, കുരുടിമുക്ക്, എലത്തൂർ, കോഴിക്കോട് നഗരം എന്നിവിടങ്ങളിലെ മുഴുവൻ നിരീക്ഷണ ക്യാമറകളും പൊലീസ് പരിശോധിച്ചു. നിരീക്ഷണ ക്യാമറകളിൽ നിന്നു കാറുകളുടെ വിവരങ്ങൾ ശേഖരിച്ചു. ഇതിനിടെയാണ് താഹയുടെ ഉടമസ്ഥതയിലുള്ള കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. നിരീക്ഷണ ക്യാമറയിൽ കാറിന്റെ നിറവും നമ്പറും വ്യക്തമായിരുന്നില്ല. ഈ കാറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് താഹയെ വടകരയിൽ നിന്നു പൊലീസ് പിടികൂടുന്നത്. അഞ്ഞൂറോളം നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാണ് പൊലീസ് അന്വേഷണം മുന്നേറിയത്.

മുതലെടുത്തത് സുരക്ഷാവീഴ്ച 
ഇന്ത്യ വൺ എടിഎമ്മുകളിലേക്ക് ഏജൻസി സുരക്ഷയില്ലാതെ പണം കൊണ്ടു വരുന്നത് മുതലെടുത്താണ് പ്രതികൾ കവർച്ച നടത്തിയത്. സുഹൈലിന്റെ മൊഴിയിൽ വൈരുധ്യം ഉണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് സുഹൈലിനെ കാറിൽ കൈ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെ മൊഴിയെടുത്തു. 

kkd-atm-theft-arrest

പ്രാഥമിക അന്വേഷണത്തിൽ തന്നെ സംഭവം വ്യാജ പരാതിയാണെന്നു പൊലീസിന് വ്യക്തമായിരുന്നു. യുവാവിനെ സംഭവം നടന്ന അരിക്കുളത്ത് എത്തിച്ച് നടത്തിയ പരിശോധനയിൽ സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നും കണ്ടില്ല. സ്കൂട്ടറിൽ ആണ് പതിവായി എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്നത് . സംഭവം നടന്ന ദിവസം കാർ ഉപയോഗിച്ചതും സംശയത്തിനിടയാക്കി. യുവാവിന്റെ മൊഴിയും സംഭവം നടന്ന സാഹചര്യവും തമ്മിലുള്ള വൈരുധ്യവും പൊലീസ് വിശദമായി അന്വേഷിച്ചു. സുഹൈലിനെ കണ്ടവരുടെ മൊഴിയിൽ നിന്നുള്ള സുപ്രധാന വിവരങ്ങൾ അന്വേഷണത്തിന് തുണയായി.

മുളകുപൊടി നാടകം 
യുവാവിന്റെ മുഖത്തോ കണ്ണിലോ മുളകുപൊടി ഉണ്ടായിരുന്നില്ല. ശരീരത്തിൽ മാത്രമാണ് ഉണ്ടായിരുന്നത്. ഉപേക്ഷിച്ച കാറിന്റെ ഒരു വശത്തെ ചില്ല് തുറന്നു വച്ചതും സംശയത്തിനിടയാക്കി. അക്രമികൾ തലയ്ക്കടിച്ചു എന്ന യുവാവിന്റെ മൊഴി കള്ളമാണെന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പരിശോധനയിൽ വ്യക്തമായിരുന്നു. ശനിയാഴ്ച രാത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം പ്രതിയെ ചോദ്യം ചെയ്തു. എന്നാൽ വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല. കവർച്ച തട്ടിപ്പു നാടകമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും കൂട്ടുപ്രതികളെ കുടുക്കുന്നതുവരെ പൊലീസ് വിവരങ്ങൾ പുറത്തുവിട്ടില്ല.

വൈറ്റ് ലേബൽ എടിഎമ്മുകളും സുരക്ഷയും
കൊയിലാണ്ടി∙ ഇന്ത്യ വൺ പോലെയുള്ള എടിഎമ്മുകൾ ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.ഗ്രാമീണ മേഖലയിൽ എടിഎം സേവനം ലഭ്യമാക്കാൻ ആർബിഐ ലൈസൻസോടു കൂടി പ്രവർത്തിക്കുന്ന വൈറ്റ് ലേബൽ എടിഎമ്മുകളാണിവ. വ്യക്തികൾക്ക് ചുമതല നൽകിയാണ് ഇത്തരം എടിഎമ്മുകളുടെ പ്രവർത്തനം. 

പൊതുമേഖല ബാങ്കുകളിൽ ഇവർ തുടങ്ങുന്ന അക്കൗണ്ടുകളിലേക്കാണ് ഇതര ബാങ്കിങ് സ്ഥാപനങ്ങൾ പണം നൽകുന്നത്. ഇവിടെനിന്നാണ് എടിഎമ്മുകളിൽ പണം നിറയ്ക്കാനായി കൊണ്ടുപോകുന്നത്.മറ്റു പൊതുമേഖലാ ബാങ്കുകളുടെ പണം കൊണ്ടുപോകുമ്പോഴുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഇത്തരക്കാർക്ക് ഒരുക്കുന്നത് പ്രാവർത്തികമല്ല.  വടകര സ്വദേശി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഏജൻസി വഴിയാണ് സുഹൈൽ പണം കൊണ്ടു പോയത്.  3 വർഷമായി സുഹൈൽ ഈ ഏജൻസിയിൽ ജോലി ആരംഭിച്ചിട്ട്.

എടിഎമ്മിലേക്കുള്ള പണം കവർന്ന സംഭവം: ‘വാദി’ പ്രതിയായി; 3 പേർ പിടിയിൽ

അറസ്റ്റിലായ സുഹൈൽ, മുഹമ്മദ് താഹ, യാസർ.
അറസ്റ്റിലായ സുഹൈൽ, മുഹമ്മദ് താഹ, യാസർ.

കോഴിക്കോട് ∙ ശനിയാഴ്ച വൈകിട്ട് എലത്തൂർ കാട്ടിൽ പീടികയിൽ 72.4 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി വ്യാജമെന്നു പൊലീസ് കണ്ടെത്തി. ഇന്ത്യ വൺ എടിഎം റീഫില്ലിങ് ജീവനക്കാരനായ തിക്കോടി സുഹാന മൻസിൽ സുഹൈൽ (25), സുഹൃത്തുക്കളായ മൂടാടി ഉമ്മർ വളപ്പിൽ മുഹമ്മദ് താഹ (27), തിക്കോടി സ്വദേശി പി.വി.യാസർ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നഷ്ടപ്പെട്ട 37 ലക്ഷം രൂപ വടകര വല്യാപ്പള്ളിയിലെ താഹയുടെ വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തു. മൂന്നു പ്രതികളെയും കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. പയ്യോളിയിൽ നിന്നും കൊയിലാണ്ടിയിൽ ഇന്ത്യ വൺ എടിഎമ്മുകളിലേക്കു പണം നിറയ്ക്കാൻ കാറിൽ തനിച്ചു പോകുമ്പോൾ പണം തട്ടിയെന്നായിരുന്നു പരാതി. ബന്ദിയാക്കിയ നിലയിൽ കണ്ട സുഹൈലിനെ നാട്ടുകാരാണു രക്ഷപ്പെടുത്തിയത്.

English Summary:

A meticulously planned ATM robbery in Koilandy, Kerala, was foiled by the police, leading to the arrest of the mastermind, Suhail, and his accomplices. The Rural District Police Chief formed a special team led by Vadakara DySP to investigate the case.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com