‘ലുക്ക് ’ അടിമുടി മാറ്റാൻ മട്ടന്നൂർ; ജംക്‌ഷനിൽ ക്ലോക്ക് ടവറും ബസ് സ്റ്റാൻഡ് പരിസരത്ത് ഓപ്പൺ ഓഡിറ്റോറിയവും
Mail This Article
മട്ടന്നൂർ∙ പരിമിതികളിൽ കുരുങ്ങി വികസന പദ്ധതികൾ മുരടിച്ചു നിന്നിരുന്ന മട്ടന്നൂർ നഗരത്തിനു പുതുമോടിയും സൗന്ദര്യവും പകരാൻ പദ്ധതികൾ നടപ്പാക്കുന്നു. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മട്ടന്നൂർ ജംക്‌ഷനിൽ ക്ലോക്ക് ടവർ സ്ഥാപിക്കും. ബസ് സ്റ്റാൻഡ് പരിസരത്തുള്ള ഓപ്പൺ ഓഡിറ്റോറിയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങി.ഇരിട്ടി, കണ്ണൂർ, തലശ്ശേരി റോഡുകൾ കൂടിച്ചേരുന്ന മട്ടന്നൂർ കവലയിൽ 15 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലോക്ക് ടവർ സ്ഥാപിക്കുന്നത്. കെ.കെ.ശൈലജ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണു നിർമാണം. ഇവിടെയുള്ള ട്രാഫിക് സിഗ്‌നലും ഹൈമാസ്റ്റ് ലൈറ്റും മാറ്റി സ്ഥാപിക്കാനും തീരുമാനമുണ്ട്. ട്രാഫിക് സിഗ്നൽ സ്ഥാപിച്ചു വർഷങ്ങളായെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. ചുവന്ന ലൈറ്റ് മാത്രമാണ് ഇതിൽ തെളിയുന്നത്.
ഇതുമൂലം ഡ്രൈവർമാർക്ക് വാഹനം ഓടിക്കുമ്പോൾ ആശയക്കുഴപ്പമുണ്ടാകുന്നുണ്ടെന്നു പരാതി ഉയർന്നിരുന്നു. കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായാണ് കവലയിൽ ട്രാഫിക് സിഗ്‌നൽ സ്ഥാപിച്ചത്. റോഡ് പണിക്കു ശേഷമുള്ള കാലാവധി പൂർത്തിയായതിനാൽ കെഎസ്ടിപി റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. ക്ലോക്ക് ടവർ സ്ഥാപിക്കുന്നതിനുള്ള സ്ഥലം നിശ്ചയിക്കുന്നതിന് മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തണം.
പൊതുയോഗങ്ങൾക്ക് പൊതുയിടം
പൊതുപരിപാടികൾ നടത്തുന്നതിനായി മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്ത് 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഓപ്പൺ ഓഡിറ്റോറിയം നിർമിക്കുന്നത്. നിലവിൽ ടാക്‌സി വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്താണ് സ്‌റ്റേജിന്റെ നിർമാണം. ബസ് സ്റ്റാൻഡിലെ ഒരു മൂലയിലായിരുന്നു ചെറിയ പൊതുയോഗങ്ങളും മറ്റും നടത്തിയിരുന്നത്. ഇത് വ്യാപാരികൾക്കും ബസ് കാത്തു നിൽക്കുന്നവർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന പരാതി ഓപ്പൺ ഓഡിറ്റോറിയം വരുന്നതോടെ പരിഹരിക്കപ്പെടും.
നഗരത്തിന് ഹരിതഭംഗി
നഗരത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികളാണ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. കെഎസ്ടിപി റോഡ് പ്രവൃത്തി പൂർത്തിയാകാൻ കാലതാമസം വന്നതോടെയാണ് ഇവയുടെ പ്രവൃത്തി തുടങ്ങാൻ വൈകിയത്. ഇപ്പോൾ ഘട്ടംഘട്ടമായി സൗന്ദര്യവൽക്കരണ പ്രവൃത്തികൾ നടപ്പാക്കുന്നുണ്ട്. പൊലീസ് സ്‌റ്റേഷന് സമീപമുള്ള ബൈപാസ് ഹരിത ഇടനാഴിയാക്കി മാറ്റാനും പദ്ധതിയുണ്ട്. 25 ലക്ഷം രൂപ ചെലവഴിച്ചാണ് പൂന്തോട്ടവും അലങ്കാരങ്ങളും സ്ഥാപിച്ച് റോഡ് മനോഹരമാക്കുക. വ്യാപാരികളുടെയും മറ്റും സഹകരണത്തോടെ നഗരത്തിൽ പൂച്ചെടികളും സ്ഥാപിച്ചിട്ടുണ്ട്.