ദിവ്യയ്ക്ക് കൂവൽ, പ്രതിഷേധം; ക്രൈംബ്രാഞ്ച് ഓഫിസിനു മുന്നിൽ മൂന്നുമണിക്കൂർ പിരിമുറുക്കം
Mail This Article
കണ്ണൂർ ∙ പി.പി.ദിവ്യയെ പൊലീസ് ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ചശേഷം പരിസരത്ത് മൂന്നു മണിക്കൂർ നീണ്ട പിരിമുറുക്കം. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ്, ദിവ്യയെ പൊലീസ് എസിപി രത്നകുമാറിന്റെ കാറിൽ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് എത്തിച്ചത്. പിന്നീട് വൈകിട്ട് 6നാണ് വൈദ്യപരിശോധനയ്ക്കായി ദിവ്യയെ പുറത്തെത്തിച്ചത്. അപ്പോഴേക്കും മാധ്യമ പ്രവർത്തകരും പൊലീസും യൂത്ത് കോൺഗ്രസ് – യുവമോർച്ച പ്രവർത്തകരും നിരന്ന് ക്രൈംബ്രാഞ്ച് ഓഫിസ് റോഡ് തിങ്ങിനിറഞ്ഞിരുന്നു.
ചോദ്യം ചെയ്യലിനായി സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാർ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയത് 3.30ന്. പൊലീസ് വാഹനത്തിലെത്തിയ കമ്മിഷണർ നേരെ ഓഫിസിന്റെ ഒന്നാം നിലയിലേക്ക്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഏത് നേരവും ദിവ്യയുമായി പൊലീസ് സംഘം പുറത്തിറങ്ങുമെന്ന പ്രതീക്ഷയിൽ മാധ്യമങ്ങളുടെ കാത്തിരിപ്പ്. ഇതിനിടെ വനിതാ പൊലീസ് ഉൾപ്പെടെ കൂടുതൽ പൊലീസ് സ്ഥലത്തേക്ക്. ദിവ്യയ്ക്കെതിരെ പ്രതിഷേധം കടുക്കുമെന്ന മുന്നറിയിപ്പിൽ കൂടുതൽ പൊലീസുകാർ ബസുകളിൽ നിലയുറപ്പിച്ച് റോഡിലും. ഇതിനിടെ ഓഫിസിന്റെ മുൻഭാഗം മുഴുവൻ വനിതാ പൊലീസ് ഉദ്യോഗസ്ഥർ നിരന്നു.
വൈകിട്ട് 5ന് മുന്നേ കോടതിയിൽ ദിവ്യയെ ഹാജരാക്കുമെന്ന അഭ്യൂഹം പരന്നതോടെ ഏത് നിമിഷവും പൊലീസുമായി ദിവ്യ പുറത്തിറങ്ങുമെന്ന ആകാംക്ഷ. എന്നാൽ 5 പിന്നിട്ടിട്ടും ഒന്നുമുണ്ടായില്ല. 5.45 ഓടെ പൊലീസ് ജീപ്പ് ഓഫിസിനു മുന്നിൽ എത്തി. ഉടൻ തന്നെ ദിവ്യയുമായി, കേസ് അന്വേഷണം നടത്തുന്ന എസിപി ടി.കെ.രത്നകുമാറും അന്വേഷണ ചുമതലയുള്ള ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും ഓഫിസിന്റെ മുകൾ നിലയിൽ നിന്നും ജീപ്പിനടുത്തേക്ക്. ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചത് അറിഞ്ഞ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും നിയുക്ത പ്രസിഡന്റ് കെ.കെ.രത്നകുമാരിയും സ്ഥിരം സമിതി അധ്യക്ഷ ടി.സരളയും ക്രൈംബ്രാഞ്ച് പരിസരത്തെത്തി.
ദിവ്യയ്ക്ക് കൂവൽ, പ്രതിഷേധം
വൈകിട്ട് 6ന് പൊലീസ് ജീപ്പിൽ കയറ്റിയ ദിവ്യയ്ക്കു നേരെ കൂവലും പ്രതിഷേധവും. യൂത്ത് കോൺഗ്രസ് –കെഎസ്യു പ്രവർത്തകരാണ് ആദ്യം ദിവ്യയ്ക്കെതിരെ മുദ്രാവാക്യവും കരിങ്കൊടിയുമായി എത്തിയത്. കേസ് അന്വേഷണ ഉദ്യോഗസ്ഥൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി ജീപ്പിനു മുൻ സീറ്റിലും പിൻഭാഗത്ത് സീറ്റിൽ 2 വനിതാ പൊലീസുകാരുടെ മധ്യത്തിലായി ദിവ്യയുമാണ് ഉണ്ടായത്.
സമരക്കാരുടെ പ്രതിഷേധത്തെ തുടർന്ന്, ക്രൈംബ്രാഞ്ച് ഓഫിസ് മുറ്റത്ത് നിന്ന് ജീപ്പിന് പുറത്തിറങ്ങാനായില്ല. പിന്നീട് എസിപി രത്നകുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ നീക്കിയതും ദിവ്യയുമായി ജീപ്പിന് പോകാനുമായത്. ഇതിനിടെ എത്തിയ യുവമോർച്ച പ്രവർത്തകരുടേയും പ്രതിഷേധം കാരണം ദിവ്യയുമായുള്ള ജീപ്പിനു മുന്നോട്ടുള്ള യാത്ര വീണ്ടും തടസ്സപ്പെട്ടു. യുവമോർച്ച പ്രവർത്തകരേയും പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്ത് നേരെ ജില്ലാ ആശുപത്രിയിലേക്ക് നീങ്ങി. നേരത്തെ ദിവ്യയുമായി എത്തിയ എസിപിയുടെ വാഹനത്തിനു നേരെ കണ്ണൂരിൽ കെഎസ്യു– യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഡിസിസി ഓഫിസിന് സമീപം കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കീഴടങ്ങൽ പ്ലാൻ മാറ്റിയത് അവസാനനിമിഷം
പി.പി.ദിവ്യയുടെ കീഴടങ്ങൽ പ്ലാൻ മാറിയത് അവസാനനിമിഷം. മുൻകൂർ ജാമ്യഹർജി തള്ളിയതിനെത്തുടർന്ന് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങാനായി അപേക്ഷ തയാറാക്കിയിരുന്നു. എന്നാൽ, കണ്ണൂരിൽ കോടതിയിൽ ഹാജരായാൽ മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാൻ പ്രയാസമായതിനാൽ നീക്കം ഉപേക്ഷിക്കുകയായിരുന്നു. കോടതിസമയത്തിനു ശേഷം, മജിസ്ട്രേട്ട് മടങ്ങുന്നതിനു മുൻപ് കീഴടങ്ങുന്നതിനെക്കുറിച്ചും ആലോചിച്ചു. പക്ഷേ, ഉച്ചയ്ക്കുശേഷം മജിസ്ട്രേട്ട് സ്ഥലത്തില്ലാത്തതിനാൽ ആ പദ്ധതിയും പൊളിഞ്ഞു. തുടർന്നാണ് പൊലീസിൽ കീഴടങ്ങാൻ തീരുമാനിച്ചത്.