ഒരു കോടി രൂപയും 300 പവനും ആരു കൊണ്ടുപോയി?; വീട്ടുകാർ കല്യാണത്തിന് പോകുന്ന വിവരം മോഷ്ടാവ് അറിഞ്ഞു?
Mail This Article
വളപട്ടണം∙ മന്നയിൽ അരി മൊത്തവ്യാപാരി കെ.പി.അഷ്റഫിന്റെ വീട് കുത്തിത്തുറന്ന് ഒരു കോടി രൂപയും മുന്നൂറിലേറെ പവൻ സ്വർണവും മോഷ്ടിച്ച സംഭവത്തിൽ വീടിനകത്തു കയറി കൃത്യം നടത്തിയത് ഒരാളാണെങ്കിലും പുറമേ നിന്നു സഹായം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്. മോഷണം നടന്ന 20നും തൊട്ടടുത്ത ദിവസവും രാത്രി മോഷ്ടാവ് വീട്ടിൽ കയറിയതായി വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു പൊലീസിനു വിവരം ലഭിച്ചു. എന്നാൽ രണ്ടു ദിവസവും വന്നത് ഒരാളാണോ എന്നതു ദൃശ്യങ്ങളിൽനിന്നു വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു. വീട്ടിലെ സിസിടിവി ക്യാമറകളിൽ നിന്നു ലഭിച്ച ദൃശ്യങ്ങളിൽ ഒരാൾ മാത്രമാണ് 20നു രാത്രി കോംപൗണ്ടിലേക്കു ചാടുന്നതെന്നു വ്യക്തമാണ്. ദൃശ്യങ്ങൾ വ്യക്തമല്ലാത്തതിനാൽ ആളുടെ മുഖം തിരിച്ചറിയാനായിട്ടില്ല.
എന്നാൽ വീടിനെക്കുറിച്ചും വീട്ടുകാർ കല്യാണത്തിനു പോകുന്നതുൾപ്പെടെയുള്ള വിവരങ്ങളും മോഷ്ടാവിന് അപ്പപ്പോൾ ലഭിച്ചിട്ടുണ്ടെന്നും ഇതിനുപിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നും പൊലീസ് പറഞ്ഞു. മോഷ്ടാവിനു രക്ഷപ്പെടാൻ പുറത്തുനിന്നു സൗകര്യം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ജനൽ ഗ്രിൽസ് ഇളക്കി മാറ്റിയ രീതി പരിശോധിക്കുമ്പോൾ പ്രഫഷനൽ രീതിയാണെങ്കിലും വീട്ടിനകത്തെ കവർച്ചാരീതി സാധാരണ മോഷ്ടാവിന്റെ അങ്ങനെയല്ലെന്നും പൊലീസ് പറഞ്ഞു.19ന് അഷ്റഫും കുടുംബവും വീടു പൂട്ടി മധുരയിലേക്കു പോയി 24ന് രാത്രി തിരിച്ചെത്തിയപ്പോഴാണു മോഷണം നടന്നതായി കാണുന്നത്. ജനൽ ഗ്രിൽസ് ഇളക്കിമാറ്റി കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് ലോക്കറിന്റെ താക്കോൽ കൈക്കലാക്കി തുറന്നാണ് പണവും ആഭരണങ്ങളും മോഷ്ടിച്ചത്. 20ന് രാത്രിയാണ് മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. അഷ്റഫിന്റെ മകൻ അദിനാൻ അഷ്റഫിന്റെ പരാതിയിൽ പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയാണ്.ഉത്തര മേഖലാ ഡിഐജി രാജ്പാൽ മീണയുടെ മേൽനോട്ടത്തിൽ കണ്ണൂർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ഡിഐജി രാജ്പാൽ മീണയുടെ അധ്യക്ഷതയിൽ അന്വേഷണസംഘം യോഗം ചേർന്ന് കേസ് അന്വേഷണം സംബന്ധിച്ച് വിലയിരുത്തൽ നടത്തി. ഒരു ഡിവൈഎസ്പിയും 3 ഇൻസ്പെക്ടർമാരും സംഘത്തിലുണ്ട്.
വിരലടയാളങ്ങൾ പരിശോധിക്കുന്നു
സംസ്ഥാനത്തിനകത്തും പുറത്തമുള്ള നൂറിലേറെ മോഷ്ടാക്കളുടെ മോഷണരീതികളും പഴയ കേസ് ഡയറികളും അന്വേഷണസംഘം പരിശോധിച്ചു. വീട്ടിനകത്തുനിന്നു 16 വിരലടയാളങ്ങളാണ് ലഭിച്ചത്. ഇവ സ്ഥിരം മോഷ്ടാക്കളുടെ വിരലടയാളങ്ങളും കേസ് ഹിസ്റ്ററിയുമായി പൊലീസ് പരിശോധിച്ചു വരികയാണ്. സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലെയും മോഷ്ടാക്കളെയും പരോളിൽ ഇറങ്ങിയവരെയും ശിക്ഷാ കാലാവധി പൂർത്തിയാക്കി ഇറങ്ങിയവരെയും കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.
തൊഴിലാളികളെ ചോദ്യം ചെയ്തു
അഷ്റഫിന്റെ ഉടമസ്ഥതയിൽ വീടിനു സമീപത്തുള്ള സ്ഥാപനത്തിലെ ജീവനക്കാരെയും ബന്ധുക്കളെയും വീട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇവരിൽ നിന്നു സംശയിക്കത്തക്കതായി ഒരു സൂചനയും ലഭിച്ചിട്ടില്ല. സ്ഥാപനത്തിലെ മുൻ തൊഴിലാളികളിൽ പലരും നാട്ടിൽ പോയാൽ തിരിച്ചുവരാത്തതു പതിവാണ്. ഇവർക്കു പകരം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ തൊഴിലാളികളെയാണ് നിയമിക്കാറുള്ളത്. എന്നാൽ ഏറെക്കാലമായി സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ഇപ്പോൾ നിലവിലുള്ളത്. ഇവർ അവധി എടുക്കുകയോ സ്ഥാപനം വിട്ടുപോവുകയോ ചെയ്തിട്ടില്ല.
അന്വേഷണം വാഹനം കേന്ദ്രീകരിച്ചും
സംസ്ഥാനത്തിനകത്തും തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പൊലീസ് നായ വളപട്ടണം റെയിൽവേ സ്റ്റേഷനിലാണു വന്നു നിന്നതെങ്കിലും പ്രതി രക്ഷപ്പെട്ടത് ട്രെയിൻ മാർഗമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതുകൊണ്ടുതന്നെ വീട്ടു പരിസരത്തെ ക്യാമറകളിൽനിന്ന് 20ന് രാത്രി സഞ്ചരിച്ച വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. മൊബൈൽ ടവർ ലൊക്കേഷനും സൈബർ സെല്ലിന്റെ സഹായത്തോടെയുമാണ് അന്വേഷണം ഊർജിതമാക്കുന്നത്.വളപട്ടണം, ചിറക്കൽ, പാപ്പിനിശ്ശേരി, അഴീക്കോട് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലെയും ദേശീയപാതകളിലെയും കണ്ണൂർ ടൗണിലെയും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. നഗരത്തിലെയും ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെയും അതിർത്തി പ്രദേശങ്ങളിലെയും ഹോട്ടലുകളിലും താമസ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന നടത്തി.