വളപട്ടണം മോഷണം: 1.21 കോടി രൂപയും 267 പവൻ സ്വർണവും ഉടമയ്ക്ക് തിരികെ ലഭിക്കാൻ ഒരു മാസം
Mail This Article
കണ്ണൂർ ∙ വളപട്ടണം മന്നയിലെ അരി വ്യാപാരി കോറൽവീട്ടിൽ കെ.പി.അഷ്റഫിന്റെ വീട്ടിൽനിന്ന് അയൽവാസി മുണ്ടച്ചാലി വീട്ടിൽ സി.പി.ലിജേഷ് മോഷ്ടിച്ച 1,21,43,000 കോടി രൂപയും 267 പവൻ സ്വർണാഭരണങ്ങളും ഇനി തിരിച്ചുകിട്ടുക കോടതി നടപടികളിലൂടെ. സ്വർണവും പണവും തങ്ങളുടെതാണെന്നു രേഖകൾ നൽകി അഷ്റഫും കുടുംബവും തെളിയിച്ചാൽ ഒരുമാസത്തിനകം എല്ലാം തിരിച്ചുകിട്ടും.നവംബർ 20ന് രാത്രിയാണ് അഷ്റഫിന്റെ വീടു കുത്തിത്തുറന്ന് അകത്തുകയറിയ ലിജേഷ് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ചത്. ഡിസംബർ ഒന്നിനു രാത്രിയാണ് ലിജേഷിന്റെ വീട്ടിൽനിന്നു മോഷണവസ്തുക്കൾ പൊലീസ് കണ്ടെടുത്തത്. ആഭരണങ്ങൾ തൂക്കിയും പണമെണ്ണിയും കൃത്യം കണക്കാക്കുന്ന തിരക്കിലാണ് വളപട്ടണം പൊലീസ്. ഇന്നലെ അഷ്റഫിന്റെ ബന്ധുക്കളെത്തി ഇവ തങ്ങളുടെതാണെന്നു തിരിച്ചറിഞ്ഞു.
ഇപ്പോൾ വളപട്ടണം പൊലീസ് കസ്റ്റഡിയിലുള്ള 1,21,43,000 കോടി രൂപയും 267 പവൻ സ്വർണാഭരണങ്ങളും കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് (2) കോടതിയിൽ ഹാജരാക്കും. പണവും ആഭരണങ്ങളും തങ്ങളുടെതാണെന്നും കേസന്വേഷണ സമയത്ത് ആവശ്യപ്പെടുമ്പോൾ ഹാജരാക്കാമെന്നും അറിയിച്ച് അഷ്റഫ് അഭിഭാഷകൻ മുഖേന കോടതിയിൽ ഹർജി നൽകണം. ഇതോടൊപ്പം, പണവും സ്വർണവും തങ്ങളുടെതാണെന്നു തെളിയിക്കുന്ന രേഖകൾ ഉടമ പൊലീസിൽ ഹാജരാക്കണം. അഷ്റഫിന്റെ ഭാര്യ ആസിമ, മകൾ, മകന്റെ ഭാര്യ, ആസിമയുടെ സഹോദരി എന്നിവരുടെതാണ് 267 പവൻ ആഭരണങ്ങളെന്നാണ് കുടുംബം പൊലീസിനു നൽകിയ മൊഴി.
ഇത് ഇവരുടെതാണെന്നു തെളിയിക്കാൻ ജ്വല്ലറിയിലെ ബില്ലോ കല്യാണ ഫോട്ടോകളോ ആണു ഹാജരാക്കേണ്ടി വരിക. വർഷങ്ങൾക്കു മുൻപേ വാങ്ങിയ ആഭരണങ്ങൾക്ക് ബില്ല് ഉണ്ടാവാൻ സാധ്യതയില്ലാത്തതിനാലാണു ഫോട്ടോ ഹാജരാക്കാൻ ആവശ്യപ്പെടുക. അതുപോലെ പണത്തിന്റെയും കണക്ക് കൃത്യമായി ഹാജരാക്കണം. അരി വ്യാപാരിയായ അഷ്റഫ് ബിസിനസിലൂടെ സമ്പാദിച്ചതാണ് ഈ പണമെന്നാണു പൊലീസിനോട് പറഞ്ഞത്. ഈ രേഖകളെല്ലാം പൊലീസ് കോടതിയിൽ ഹാജരാക്കണം. എല്ലാം കൃത്യമാണെങ്കിൽ തൊണ്ടിമുതൽ വിട്ടുകൊടുക്കുന്നതിൽ എതിർപ്പില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ബോധിപ്പിച്ചാൽ ഉടമയ്ക്കു നൽകും. എന്നാൽ ആദായനികുതി വകുപ്പോ സാമ്പത്തിക കാര്യങ്ങൾ അന്വേഷിക്കുന്ന മറ്റു സർക്കാർ ഏജൻസികളോ വ്യക്തത ആവശ്യപ്പെട്ടാൽ നടപടിക്രമങ്ങൾ നീണ്ടുപോകാം. ഇല്ലെങ്കിൽ ഒരു മാസത്തിനകം പണവും സ്വർണവും ഉടമകൾക്കു തിരിച്ചുകിട്ടിയേക്കും.
പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകും;കീച്ചേരിയിലെ കവർച്ചയിലും അറസ്‌റ്റ് രേഖപ്പെടുത്തും
വളപട്ടണം∙ അരി വ്യാപാരി കെ.പി.അഷ്റഫിന്റെ വീടു കുത്തിത്തുറന്നു മോഷണം നടത്തിയ കേസിൽ റിമാൻഡിലുള്ള മുണ്ടച്ചാലി വീട്ടിൽ സി.പി.ലിജേഷിനെ (45) കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ലിജേഷിന്റെ വീട്ടിൽനിന്നു കണ്ടെടുത്ത മോഷണമുതലായ 1.21 കോടി രൂപയും 276 പവൻ സ്വർണാഭരണങ്ങളും തങ്ങളുടെതാണെന്ന് അഷ്റഫിന്റെ കുടുംബം വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തി തിരിച്ചറിഞ്ഞു.
നവംബർ 19ന് രാവിലെ ഏഴിനാണ് അഷ്റഫ്, ഭാര്യ ആസിമ, മകൻ അദ്നാൻ, മകന്റെ ഭാര്യ അഫ്ര എന്നിവർ കല്യാണത്തിൽ പങ്കെടുക്കാൻ വീടുപൂട്ടി മധുരയിലേക്കു പോയത്. 24ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്. ജനലിന്റെ ഗ്രിൽ എടുത്തുമാറ്റി അകത്തുകടന്ന് അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു. ഡിസംബർ ഒന്നിനു രാത്രിയാണ് അഷ്റഫിന്റെ അയൽവാസിയായ ലിജേഷിനെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ഓഗസ്റ്റ് 20ന് കീച്ചേരിയിൽ സ്കൈ വ്യൂ വീട്ടിൽ നിയാസിന്റെ വീട്ടിൽ മോഷണം നടത്തിയത് ലിജേഷാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
നിയാസിന്റെ വീട്ടിലും അഷ്റഫിന്റെ വീട്ടിലും സമാനരീതിയിൽ മോഷണം നടത്തിയതും ഇരു സ്ഥലത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിലെ മോഷ്ടാവിന്റെ കഷണ്ടിയുമായിരുന്നു അന്വേഷണം ലിജേഷിലേക്കെത്തിയത്. നിയാസിന്റെ വീട്ടിൽനിന്നു പൊലീസ് ശേഖരിച്ച മോഷ്ടാവിന്റെ വിരലടയാളവും ലിജേഷിന്റെ വിരലടയാളവും ഒന്നായിരുന്നു.
തിങ്കളാഴ്ചയാണ് ലിജേഷിനെ റിമാൻഡ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചത്. കസ്റ്റഡിയിൽ ലഭിക്കാൻ ഇന്നലെ കോടതിയിൽ അപേക്ഷ നൽകുമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ വളപട്ടണം സ്റ്റേഷൻ പരിധിയിലെ അഴീക്കലിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അതിനു പിന്നാലെയായിരുന്നു. ലിജേഷിനെ കസ്റ്റഡിയിൽ ലഭിക്കാൻ ഇന്ന് അപേക്ഷ നൽകും