പുലി ഒളിവിൽ! : ചെങ്ങളായിയിൽ ഇറങ്ങിയ പുലിയെ കണ്ടെത്താനായില്ല; ആർആർടി സംഘം മടങ്ങി
Mail This Article
ശ്രീകണ്ഠപുരം∙ ചെങ്ങളായി എടക്കളം തട്ടിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ പുലിയെ കണ്ടെത്താനായില്ല. 4ന് രാത്രി ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പുതുതായി എവിടെയും കാൽപാടുകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ആറളത്തു നിന്ന് എം.ഷൈനികുമാറിന്റെ നേതൃത്വത്തിൽ എത്തിയ 6 അംഗ ആർആർടി സംഘം മടങ്ങിയത്. ഇന്നലെ രാവിലെ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ചർ പി.രതീശൻ, ശ്രീകണ്ഠപുരം സെക്‌ഷൻ ഫോറസ്റ്റർ എ.കെ.ബാലൻ എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.
വനം വകുപ്പ് സംഘം ഇപ്പോഴും ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. നിരീക്ഷണം തുടരുകയാണ്. പുലിയെ പിടിക്കാനായി സ്ഥാപിച്ച് കൂട് ഇവിടെ തന്നെയുണ്ട്. പുതുതായി പ്രദേശത്ത് ഒരിടത്തും കാൽപാടുകൾ കണ്ടെത്താത്ത സാഹചര്യത്തിൽ ഇവിടെ നിന്ന് എവിടേക്കോ ഓടി മറിയാനുള്ള സാധ്യതയും വനംവകുപ്പ് തള്ളിക്കളയുന്നില്ല. 2 ദിവസം കൂടി സ്ഥലത്ത് ശക്തമായ നിരീക്ഷണം ഏർപ്പെടുത്താനാണ് വനംവകുപ്പിന്റെ തീരുമാനം. ആവശ്യം വന്നാൽ ആറളത്ത് നിന്ന് ആർആർടി സംഘത്തെ തിരിച്ചു വിളിക്കുമെന്ന് റേഞ്ചർ അറിയിച്ചു.