യാത്രാ ട്രെയിനുകൾ വരുന്ന ഒന്നാം പ്ലാറ്റ്ഫോമിൽ ഗുഡ്സ് ട്രെയിൻ; വന്ദേഭാരതും വേഗം കുറച്ചു
Mail This Article
കാഞ്ഞങ്ങാട് ∙ യാത്രാ ട്രെയിനുകൾ വരുന്ന ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണു സംഭവം. ജോലിസമയം കഴിഞ്ഞതിനാനാലാണ് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയത്. തുടർന്ന് ഇവിടെ നിർത്തേണ്ട യാത്രാ ട്രെയിനുകൾ ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകൾക്കു വെളിയിലുള്ള ട്രാക്കിലാണ് നിർത്തിയത്. ഇതോടെ ഷൊർണൂർ ഭാഗത്തേക്കു പോകേണ്ട നൂറുകണക്കിനു യാത്രക്കാർ ദുരിതത്തിലായി. 8 മണിക്കൂറിന് ശേഷം മംഗളൂരുവിൽ നിന്നു മറ്റൊരു ലോക്കോ പൈലറ്റ് എത്തിയാണ് ട്രെയിൻ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽനിന്നു മാറ്റിയത്.
വളപട്ടണത്തേക്കുള്ള സിമന്റുമായി ഇന്നലെ പുലർച്ചെ 2ന് ആണ് ഗുഡ്സ് ട്രെയിൻ എത്തിയത്. സിഗ്നൽ ലഭിച്ചതോടെ ഒന്നാം പ്ലാറ്റ്ഫോമിൽ നിർത്തി ലോക്കോപൈലറ്റ് പോകുകയായിരുന്നു. സംഭവത്തിൽ സുരക്ഷാവീഴ്ചയില്ലെന്ന് റെയിൽവേ വിശദീകരിച്ചു. പുലർച്ചെ മറ്റു 2 ട്രാക്കുകളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമിൽ നിർത്തിയതെന്നും ലോക്കോ പൈലറ്റിനു വീഴ്ചയുണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
കണ്ണൂർ ഭാഗത്തേക്കുള്ള നേത്രാവതി, പരശുറാം, മംഗളൂരു-കോഴിക്കോട് എക്സ്പ്രസ്, ചെന്നൈ - എഗ്‌മൂർ, ഏറനാട്, ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകളെല്ലാം പ്ലാറ്റ്ഫോമുകൾക്ക് വെളിയിലുള്ള സ്റ്റേഷൻ വിട്ടത്. ട്രാക്ക് മാറേണ്ടിവന്നതിനാൽ ഇരു ഭാഗത്തേക്കുമുള്ള ട്രെയിനുകൾ വൈകി. മാസങ്ങൾക്ക് മുൻപ് കാഞ്ഞങ്ങാട്ട് മാവേലി എക്സ്പ്രസിന് സിഗ്നൽ നൽകിയതിൽ വീഴ്ചയുണ്ടായതിനെത്തുടർന്ന് ട്രെയിൻ നടുവിലെ ട്രാക്കിലേക്ക് കയറിയിരുന്നു.
സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്കു മാത്രമേ റോഡുമാർഗം സുഗമമായി എത്താനാകൂ. മറുവശത്ത് എത്താൻ മേൽപാലം വഴി പോകണം. കോഴിക്കോട് ഭാഗത്തേക്കു പോകേണ്ട പ്രായമായവരും രോഗികളും കുട്ടികളും ഏറെ വലഞ്ഞു. മേൽപാലത്തിൽ കയറാനാകാത്ത പലരും ട്രാക്ക് മറികടന്ന് പ്ലാറ്റ്ഫോമിലേക്കു വലിഞ്ഞുകയറിയതും ആശങ്ക സൃഷ്ടിച്ചു. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾ വേഗംകുറച്ചാണ് കടന്നുപോയത്.