ഇപ്പോൾ മത്തിയാണ് നാട്ടിലെ താരം; ഓരോ ദിവസവും ഓരോ വില: കളാഞ്ചി – 750 ചെമ്പല്ലി– 750, തിരുത– 500...
Mail This Article
ചെറുവത്തൂർ∙ ട്രോളിങ് നിരോധനത്തിന് പിന്നാലെ കടൽ ക്ഷോഭവും ശക്തമായതോടെ ജില്ലയിൽ പലയിടത്തും മീൻ വിൽപന കേന്ദ്രങ്ങൾ നിശ്ചലം. എവിടെയെങ്കിലും മീൻ കിട്ടാനുണ്ടെങ്കിൽ അതിന് തീ വിലയും. നിരോധന സമയത്തും വള്ളങ്ങൾക്ക് കടലിൽ മീൻ പിടിക്കാൻ പോകാമെങ്കിലും കടൽ ക്ഷോഭം കാരണം വള്ളങ്ങൾക്ക് കടലിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ ജില്ലയിൽ മീനിന് കടുത്ത ക്ഷാമം. ട്രോളിങ് നിരോധനത്തിന് കുറച്ച് മുൻപ് വരെ ബോട്ടുകൾക്ക് ചെറിയ തോതിൽ ചെമ്മീൻ, ചെറിയ നങ്ക്, പലതരം ചെറു മീനുകൾ എന്നിവ ലഭിച്ചിരുന്നു. വള്ളങ്ങൾക്ക് മത്തിയും കിട്ടിയിരുന്നു.
അന്ന് മത്തിയുടെ കൂടിയ വില കിലോയ്ക്ക് 200രൂപയായിരുന്നു. എന്നാൽ ഇന്ന് മത്തിയുടെ വില 300രൂപയാണ്. അതും കിട്ടാത്ത അവസ്ഥയും. സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്ന് ജില്ലയിലെ മീൻ വിൽപന കേന്ദ്രങ്ങളിൽ ഇപ്പോൾ കുറഞ്ഞ തോതിൽ മത്തി എത്തുന്നത്. ട്രോളിങ് നിരോധനത്തിന് മുൻപ് ഗ്രാമപ്രദേശങ്ങളിൽ ഇരു ചക്ര വാഹനങ്ങളിലും, ഓട്ടോയിലും രാവിലെ മുതൽ തന്നെ ഹോൺ മുഴക്കിക്കൊണ്ട് മീൻ വിൽപനക്കാരൻ എത്തുന്നത് പതിവ് കാഴ്ചയായിരുന്നു.
വലിയ ബക്കറ്റിൽ മീൻ നിറച്ച് തലയിൽ വച്ച് കൊണ്ടു വരുന്ന മീൻ കച്ചവടക്കാരും, സൈക്കിളിൽ മീനുമായി എത്തി വിൽപന നടത്തുന്നവരും ധാരാളമായിരുന്നു. എന്നാൽ മീൻ കച്ചവടക്കാർ ഗ്രാമങ്ങളിൽ എത്താതായിട്ട് ദിവസങ്ങളായി. പല വീടുകളിലും മീൻചട്ടികൾ വീടിന്റെ മൂലയിൽ കമിഴ്ത്തിയ നിലയിലാണ്. ചില മീൻ വിൽപന കേന്ദ്രങ്ങളിൽ പുഴ മീൻ ഉണ്ടെങ്കിലും ഒരു മാസം മുൻപത്തേക്കാളും കിലോയ്ക്ക് 50 മുതൽ 100രൂപ വരെ അധികമാണ്.
കൊളോൻ(കളാഞ്ചി)–750രൂപ, ചെമ്പല്ലി–750, ഏരി–750, തിരുത–500, ഏട്ട–250 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസത്തെ വില. കടൽ മീനിന് വലിയ അയല–350, ചെറിയ അയല–300, ചെറു മീനുകൾ 250 എന്നിങ്ങനെയാണ് വില. മീനുകൾ കിട്ടാതായതോടെ ഉണക്ക മീനിന്റെ വിലയും കടകളിൽ 50മുതൽ 100രൂപ വരെ കിലോയ്ക്ക് വർധിച്ചിട്ടുണ്ട്. തീരദേശത്തെ ചില വീടുകളിൽ വീശു വലകൾ ഉണ്ട്. അവിടത്തെ പുരുഷൻമാർ പുഴകളിൽ വലയെറിഞ്ഞ് അന്നന്നത്തെ കറിക്കുള്ള മീൻ പിടിയ്ക്കുന്നുണ്ട്.