ആദ്യം കൗതുകം, പിന്നെ ശല്യം; നാട്ടുകാർക്ക് തലവേദനയായി ഹനുമാൻകുരങ്ങ്
Mail This Article
ബോവിക്കാനം ∙ നേരം പുലർന്നാൽ വീട്ടുമുറ്റത്ത് എത്തും, പഴം കൊടുത്താൽ തിന്നും, കണ്ണു തെറ്റിയാൽ വീടിന്റെ ഉള്ളിലേക്കു കയറും, വാതിൽ പൂട്ടിയാൽ തളളി തുറക്കാൻ ശ്രമിക്കും, തരം കിട്ടിയാൽ കുട്ടികളുടെ ശരീരത്തിൽ കയറാനും നോക്കും. കാനത്തൂർ പയർപ്പള്ളത്ത് ശല്യക്കാരനായി മാറിയ ഹനുമാൻ കുരങ്ങിന്റെ വികൃതികളാണിവ. രണ്ടാഴ്ച മുൻപു എത്തിയ കുരങ്ങ് ആദ്യം കൗതുകമായിരുന്നെങ്കിലും ഇപ്പോൾ ശല്യക്കാരനായതോടെ നാട്ടുകാർക്കു തലവേദനയായിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടാൻ ശ്രമിച്ചെങ്കിലും പിടികൊടുക്കാതെ ദിവസങ്ങളോളം മുങ്ങിയ ‘ആശാൻ’ വീണ്ടും ഇപ്പോൾ പൊങ്ങിയിരിക്കുകയാണ്. കുരങ്ങിനെ കണ്ടപ്പോൾ ആദ്യമൊക്കെ നാട്ടുകാർ പഴം കൊടുത്തു. ഇതോടെ ഇപ്പോൾ അവിടെ തന്നെ വീടുകളിൽ ചുറ്റിക്കറങ്ങുകയാണ്.
വീടുകളുടെ അകത്തേക്കു കയറി ഭക്ഷണസാധനങ്ങളും മറ്റും എടുത്തു കൊണ്ടുപോകുന്നതാണു പ്രധാന പ്രശ്നം. വീടിന്റെ വാതിൽ പൂട്ടിക്കിടന്നാൽ തള്ളി തുറക്കാനും ഒരു കൈ നോക്കും!. പന്തുകളെടുത്ത് തട്ടും. ഓടിട്ട വീടുകളുടെ മേൽക്കൂരയിൽ കയറുമ്പോൾ ഓടുകൾ പൊട്ടുന്നു. നിർത്തിയിട്ട വാഹനങ്ങളുടെ മുകളിലും കയറി കേടുപാടുണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു. സ്ത്രീകളെയും കുട്ടികളെയും കാണുമ്പോൾ ശരീരത്തിൽ പിടിച്ചു കയറാനും ശ്രമിക്കാറുണ്ട്. ഇതുകാരണം കുട്ടികളെ വീടിനു പുറത്തു നിർത്താൻ പോലും അമ്മമാർക്കു പേടിയാണ്. എത്രയും പെട്ടെന്നു കുരങ്ങിനെ വനംവകുപ്പ് പിടികൂടി ശല്യം ഒഴിവാക്കണമെന്നാണു നാട്ടുകാർ പറയുന്നത്.