ഭീതിയുടെയും വേദനയുടെയും ദിനങ്ങൾ കടന്ന് നളിനാക്ഷൻ വീടണഞ്ഞു
Mail This Article
തൃക്കരിപ്പൂർ∙ ഭീതിതമായ ഓർമകളിൽ നിന്നു നളിനാക്ഷൻ ഇപ്പോഴും മോചിതനല്ല. ആളിപ്പടരുന്ന തീയും ശ്വാസം മുട്ടിക്കുന്ന പുകയും. പുകയ്ക്കൊപ്പം ഉയരുന്ന നിലവിളികൾ. കെട്ടിടത്തിന്റെ അടിയിൽ നിന്നു പടരുന്ന തീക്കൂന. എന്തു ചെയ്യണമെന്ന് ആലോചിക്കാനുള്ള സമയമില്ല. രണ്ടും കൽപിച്ച് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് എടുത്തുചാടി. ആ ചാട്ടം ജീവിതത്തിലേക്കുള്ള രണ്ടാം വരവായിരുന്നു.
കുവൈത്ത് തീപിടിത്തത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ ഒളവറയിലെ ടി.വി.നളിനാക്ഷൻ ഇന്നലെ ഉച്ചയ്ക്കു ശേഷം നാട്ടിൽ മടങ്ങിയെത്തി. കെട്ടിടത്തിൽ നിന്നുള്ള ചാട്ടത്തിൽ വാരിയെല്ലിനും മറ്റും സാരമായി പരുക്കേറ്റതിനെ തുടർന്നു ശസ്ത്രക്രിയയ്ക്ക് വിധേയനായി അവിടെ ചികിത്സയിലായിരുന്നു. കുവൈത്ത് ദുരന്തത്തിന് ഇന്നു 2 മാസം തികയും. ജൂൺ 12നു പുലർച്ചെയായിരുന്നു ദുരന്തമുണ്ടായത്.
കൊച്ചിയിൽ വിമാനമിറങ്ങിയ നളിനാക്ഷൻ വന്ദേഭാരത് എക്സ്പ്രസിൽ കണ്ണൂരിൽ എത്തി. അവിടുന്ന് നേരെ പറശ്ശിനിക്കടവ് മുത്തപ്പന്റെ സന്നിധിയിലേക്ക്. തൊഴുതിറങ്ങി മുത്തപ്പന്റെ പ്രസാദവും കഴിച്ച ശേഷമാണ് വീട്ടിലെത്തിയത്. ബന്ധുക്കളും മിത്രങ്ങളും പൂക്കളും മധുരവും നൽകി നളിനാക്ഷനെ സ്വീകരിച്ചു ഭാര്യ ബിന്ദുവും മകനും കഴിഞ്ഞമാസം കുവൈത്തിൽ എത്തിയിരുന്നു. ഭാര്യക്കൊപ്പമാണ് നളിനാക്ഷൻ നാട്ടിലേക്കു മടങ്ങിയത്. കുവൈത്ത് ദുരന്തം അറിഞ്ഞതുമുതൽ ആശങ്കയിലും ഭീതിയിലുമായിരുന്ന അമ്മ ടി.വി.യശോദക്ക് മകനെ നേരിട്ടു കണ്ടപ്പോഴാണ് ശ്വാസം വീണത്. അനുഭവങ്ങൾ വിവരിക്കുമ്പോൾ പലപ്പോഴും നളിനാക്ഷൻ കണ്ണീരണിഞ്ഞു.
സാധാരണ നിലയിൽ രാവിലെ 5.30 നാണ് എഴുന്നേൽക്കുക. സംഭവദിവസം പുലർച്ചെ 4ന് ഉണർന്നു. അപ്പോഴാണ് തീയും പുകയും കണ്ടത്. തൊട്ടടുത്ത മുറിയിലേക്ക് ഓടുമ്പോഴേക്കും അവിടെയുള്ളവർ രക്ഷപ്പെടാൻ ശ്രമം തുടങ്ങിയിരുന്നു. കോറിഡോറിലൂടെ വീണുമരിച്ച മരിച്ച നിതിനും മറ്റുമായിരുന്നു അടുത്ത മുറിയിൽ. ദുരന്തത്തിൽ മരിച്ച കുഞ്ഞിക്കേളുവിനെക്കുറിച്ച് പറയുമ്പോൾ നളിനാക്ഷൻ വിതുമ്പി. ദുരന്തത്തിൽപ്പെട്ട കാസർകോട്ടെ രഞ്ജിത്തിനെയും ഓർത്തു. മരിച്ച 80 ശതമാനം പേരും അടുത്ത ബന്ധമായിരുന്നു. എൻബിടിസി കമ്പനിയിൽ ബാങ്കിടപാടിന്റെ ചുമതല ഉള്ളതിനാലും കാസർകോട് അസോസിയേഷന്റെ ഭാരവാഹിയെന്ന നിലയിലും എല്ലാവരുമായും നല്ല ബന്ധമായിരുന്നെന്നും നളിനാക്ഷൻ അനുസ്മരിച്ചു.
കമ്പനി എല്ലാറ്റിനും ഒപ്പം നിന്നു. മികച്ച ചികിത്സ നൽകി. ഗുരുതരമായി പരുക്കേറ്റു ആശുപത്രിയിൽ കഴിയുമ്പോൾ കൂടെ നിന്നു നിന്നു പരിചരിച്ചവരോടുള്ള നന്ദി വാക്കുകളിൽ ഒതുക്കാനാകില്ലെന്നും നളിനാക്ഷൻ പറയുന്നു. വാരിയെല്ലിനും കഴുത്തിനുമാണ് പ്രധാന പ്രശ്നം. ശരിയായി വരുന്നുണ്ട്. 2 മാസത്തിലധികം ഇതേനിലയിൽ ചികിത്സ തുടരണമെന്നും അദ്ദേഹം പറഞ്ഞു.