നൂറ് വർണബലൂണുകൾ വാനിലേക്കുയർത്തി; ചരിത്രമായി പൂർവവിദ്യാർഥി സംഗമം
Mail This Article
പുല്ലൂർ ∙ നൂറ് വർഷത്തിന്റെ തുടിക്കുന്ന ഓർമകളുമായി നൂറു വർണ ബലൂണുകൾ വാനിലേക്കുയർന്നു. പുല്ലൂർ ജിയുപി സ്കൂൾ മുറ്റത്ത് വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നവർ സ്നേഹ സൗഹൃദങ്ങൾ പങ്കിട്ടു. 1940 ലെ പൂർവവിദ്യാർഥി മുതൽ 2023ൽ പഠിച്ചിറങ്ങിയ ഇളമുറക്കാരൻ വരെ സ്കൂളിന്റെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് നടന്ന പൂർവ വിദ്യാർഥി മഹാസംഗമത്തിനെത്തി. വിദ്യാലയമുറ്റത്ത് ഒരു ദിവസം മുഴുവൻ ചെലവിട്ടിട്ടിട്ടും പറഞ്ഞു തീരാത്ത വിശേഷങ്ങൾ ബാക്കിയാക്കിയാണ് എല്ലാവരും വൈകിട്ട് സ്കൂളിന്റെ പടവുകളിറങ്ങിയത്.
പ്രമുഖ സാഹിത്യകാരനും പ്രഭാഷകനുമായ കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. സത്യം നുണയുടെ വസ്ത്രമണിഞ്ഞ് നടക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നുണകളാണ് ജീവിതോപായം എന്നു വിശ്വസിക്കുന്ന കാലത്താണ് സത്യത്തിന്റെ ദൈവമായ മഹാബലിയെ നാം ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൂർവ വിദ്യാർഥി കൂട്ടായ്മ ചെയർമാനും ചിത്രകാരനുമായ രാജേന്ദ്രൻ പുല്ലൂർ അധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ മുഖ്യാതിഥിയായി. സ്കൂൾ പ്രധാനാധ്യാപകൻ പി.ജനാർദനൻ കല്പറ്റ നാരായണനെ ആദരിച്ചു.
ശശിധരൻ കണ്ണാങ്കോട്ട്, ദിവാകരൻ വിഷ്ണുമംഗലം, വാർഡ് മെമ്പർ ടി.വി. കരിയൻ, പിടിഎ പ്രസിഡന്റ് പി.ബാലകൃഷ്ണൻ, മദർ പിടിഎ പ്രസിഡന്റ് കെ.നിഷ, എസ്എംസി ചെയർമാൻ ഷാജി കൊടവലം, സ്റ്റാഫ് സെക്രട്ടറി എം.വി.രവീന്ദ്രൻ, എ.ടി.ശശി എന്നിവർ പ്രസംഗിച്ചു. സംഗമത്തിന്റെ ഭാഗമായി പാട്ടരങ്ങ്, സംഘടനാ ചർച്ച, നാട്ടുവർത്തമാനം എന്നിവയുമുണ്ടായി.