വെയിലും മഴയും കൊള്ളാതെ പാർക്കിങ്ങിന് ഓട്ടോറിക്ഷകൾക്ക് കരുതൽ
Mail This Article
അണങ്കൂർ ∙ വെയിലും മഴയും കൊള്ളാതെ പാർക്കിങ്ങിന് ഓട്ടോറിക്ഷകൾക്ക് കരുതൽ. അണങ്കൂർ ജംക്‌ഷൻ സമീപം ദേശീയപാത സർവീസ് റോഡ് അരികിൽ മുപ്പതോളം ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നുണ്ട്. കനത്ത വെയിലിലും മഴയത്തും പാർക്കിങ് വലിയ ദുരിതം തന്നെയാണ് ഡ്രൈവർമാർക്ക്. റിക്ഷയിൽ കയറുന്ന യാത്രക്കാർക്കും ദുരിതം ചെറുതല്ല. ഇത് പരിഹരിക്കാൻ മുപ്പതോളം ഓട്ടോ ഡ്രൈവർമാർ 500 രൂപ വീതം എടുത്ത് 20 മീറ്ററോളം നീളത്തിൽ പന്തൽ ഒരുക്കി ഷീറ്റ് പാകി. വർണാഭമായ പന്തൽ കാണാൻ നല്ല ചന്തം. ഒരു വർഷം വരെ ഇത് നിലനിൽക്കും. സർവീസ് റോഡ് അരികെ ബസ് സ്റ്റോപ്പും ഉണ്ട്. ബസ് സ്റ്റോപ്പിൽ യാത്രക്കാർ വെയിലും മഴയും കൊള്ളുന്നത് കണ്ട ഓട്ടോ ഡ്രൈവർമാർ അവരെയും സഹായിക്കാൻ പ്ലാസ്റ്റിക് താർ പാളി പന്തൽ ഒരുക്കി.
താർ പാളി മേലാപ്പ് ഒരുക്കാൻ ആവശ്യമായ കമ്പിക്കാൽ ദേശീയപാത നിർമാണ കമ്പനി ഊരാളുങ്കൽ സൊസൈറ്റി അധികൃതർ നൽകി സഹായിച്ചു. ഇവിടെ വാഹന ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും മറ്റും സഹായമായി എത്താൻ അണങ്കൂർ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ എന്നും മുന്നിലുണ്ടാകും. പരിസര ശുചിത്വം ഉറപ്പു വരുത്തുന്നതിൽ ഉൾപ്പെടെ അവർ എന്നും കരുതൽ തന്നെ.