ടാറ്റയുടെ ആ ട്വീറ്റ്; കാസർകോടിന് കിട്ടിയത് കോവിഡ് ആശുപത്രി; നിർമാണം പൂർത്തിയാക്കിയത് 124 ദിവസങ്ങൾക്കുള്ളിൽ
Mail This Article
കാസർകോട്∙ കോവിഡ് കത്തിപ്പടരുന്ന ദിവസങ്ങളായിരുന്നു അത്. രത്തൻ ടാറ്റയുടെ ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. ടാറ്റാ ട്രസ്റ്റും ടാറ്റ സ്ഥാപനങ്ങളും ചേർന്ന് രാജ്യത്തെ കോവിഡ് പ്രതിരോധത്തിനായി 500 കോടി നൽകുമെന്നായിരുന്നു ട്വീറ്റ്. ആ 500 കോടിയിൽ 60 കോടിയുടെ കെട്ടിടം എത്തിയത് കാസർകോട്ടേക്ക്. കോവിഡ് കാലത്ത് ജില്ലയിലെ നൂറുകണക്കിനാളുകളുടെ ജീവൻ രക്ഷിച്ച ടാറ്റ കോവിഡ് ആശുപത്രി ചട്ടഞ്ചാലിൽ ഒരുങ്ങിയത് അങ്ങനെയാണ്.
വ്യവസായ ലോകത്തിന്റെ കുലപതി എന്നതിനപ്പുറം പ്രതിസന്ധിയുടെ കാലത്ത് കരുണയുടെ കരങ്ങൾ നീട്ടിയ മനുഷ്യസ്നേഹി കൂടിയായാണ് കാസർകോട്ടെ ജനങ്ങൾ ഇന്നലെ അന്തരിച്ച രത്തൻ ടാറ്റയെ എക്കാലവും ഓർക്കുക. കോവിഡ് സമയത്ത് അതിർത്തികൾ അടച്ച് അയൽ സംസ്ഥാനമായ കർണാടക പോലും ചികിത്സ നിഷേധിച്ചപ്പോൾ, ഇദ്ദേഹം നിർമിച്ചു നൽകിയ ആശുപത്രിയാണ് മഹാമാരിയെ അതിജീവിക്കാൻ കാസർകോടിനു സഹായമായത്.
കോവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനും കരുത്തു പകർന്നത് ഈ ആശുപത്രിയാണ്. അയ്യായിരത്തിലധികം കോവിഡ് ബാധിതർക്കാണ് ഇവിടെ ചികിത്സ നൽകിയത്.രത്തൻ ടാറ്റയുടെ ട്വീറ്റിനു പിന്നാലെ ടാറ്റ ഗ്രൂപ്പ് പ്രതിനിധികൾ സംസ്ഥാന സർക്കാരുമായി ബന്ധപ്പെടുകയും കോവിഡ് ചികിത്സയ്ക്കു മാത്രമായി ഒരു പ്രത്യേക ആശുപത്രി നിർമിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയുമായിരുന്നു.
ലോക്ഡൗൺ മൂലം തൊഴിലാളികളെ കിട്ടാനുള്ള ബുദ്ധിമുട്ടും സാമഗ്രികൾ എത്തിക്കാനുള്ള പ്രയാസവുമൊക്കെ മറികടന്നാണ് വെറും 124 ദിവസങ്ങൾക്കുള്ളിൽ ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കിയത്. ദേശീയപാതയ്ക്കരികിൽ ചട്ടഞ്ചാലിൽ സർക്കാർ ഏറ്റെടുത്തു നൽകിയ 4.12 ഏക്കർ ഭൂമിയിൽ ആശുപത്രിയുടെ പണി തുടങ്ങിയത് 2020 ഏപ്രിൽ 11ന്. സെപ്റ്റംബർ 9 നു പണി പൂർത്തിയാക്കി സർക്കാരിനു കൈമാറുകയും ചെയ്തു.
പ്രീഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു നിർമാണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടാറ്റയുടെ സ്റ്റീൽ പ്ലാന്റുകളിൽ നിർമിച്ച കണ്ടെയ്നറുകളാണ് ഇതിനുപയോഗിച്ചത്. 128 കണ്ടെയ്നറുകളാണ് സ്ഥാപിച്ചത്. ഒരേസമയം 553 രോഗികളെ ചികിത്സിക്കാനുള്ള കിടക്കയും അനുബന്ധസൗകര്യങ്ങളും ഇതിലുണ്ടായിരുന്നു. സംസ്ഥാനത്തെ ഏക കോവിഡ‍് സ്പെഷൽ ആശുപത്രിയും ഇതായിരുന്നു.