ADVERTISEMENT

കാഞ്ഞങ്ങാട് ∙ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർകൂടി മരിച്ചു. കിണാവൂരിലെ പരേതനായ അമ്പൂഞ്ഞിയുടെ മകൻ കെ.രതീഷ് (32), കരിന്തളം കൊല്ലംപാറ മഞ്ഞളംകാട്ടെ ബിജു (38) എന്നിവരാണു മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. കഴിഞ്ഞദിവസം മരിച്ച സി.സന്ദീപിന്റെ അടുത്ത സുഹൃത്തുക്കളാണ് രതീഷും ബിജുവും. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു.  നീലേശ്വരം എഫ്സിഐ ഗോഡൗണിലെ തൊഴിലാളിയായ രതീഷ് നേരത്തേ കയ്യൂരിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു. അവിവാഹിതനാണ്. അമ്മ ജാനകി. സഹോദരിമാർ: കാഞ്ചന, രാഗിണി. കൊല്ലംപാറയിൽ വാൻ ഡ്രൈവറാണ് ബിജു. നേരത്തേ, ബസ് കണ്ടക്ടറായിരുന്നു. കെ.വി.ചന്ദ്രൻ - എം.കെ.സുശീല ദമ്പതികളുടെ മകനാണ്. ഭാര്യ മഞ്ജു. മക്കൾ: ആദിശങ്കർ, അദ്വൈത്. സഹോദരി കെ.വിദ്യ. ഇതിനിടെ, അപകടത്തെത്തുടർന്ന് അറസ്റ്റിലായവർക്കു ലഭിച്ച ജാമ്യം നടപ്പാക്കുന്നത് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തടഞ്ഞു.

വെടിക്കെട്ടപകടത്തിൽ മരിച്ച സി.സന്ദീപിന്റെ മൃതദേഹം നീലേശ്വരം ചോയ്യോങ്കോട് ടൗണിൽ പൊതുദർശനത്തിനു വച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവർ. 
ചിത്രം: മനോരമ
വെടിക്കെട്ടപകടത്തിൽ മരിച്ച സി.സന്ദീപിന്റെ മൃതദേഹം നീലേശ്വരം ചോയ്യോങ്കോട് ടൗണിൽ പൊതുദർശനത്തിനു വച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവർ. ചിത്രം: മനോരമ

കേസിലെ ഒന്നും രണ്ടും പ്രതികളായ ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ, കെ.ടി.ഭരതൻ, പടക്കത്തിന് തീകൊളുത്തിയ ഏഴാംപ്രതി പി.രാജേഷ് എന്നിവർക്കു ജാമ്യം ലഭിച്ചിരുന്നു.  എന്നാൽ, സന്ദീപിന്റെ മരണത്തോടെ ജാമ്യം നടപ്പാക്കുന്നത് നീട്ടിവയ്ക്കാൻ കോടതി നിർദേശിച്ചു. ജാമ്യം ലഭിച്ച് ജയിലിൽനിന്നു പുറത്തിറങ്ങിയ പി.കെ.ചന്ദ്രശേഖരൻ, കെ.ടി.ഭരതൻ എന്നിവർക്കു തിരികെയെത്താൻ നോട്ടിസ് നൽകി. രാജേഷ് ജയിലിൽ തുടരുകയാണ്. 9 പേരെയാണ് പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. 4 പേരെയാണ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇതുവരെ അറസ്റ്റ് ചെയ്തത്.

വീരർകാവ് വെടിക്കെട്ടപകടം സന്ദീപിന് നാടിന്റെ യാത്രാമൊഴി; മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരുംഅന്തിമോപചാരം അർപ്പിച്ചു
നീലേശ്വരം ∙ വലിച്ചുകെട്ടിയ തുണിപ്പന്തലിന് താഴെ കണ്ണീരിൽ കുതിർന്ന് ജനസാഗരം. അഞ്ഞൂറ്റമ്പലം വീരർക്കാവ് വെടിക്കെട്ട് അപകടത്തിൽ മരിച്ച കിണാവൂർ റോഡിലെ ഓട്ടോത്തൊഴിലാളി സി.സന്ദീപിന് നാട് വേദനയോടെ വിടചൊല്ലി. ഉറ്റകൂട്ടുകാരായിരുന്നു അയൽക്കാരായ സന്ദീപും ഇന്നലെ മരിച്ച രതീഷും. ഇന്നലെ പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം സന്ദീപിന്റെ ഭൗതിക ശരീരം വഹിച്ചുള്ള വാഹനയാത്ര സ്വദേശമായ ചോയ്യംങ്കോട്ടേക്ക് തിരിച്ചു. ചായോത്തുനിന്ന് ഓട്ടോറിക്ഷകളുമായി സഹപ്രവർത്തകരും പ്രിയപ്പെട്ടവന്റെ അന്ത്യയാത്രയെ അനുഗമിച്ചു. തുടർന്ന് ചോയ്യംങ്കോട് ടൗണിൽ എത്തിച്ച മൃതദേഹം അവിടെ പൊതുദർശനത്തിന് വച്ചു. തുടർന്ന് വൈകിട്ട് 5.45 ഓടെ വീട്ടിലേക്ക്.

കാണാൻ വയ്യ!
വെടിക്കെട്ടപകടത്തിൽ മരിച്ച സി.സന്ദീപിന്റെ മൃതദേഹം നീലേശ്വരം ചോയ്യോങ്കോട്ടെ വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് അടുത്തെത്തിയ ഭാര്യ വിജില. ചിത്രം: അഭിജിത്ത് രവി / മനോരമ
കാണാൻ വയ്യ! വെടിക്കെട്ടപകടത്തിൽ മരിച്ച സി.സന്ദീപിന്റെ മൃതദേഹം നീലേശ്വരം ചോയ്യോങ്കോട്ടെ വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് അടുത്തെത്തിയ ഭാര്യ വിജില. ചിത്രം: അഭിജിത്ത് രവി / മനോരമ

ദുഃഖം തളംകെട്ടി നിന്ന നിശബ്ദതയിലേക്ക്, വീടിന്റെ മുറ്റത്തേക്ക് സന്ദീപിന്റെ ശരീരം പൊതുദർശനത്തിനായി വച്ചു. വെടിക്കെട്ടപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടവരും സന്ദീപിന് യാത്രമൊഴിയേകാൻ എത്തിയിരുന്നു. പ്രിയതമനെ ഒരു നോക്ക് കണ്ടയുടൻ ഭാര്യ വിജില തളർന്നുവീണു.  മകന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ തേങ്ങിക്കരഞ്ഞ് അച്ഛൻ കുഞ്ഞിരാമനും അമ്മ സാവിത്രിയും. അപ്പോഴേക്കും മഴ പുറത്ത് ഇരമ്പിയാർത്തു. സന്ദീപിന്റെ അയൽവാസി രജിത്  മംഗളൂരുവിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോഴും തുടരുകയാണ്. ഉറ്റസുഹൃത്തുക്കൾ ഒരുമിച്ചാണ് കളിയാട്ടം കാണാൻ വീരർകാവിലേക്ക് പോയത്.

സന്ദീപിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അച്ഛൻ കുഞ്ഞിരാമൻ
സന്ദീപിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അച്ഛൻ കുഞ്ഞിരാമൻ

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കലക്ടർ കെ.ഇമ്പശേഖർ, തഹസിൽദാർ വി.മുരളീധരൻ, മുൻ എംപി പി.കരുണാകരൻ, നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി.ശാന്ത, കിനാനൂർ–കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ ബേളൂർ, മനോജ് തോമസ്, സിപിഎം ഏരിയ സെക്രട്ടറി എം.രാജൻ, മടിക്കൈ പഞ്ചായത്ത് വൈ.പ്രസിഡന്റ് പി.പ്രകാശൻ, സിപിഐ നേതാക്കളായ സി.പി.ബാബു, പി.വിജയ കുമാർ എന്നിവർ അന്തിമോപചാരം അർപ്പിക്കാൻ എത്തി. രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കു വേണ്ടി ഡിസിസി നിർവാഹക സമിതി അംഗം സി.വി.ഭാവനൻ റീത്ത് സമർപ്പിച്ചു. ഇന്നലെ മരിച്ച രതീഷിന്റെ വീടും പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിത്തിന്റെ വീടും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വൈകിട്ടോടെ സന്ദർശിച്ചു.

English Summary:

Neeleswaram grieves the loss of C. Sandeep, an auto driver who tragically died in the fireworks accident at Anjoottambalam Veerar Kavu Temple. The community gathers to mourn and bid farewell as details of the tragedy unfold.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com