ADVERTISEMENT

ശാസ്താംകോട്ട ∙ ഉത്രാട നാളിൽ നാക്കിലയിൽ‍ വിഭവസമൃദ്ധമായ സദ്യയുണ്ട് ശാസ്താംകോട്ട ധർമശാസ്താക്ഷേത്രത്തിൽ വാനരക്കൂട്ടത്തിന്റെ ഓണാഘോഷത്തിനു തുടക്കമായി. ശാസ്താവിന്റെ ഇഷ്ടതോഴന്മാർക്കായി ഇന്ന് നാലമ്പലത്തിനുള്ളിലെ വാനര ഭോജനശാലയിൽ തിരുവോണ സദ്യയും നടത്തും. ഇലയിട്ട് പച്ചടിയും കിച്ചടിയും അവിയലും തോരനും മുതൽ പായസം വരെയുള്ള വിഭവങ്ങൾ വിളമ്പത്തുടങ്ങിയതു മുതൽ മരത്തിന്റെയും മതിലിന്റെയും മുകളിലേക്കു വാനരന്മാർ എത്തിത്തുടങ്ങി. ചോറു വിളമ്പി പരിപ്പ് ഒഴിച്ചെങ്കിലും വിളിക്കാതെ വരില്ലെന്ന ശീലം ഇത്തവണയും തെറ്റിച്ചില്ല.

വിളമ്പുകാർ മാറിയ ശേഷം 'ഉണ്ണാൻ വിളിച്ചതോടെ' കുഞ്ഞുങ്ങൾ മുതൽ മുത്തച്ഛന്മാർ വരെയുള്ള വാനരപ്പട വരിവരിയായി ഇലകൾക്കു മുന്നിലെത്തി. ഇണങ്ങിയും പോരടിച്ചും അടുത്ത ഇല കയ്യടക്കിയും നൂറോളം വരുന്ന വാനരക്കൂട്ടം ആവേശത്തോടെയാണ് ഓരോ വിഭവങ്ങളുടെയും രുചി ആസ്വദിച്ചത്. പഴവും പായസവുമാണ് കൂടുതൽപേർക്കും ഇഷ്ടമായത്. പതിറ്റാണ്ടുകളായി ക്ഷേത്രത്തിൽ വാനരന്മാര്‍ക്കായി നടന്നുവരുന്ന ഉത്രാടസദ്യ കാണാൻ ഒട്ടേറെ ഭക്തരും എത്തിയിരുന്നു. മനക്കര ശ്രീശൈലത്തിൽ എം.വി.അരവിന്ദാക്ഷൻ നായരാണ് ക്ഷേത്രത്തിൽ ഉത്രാടനാളിൽ വാനരസദ്യ നടത്തുന്നത്. പ്രവാസിയായ കന്നിമേലഴികത്ത് ബാലചന്ദ്രൻ പിള്ളയുടെ വകയാണ് തിരുവോണസദ്യ.

എൻഎസ്എസ് കരയോഗങ്ങൾ

ചവറ∙ എൻഎസ്എസ് ഭരണിക്കാവ് 5552–ാം നമ്പർ മന്നം സ്മാരക കരയോഗം ഓണാഘോഷവും ഭക്ഷ്യധാന്യക്കിറ്റ് വിതരണവും സംഘടിപ്പിച്ചു. സെക്രട്ടറി രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കോഓർഡിനേറ്റർ സന്ധ്യ ഓണക്കിറ്റ് വിതരണം ചെയ്തു. വനിത സമാജം പ്രസിഡന്റ് ജയകുമാരി, സെക്രട്ടറി രതികുമാരി തുടങ്ങിയവർ പ്രസംഗിച്ചു.

ചവറ∙ എൻഎസ്എസ് പഴഞ്ഞിക്കാവ് ശ്രീകൃഷ്ണ വിജയം കരയോഗം കുടുംബസംഗമവും ഓണാഘോഷവും എൻഎസ്എസ് ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻ.വി.അയ്യപ്പൻപിള്ളയെ ആദരിച്ചു. പ്രസിഡന്റ് വി.ചന്ദ്രൻ നായർ അധ്യക്ഷനായി. സെക്രട്ടറി ജെ.വേണുകുമാർ, സുരേന്ദ്രൻ നായർ, ശശിധരൻ നായർ, വീണ, രാജേഷ്, എ.സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.

കരുനാഗപ്പള്ളി ∙ ആദിനാട് തെക്ക് 113-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നവതി പിന്നിട്ട അംഗങ്ങളെ അവരുടെ വീടുകളിലെത്തി ഓണക്കോടി നൽകി ആദരിച്ചു. കരയോഗം പ്രസിഡന്റ് ആർ.രാധാകൃഷ്ണപിള്ള, സെക്രട്ടറി എൻ.രാമചന്ദ്രൻപിള്ള, യുണിയൻ കമ്മിറ്റി അംഗം കെ.ചന്ദ്രൻപിള്ള, വനിത സമാജം പ്രസിഡന്റ് ബി.ജയകുമാരി , കെ.സുകുമാരപിള്ള, എസ്.ശ്രീകുമാർ, പി.അരവിന്ദാക്ഷൻ പിള്ള, ജി.അനിൽകുമാർ എന്നിവർ പങ്കെടുത്തു. 

വിമുക്തി ലൈബ്രറി 

കരുനാഗപ്പള്ളി ∙ വിമുക്തി ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണം ഭക്ഷ്യ കിറ്റിന്റെ വിതരണ ഉദ്ഘാടനം സിനിമ സംവിധായകൻ അനിൽ വി.നാഗേന്ദ്രൻ നിർവഹിച്ചു. നഗരസഭയിലെ വിവിധ ഡിവിഷനുകളിലെ 67 കുടുംബങ്ങൾക്കും ഓണം ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. അസി.എക്സൈസ് കമ്മിഷണർ വി.രാജേഷ് അധ്യക്ഷത വഹിച്ചു. വി.റോബർട്ട്, കുമാരി സാഗര, ഋതേഷ്, അഞ്ചൽ ഉദയകുമാർ, വി.വിജയകുമാർ, സിന്ധു, എ.രാജു, പി.ശിവപ്രസാദ്, ഷെറിൻ രാജ്, അബ്ദുൽ മനാഫ്, വി.എൽ.വിജിലാൽ, വൈ.സജീകുമാർ എന്നിവർ പ്രസംഗിച്ചു.

എസ്പിസി ഓണം ക്യാംപ് 

കരുനാഗപ്പള്ളി ∙ തഴവ ആദിത്യവിലാസം ഗവ. ഹൈസ്ക്കൂളിൽ നടന്ന എസ്പിസി ഓണം ക്യാംപ് ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ്.കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.സതീശൻ, ഹെഡ്മിസ്ട്രസ് ജ്യോതി, ഡപ്യൂട്ടി ഹെഡ്മിസ്ട്രസ് വി.എസ്.കവിത, സിപിഒ പത്മകുമാർ, എസിപിഒ വിജയലക്ഷ്മി, ഡിഐ കെ.മഹേഷൻ, അബ്ദുൽസലീം, വിനീഷ്, ആർ.മിനി, ഐറിൻ, വി.സോൺ എന്നിവർ പ്രസംഗിച്ചു. 

3 ദിവസങ്ങളായി നടന്ന ക്യാംപിൽ പ്രസന്നൻ നായർ, ഡോ.ജയകൃഷ്ണൻ, ഹരിപ്രസാദ് എന്നിവർ ക്ലാസ് എടുത്തു. ചുനാട് മാതൃജ്യോതി വ‍‍ൃദ്ധസദനത്തിലെ അമ്മമാരോടൊപ്പം ഒരു ദിവസത്തെ ഓണം ആഘോഷിച്ചു.

പൊലീസ് അസോസിയേഷൻ 

പുത്തൂർ ∙ കേരള പൊലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷവും ഓണക്കോടി വിതരണവും  പുത്തൂർ സായന്തനം ഗാന്ധി ഭവനിൽ റൂറൽ എസ്പി കെ.ബി.രവി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമ ലാൽ പ്രഭാഷണം നടത്തി. ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫ്, പുത്തൂർ ഇൻസ്പെക്ടർ എസ്എച്ച്ഒ ജി.സുഭാഷ് കുമാർ, ടി.അജിത് കുമാർ , കെ.ശിവേഷ്, എ.സാനി, അനീഷ് കൃഷ്ണൻ, ആർ.രാജീവൻ, എസ്.ഷൈജു , വി.പി.ബിജു, വിവേക് മോഹൻ, എസ്.എൽ.സുജിത്ത്,  ജില്ലാ സെക്രട്ടറി എസ് ഗിരീഷ്,  കോട്ടാത്തല ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. മുഴുവൻ അന്തേവാസികൾക്കും ഓണക്കോടി സമ്മാനിച്ചു.

യൂത്ത് കോൺഗ്രസ് ഓണക്കിറ്റ് 

കരുനാഗപ്പള്ളി ∙ യൂത്ത് കോൺഗ്രസ് കുലശേഖരപുരം മണ്ഡലം കമ്മിറ്റി ശമ്പളം ലഭിക്കാത്ത കെഎസ്ആർടിസി ജീവനക്കാർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് റഷീദ് വിതരണ ഉദ്ഘാടനം നടത്തി. മണ്ഡലം പ്രസിഡന്റ് ആഷിഖ് കോട്ടയടിയിൽ അധ്യക്ഷത വഹിച്ചു. അജീഷ് പുതുവീട്ടിൽ, ബിജു പുത്തൻ കണ്ടത്തിൽ, അജ്നാസ്, രാഹുൽ, അഭിരാജ്, കെ.എസ്.ശരത്, ആശിഖ് എന്നിവർ നേതൃത്വം നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com