ADVERTISEMENT

കൊല്ലം∙ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടിയാണ് വാടി പനമൂട് പുരയിടം കാർമൽ കോട്ടേജിൽ നിബിൻ ഇസ്രയേലിലേക്കു പോയത്. പക്ഷേ, ആ സ്വപ്നം ബാക്കിവച്ചാണ് നിബിന്റെ നിശ്ചലമായ മടക്കം. ‘നീ രക്ഷപ്പെടാൻ പോയതല്ലേടാ.... എന്റെ കുഞ്ഞിന് ഒന്നു സംഭവിക്കില്ല’ – നിബിന്റെ മാതാവ് റോസ്‌ലിൻ അലമുറയിട്ടു കരയുമ്പോൾ സാന്ത്വനിപ്പിക്കുവാൻ ബന്ധുക്കൾക്കും അയൽവാസികൾക്കും വാക്കുകളില്ല. വാർത്ത കേട്ടറിഞ്ഞ് എത്തിയവർ അമ്മയുടെ നൊമ്പരം കേട്ടു വിതുമ്പി. 

ആന്റണി മാക്സ്‌വെൽ–റോസ്‌ലിൻ ദമ്പതികൾക്ക് 3 ആൺ മക്കൾ. രണ്ടാമത്തെ മകനാണ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട നിബിൻ. ഭാര്യയുടെ കരച്ചിൽ കേൾക്കാനാകാതെ വീടിനു പുറത്തിറങ്ങി നിൽക്കുകയാണ് ആന്റണി. വാടി കടപ്പുറത്തിന്റെ മകനായ ആന്റണി മറ്റുള്ളവരെ ധൈര്യപ്പെടുത്താനും ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കാനും ശ്രമിക്കുന്നുണ്ട്. 

ആന്റണി മാക്സ്‌വെലിന്റെ വാക്കുകൾ: കോഴി ഫാമിലാണ് നിബിൻ ജോലി ചെയ്തിരുന്നത്. അവിടെ നേരത്തേ ഷെൽ ആക്രമണത്തിൽ കുറെ കോഴികൾ ചത്തിരുന്നു. മറ്റു കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് അന്ന് അവൻ പറഞ്ഞത്. ഇസ്രയേലിൽ അപകടം നടന്ന കാര്യം തിങ്കളാഴ്ച വൈകിട്ട് ഏകദേശം നാലരയ്ക്കു മൂത്ത മകൻ നിവിനാണ് വിളിച്ചു പറഞ്ഞത്. ഞാൻ അപ്പോൾ വീട്ടിലിരിക്കുകയായിരുന്നു. പുറത്തേക്ക് ഇറങ്ങാൻ പറഞ്ഞു.

പിന്നീടാണ് അപകട വാർത്ത പറഞ്ഞത്. 2 തായ്‌ലൻഡുകാർ കൊല്ലപ്പെട്ടെന്നും നിബിന് നേരിയ പരുക്കുണ്ടെന്നും മാത്രമാണ് അപ്പോൾ അവൻ പറഞ്ഞത്. നിബിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് അഖിൽ ആശുപത്രിയിലേക്ക് പോയിട്ടുണ്ടെന്നും പറഞ്ഞു. അവർ അവിടെ പല ആശുപത്രികളിലും കയറിയിറങ്ങി. ഒടുവിൽ രാത്രി 12.45ന് നിബിൻ മരിച്ച വിവരം അവൻ സ്ഥിരീകരിച്ചു. 

ഗൾഫിൽ നല്ല ജോലി ലഭിച്ചില്ല. തിരികെ നാട്ടിൽ എത്തിയപ്പോഴാണ് ഇസ്രയേലിലേക്കുള്ള വീസ ലഭിച്ചതും അങ്ങോട്ടു പോയതും. നിബിന്റെ സഹോദരൻ നിവിനും ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ചാണ് ഇസ്രയേലിൽ എത്തിയതെന്നും ആന്റണി മാക്‌സ്‌വെൽ പറഞ്ഞു. നിബിന്റെ ഭാര്യ ഫിയോണ ഏഴു മാസം ഗർഭിണിയാണ്. ഭർത്താവിന്റെ മരണ വാർത്തയറിഞ്ഞ് ദേഹാസ്വാസ്ഥ്യം നേരിട്ടതോടെ ഫിയോണയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രി കെ.എൻ ബാലഗോപാൽ, എം. മുകേഷ് എംഎൽഎ എന്നിവർ വീട് സന്ദർശിച്ചു.

ലബനനിലെ സായുധസംഘടനയായ ഹിസ്ബുല്ല വടക്കൻ ഇസ്രയേലിൽ നടത്തിയ മിസൈൽ ആക്രമണത്തിലാണ് കൊല്ലം വാടി പനമൂട് പുരയിടം കാർമൽ കോട്ടേജിൽ പാറ്റ് നിബിൻ മാക്‌സ്‌വെൽ‌ (31) കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരുക്കേറ്റ ഇടുക്കി വാഴത്തോപ്പ് ഭൂമിയാംകുളം തൊട്ടിയിൽ ബുഷ് ജോർജ്, പോൾ മെൽവിൻ എന്നിവർ ഇസ്രയേലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ലബനൻ അതിർത്തിയോടു ചേർന്നുള്ള ഗലീലി മേഖലയിൽ മാർഗലിയറ്റ് എന്ന സ്ഥലത്തു തിങ്കളാഴ്ച രാവിലെയായിരുന്നു ആക്രമണം. ഗാസ യുദ്ധത്തെത്തുടർന്ന് ഈ മേഖലയിലേക്കും സംഘർഷം വ്യാപിച്ചിരുന്നു. 2 മാസം മുൻപു കാർഷിക വീസയിൽ ഇസ്രയേലിലെത്തിയ നിബിൻ കോഴി ഫാമിൽ ജോലി ചെയ്യുകയായിരുന്നു.

നോർക്ക ഇടപെട്ടുകെ.എൻ.ബാലഗോപാൽ (ധനമന്ത്രി)
ഇവിടെ നിന്നു ജോലിതേടി പോയവരാണ് ആക്രമണത്തിന് ഇരയായത്. ഇത്തരം സംഭവങ്ങൾ കൂട്ടത്തിലുള്ള ഒരാൾക്ക് നേരിടുമ്പോഴാണ് അതിന്റെ വേദന എത്രയധികം എന്ന് നമ്മൾ മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. നോർക്ക അധികൃതർ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. തുടർ നടപടികൾ വൈകരുതെന്നു നിർദേശം നൽകിയിട്ടുണ്ട്. 

മൃതദേഹം ഉടൻ എത്തിക്കണം: എൻ.കെ പ്രേമചന്ദ്രൻ എംപി
മൃതദേഹം നാട്ടിലെത്തിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രിയോടും ഇന്ത്യൻ എംബസി അംബാസഡറോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിർധന കുടുംബത്തിലെ ആകെയുളള വരുമാന സ്രോതസ്സാണ് നഷ്ടപ്പെട്ടത്. കുടുംബത്തിന് കേന്ദ്ര –സംസ്ഥാന സർക്കാരുകൾ സഹായ ധനം അനുവദിക്കണം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള മുഴുവൻ ചെലവും സർക്കാർ വഹിക്കണം. 

ദുഃഖത്തിൽ പങ്കു ചേരുന്നു: എം.മുകേഷ് എംഎൽഎ
മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന അറിയുന്നു. ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com