കണ്ടു നിന്നവർ ഞെട്ടി ! പാർക്ക് ചെയ്തിരുന്ന ജീപ്പ് തനിയെ സ്റ്റാർട്ടായി, മുന്നോട്ടു കുതിച്ചു; പിന്നെ മതിലിൽ ഇടിച്ചു നിന്നു
Mail This Article
അഞ്ചൽ ∙ വിചിത്രമായ കാഴ്ച കണ്ടു കുരിശുമുക്കിൽ നിന്നവർ ഞെട്ടി, ഹൊറർ സിനിമകളിലും മറ്റും കാണുന്നതുപോലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ജീപ്പ് തനിയെ സ്റ്റാർട്ടായി ഡ്രൈവറില്ലാതെ മുന്നോട്ടു കുതിക്കുന്നു ! 200 മീറ്ററോളം ഓടിയ ജീപ്പ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം മതിലിൽ ഇടിച്ചു നിന്നു.
ബോണറ്റിൽ നിന്നു വലിയ രീതിയിൽ പുക ഉയരുന്നതു കണ്ടു നാട്ടുകാർ ബോണറ്റ് തുറന്നു തീ അണച്ചു. ഇതിനിടെ വാഹനത്തിന്റെ ഉടമ ഓടിയെത്തി. വാഹനം ആരെങ്കിലും കള്ളത്താക്കോൽ ഉപയോഗിച്ചു കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതാണെന്നാണു വിളക്കുപാറ സ്വദേശിയായ അദ്ദേഹം കരുതിയത്.
സംഭവം കണ്ടു നിന്നവർ കാര്യം വിശദീകരിച്ചപ്പോഴാണു ഉടമയ്ക്കും മറ്റുള്ളവർക്കും ബോധ്യമായത്. ഇന്നലെ രാവിലെ പത്തോടെ ആയിരുന്നു അഞ്ചൽ – ആയൂർ റോഡിൽ അപൂർവ സംഭവം നടന്നത്. ജീപ്പിലെ ഇലക്ട്രിക്കൽ തകരാർ കാരണമാകാം തനിയെ സ്റ്റാർട്ട് ആയതെന്നാണു നിഗമനം.