അതിജീവനം; ഒപ്പം ഗൾഫിൽ ലഭിച്ചതിനെക്കാൾ വരുമാനവും സംതൃപ്തിയും
Mail This Article
കൊല്ലം ∙ രണ്ടര പതിറ്റാണ്ടോളം ഗൾഫിൽ എൻജിനീയറിങ് മേഖലയിൽ ജോലി ചെയ്ത കോട്ടയം സ്വദേശിയായ പി.കെ.ബൈജുവിന് അന്നു ലഭിച്ചതിനെക്കാൾ വരുമാനവും സംതൃപ്തിയും നൽകുന്നതു കൊല്ലത്തു നടത്തുന്ന കൃഷിയാണ്. കോർപറേഷൻ മേഖലയിൽ നാലര ഏക്കറോളം വരുന്ന വസ്തുവിൽ മരച്ചീനി മുതൽ മഞ്ഞൾ വരെ വളരുന്നതു കണ്ടാൽ തമിഴ്നാട്ടിലെ ഏതോ കൃഷിത്തോട്ടമാണെന്ന് തോന്നിയേക്കാം.
മണ്ണിൽ പൊന്നു വിളയിക്കുന്ന ബൈജുവിനും ഭാര്യ ആശ്രാമം ഇഎസ്ഐ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് മഞ്ജുഷ തങ്കപ്പനും ഇത് അതിജീവനത്തിന്റെ വിജയകഥ കൂടിയാണ്. കീമോതെറപ്പിയിലേക്കു നീണ്ട രോഗം മഞ്ജുഷയെ ബാധിച്ചപ്പോഴാണ് കുറച്ചു പേർക്കെങ്കിലും നല്ല പച്ചക്കറി നൽകണമെന്ന ആശയം ഉയർന്നത്. മഞ്ജുഷയാണ് അതു പറഞ്ഞത്.
അങ്ങനെ കിളികൊല്ലൂർ കൃഷിഭവനു സമീപമുള്ള അവരുടെ വീടിനു മുകളിൽ കുക്കുംബർ കൃഷി തുടങ്ങി. ഒരു ലക്ഷത്തിലേറെ രൂപയുടെ വരുമാനം ലഭിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ബൈജുവിന്റെ കുടുംബം പാരമ്പര്യ കൃഷിക്കാരാണ്. മട്ടുപ്പാവ് കൃഷിയിൽ ബൈജുവിന്റെ വിജയം കണ്ട കിളികൊല്ലൂർ അസി.കൃഷി ഓഫിസർ ബൈജു ഗോപാൽ ആണ്, അയത്തിൽ ജംക്‌ഷനു സമീപം റോസമ്മ ജോയി എന്ന വീട്ടമ്മയുടെ പുരയിടത്തിൽ കൃഷി ചെയ്യാമോ എന്നു ചോദിച്ചത്.
റോസമ്മ സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് ബൈജു കൃഷി ആരംഭിച്ചു. കിളികൊല്ലൂർ കൃഷി ഓഫിസർ റിയാസും ബൈജു ഗോപാലും ഒപ്പം നിന്നു. നൈസ് കുക്കുംബർ, സ്നോ വൈറ്റ് കുക്കുംബർ, തനി നാടൻ കുക്കുംബർ, വെണ്ട, പീച്ചിങ്ങ, പാവൽ, പയർ‍്, വഴുതന, മുളക്, വെള്ളരി, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, മരച്ചീനി, ചേന, കാച്ചിൽ, നേന്ത്രവാഴ, റെഡ് ലേഡി പപ്പായ.. തുടങ്ങിയ വൈവിധ്യങ്ങൾ നിറഞ്ഞു.
വൈകിട്ട് വിളവെടുത്ത് രാവിലെ സൂപ്പർമാർക്കറ്റിൽ എത്തിക്കും. ഓൺലൈൻ വിൽപനയുമുണ്ട്. ശരാശരി 5,000 രൂപ പച്ചക്കറിയിൽ നിന്നു ദിവസ വരുമാനമുണ്ട്. സൂപ്പർമാർക്കറ്റിൽ മാത്രം 50 കിലോ കുക്കുംബർ ദിവസവും നൽകും. കൃഷി ഭവന്റെ വിപണി മുഖേനയും വിൽപനയുണ്ട്.
മഞ്ജുഷയ്ക്ക് 2 മണി വരെയാണ് ആശുപത്രിയിൽ ഡ്യൂട്ടി. അതു കഴിഞ്ഞു വന്നാൽ ഭർത്താവിനോടൊപ്പം തോട്ടത്തിലാണ്. മഞ്ജുഷ ജോലി സംബന്ധമായി കൊല്ലത്ത് വന്നതോടെയാണ് ഇവർ ഇവിടെ താമസം ഉറപ്പിച്ചു കൃഷി തുടങ്ങിയത്. സ്കൂൾ വിദ്യാർഥികളായ മക്കൾ ആഷിക്കും ആദർശും മട്ടുപ്പാവിലെ കൃഷിയുമായി മാതാപിതാക്കൾക്കു പച്ചയായി പിന്തുണ നൽകുന്നുണ്ട്. കൃഷി ഈ കുടുംബത്തിന് അഭിമാനമാണ്.