വരുമാനം ലക്ഷങ്ങൾ, സ്വന്തം പേരിൽ സമ്പാദ്യം ഒന്നുമില്ല; ആ വഴി കണ്ടെത്തി, പറക്കുന്നത് മുംബൈയിലേക്ക്
Mail This Article
കൊല്ലം∙ ലഹരിമരുന്നായി ഉപയോഗിക്കുന്ന വേദനസംഹാരി ഗുളികകൾ വാങ്ങാനായി ജില്ലയിലെ പ്രധാന ലഹരി വ്യാപാരി പറക്കുന്നത് മുംബൈയിലേക്ക്. മരുന്നുകൾ കടത്തുന്നതാകട്ടെ ട്രെയിൻ മാർഗവും. ഇരവിപുരത്ത് 2 ദിവസം മുൻപ് പിടിയിലായ മയ്യനാട് വലിയവിള സൂനാമി ഫ്ലാറ്റ് നിവാസി മുംബൈ അനന്തു എന്ന അനന്തുവിനെയും(31) സുഹൃത്ത് ഫ്രാൻസിസിനെയും പിടികൂടി ചോദ്യം ചെയ്തതോടെയാണ് ലഹരി വരുന്ന വഴികളെക്കുറിച്ച് പൊലീസിന് വ്യക്തത വന്നത്.
ജില്ലയിലെ ലഹരിക്കച്ചവടത്തിന്റെ പ്രധാന ഇടപാടുകാരനാണ് പിടിയിലായിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. അമിതമായ ലഹരി ഉപയോഗം മൂലം ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളും ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ 2 പേരും മരിച്ചതോടെയാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. വേദനയ്ക്കായി ഉപയോഗിക്കുന്ന ഗുളികകളാണ് അനന്തുവും സുഹൃത്തുക്കളും ജില്ലയിൽ വ്യാപകമായി വിതരണം ചെയ്യുന്നത്. സൂനാമി ഫ്ലാറ്റ് നിവാസിയാണെങ്കിലും ഇയാൾ മയ്യനാട് വെള്ളാപ്പിൽമുക്ക് ഇരട്ടപ്പള്ളിക്ക് സമീപം വാടക വീട്ടിലാണ് താമസിക്കുന്നത്.
ഇവിടെ നിന്നുമാണ് പൊലീസും ഡാൻസാഫ് ടീമും പതിനയ്യായിരത്തോളം (157 സ്ട്രിപ്) ഗുളികകളും 1.90ലക്ഷം രൂപയും മൊബൈൽ ഫോണുകളും കണ്ടെടുത്തത്. അനന്തുവിന്റെ മുംബൈയിലെ സുഹൃത്തുക്കൾ വഴിയാണ് മരുന്നുകൾ വാങ്ങുന്നത്. അനന്തുവിന് ലക്ഷങ്ങളാണ് വരുമാനമെന്നും എന്നാൽ ഇയാളുടെ പേരിൽ സമ്പാദ്യം ഒന്നുമില്ലെന്നും പൊലീസ് പറയുന്നു. അനന്തുവിന്റെ സഹായികളാണ് ഗുളികകൾ ലയിപ്പിച്ച് ദ്രാവകമായി സിറിഞ്ചിലേക്ക് മാറ്റുന്ന പ്രക്രിയകൾ ചെയ്യുന്നത്.
വേദന സംഹാരിയായ ഗുളികകൾ ലഹരിക്കായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ജില്ലയിലാണെന്ന് പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അനന്തു പിടിയിലായത്. വേദന സംഹാരിക്കായി ഉപയോഗിക്കുന്ന ഗുളികകൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ഡ്രഗ്സ് കൺട്രോൾ വകുപ്പും വിശദമായ അന്വേഷണങ്ങളും പരിശോധനകളും ആരംഭിച്ചു.
ആദ്യ ഭാര്യയുടെ കാമുകനെ തട്ടിക്കൊണ്ടു പോയി കൈകാലുകൾ തല്ലിയൊടിച്ച കേസിലും ഇയാളെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശരീരത്തെ തകർത്ത്
കൊല്ലം∙ ലഹരി ഗുളികകൾ തലച്ചോറിന്റെയും നാഡീഞരമ്പുകളുടെയും പ്രവർത്തനം നശിപ്പിക്കും. സ്ഥിരമായ ഉപയോഗം വൃക്കകളെയാണ് ആദ്യം ബാധിക്കുന്നത്. താമസിയാതെ ഹൃദയത്തിന്റെയും കരളിന്റെയും പ്രവർത്തനവും നിലയ്ക്കാൻ ഇടയാകും.
ഒരു സിറിഞ്ച് തന്നെയാണ് പലർക്കായി കുത്തിവയ്ക്കുന്നത്. ഇത്തരത്തിൽ ഒരു സിറിഞ്ച് തന്നെ പലർക്കായി കുത്തിവച്ചവരിൽ ഹെപ്പറ്റൈറ്റിസ് രോഗം പിടിപെട്ടതായി കണ്ടെത്തിയിട്ടുമുണ്ട്. വേദന സംഹാരി ഗുളികകളുടെ അമിതമായ ഉപയോഗം മരണത്തിന് ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.