ഊബറിന്റെ ആദ്യ റോബോ ടാക്സി അബുദാബിയിൽ ഓടിത്തുടങ്ങി
Mail This Article
അബുദാബി ∙ യുഎസിന് പുറത്തുള്ള ഊബറിന്റെ ആദ്യ റോബോ ടാക്സി (ഡ്രൈവറില്ലാ ടാക്‌സി) സേവനം അബുദാബിയിൽ ആരംഭിച്ചു. ചൈനീസ് കമ്പനിയായ വി റൈഡ് ഇൻകോർപറേഷനുമായി സഹകരിച്ചുള്ള പദ്ധതിയുടെ യുഎഇയിലെ നടത്തിപ്പുകാർ തവാസുൽ ആണ്.
സാദിയത്ത് ഐലൻഡ്, യാസ് ഐലൻഡ്, അബുദാബി രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള റൂട്ടുകളിൽ ഊബർ റോബോ ടാക്സി സേവനം ലഭ്യമാകുമെന്ന് ഊബർ ടെക്നോളജീസ് ഇൻകോർപറേഷൻ അറിയിച്ചു. ഊബർ എക്സ്, ഊബർ കംഫർട്ട് നിരക്കുകളിൽ ടാക്സി ബുക്ക് ചെയ്യാം. വൈകാതെ മറ്റു ഭാഗങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.
തുടക്കത്തിൽ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും സുരക്ഷിതം ഉറപ്പാക്കുന്നതിനും വിശ്വാസത്തിനുമായി ഒരു ഓപ്പറേറ്റർ ടാക്സിയിൽ ഉണ്ടാകുമെങ്കിലും 2025 അവസാനത്തോടെ പൂർണമായും ഡ്രൈവറില്ലാത്ത സേവനമായിരിക്കുമെന്ന് ഊബറിന്റെ ഓട്ടോണമസ് മൊബിലിറ്റി ആൻഡ് ഡെലിവറി ഓപ്പറേഷൻസ് ഗ്ലോബൽ ഹെഡ് നോഹ സൈച്ച് പറഞ്ഞു. നിരത്തിലിറക്കുമ്പോൾ അടിയന്തര സാഹചര്യങ്ങളെ നേരിടാനും യാത്രക്കാരുടെ ആശങ്ക അകറ്റാനുമാണ് ഷിഫ്റ്റ് ഓപറേറ്ററെ നിയമിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഷിഫ്റ്റ് ഓപറേറ്റർമാർ ഇടപെടും.
പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവറില്ലാ ടാക്‌സികളിൽ സൗജന്യ യാത്രയൊരുക്കി അബുദാബി ജനങ്ങളെ ബോധവൽക്കരിച്ചിരുന്നു. യാസ് ഐലൻഡിലെ യാസ് ബീച്ച്, ഇത്തിഹാദ് അരീന തുടങ്ങി ദ്വീപിനകത്തെ 9 സ്ഥലങ്ങളിലേക്കായിരുന്നു സൗജന്യ യാത്ര. പിന്നീട് നഗരത്തിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലേക്കും സർവീസ് തുടങ്ങിയിരുന്നു.
നൂതന ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് മറ്റു വാഹനങ്ങളുടെ സാന്നിധ്യം മനസ്സിലാക്കി കൂട്ടിയിടിക്കാതെ വേഗം നിയന്ത്രിച്ച് മുന്നോട്ടുപോകാൻ ഇവയ്ക്കു സാധിക്കും. റോഡിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ അതു മനസ്സിലാക്കി സ്വയം തീരുമാനമെടുത്ത് വഴി മാറി സഞ്ചരിക്കും. എമിറേറ്റിന്റെ ഗതാഗത ചട്ടങ്ങൾക്കനുസൃതമായി പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരാണ് റോബോ ടാക്സികൾ നിയന്ത്രിക്കുന്നത്.