ADVERTISEMENT

കൊല്ലം ∙ ഇന്ദിരാ ഗാന്ധി, എ.ബി.വാജ്പേയി, പി.വി.നരസിംഹറാവു, ഇ.കെ.നായനാർ, വി.എസ്.അച്യുതാനന്ദൻ തുടങ്ങിയ പ്രിയപ്പെട്ട നേതാക്കളുടെ പേരിൽ മരങ്ങൾ നട്ടുപിടിപ്പിക്കണമെന്നും അവരോടുള്ള സ്നേഹം ഇതിലൂടെ പ്രകടിപ്പിക്കാമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ജില്ലയിൽ ഇന്ത്യൻ ഓയിലിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്വച്ഛതാ പഖ്‌വാഡ പദ്ധതി തേവള്ളി എൻസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

മൺമറഞ്ഞു പോയ പ്രിയപ്പെട്ടവരുടെ ഓർമയ്ക്കും ജയനെപ്പോലെയുള്ള സിനിമാ താരങ്ങളുടെ പേരിലും മരങ്ങൾ നടാം.  മരങ്ങളല്ലേ എന്നു കരുതി ആരെങ്കിലും തരുന്നവ വച്ചുപിടിപ്പിക്കരുത്.  എല്ലാത്തരത്തിലും ഗുണം ലഭിക്കുന്ന മരങ്ങളാണു നടേണ്ടത്. സാമൂഹിക വനവൽക്കരണത്തിനോ സംവിധാനത്തിനോ എതിരല്ല താനെന്നും എന്നാൽ പല വൃക്ഷത്തൈ വിതരണത്തിലും കച്ചവട താൽപര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

‘കേരളത്തെ ശുചിത്വമുള്ളതാക്കണം’
കേരളത്തെ ശുചിത്വമുള്ള നാടാക്കി, ദൈവത്തിന്റെ സ്വന്തം ഭൂമിയാക്കി മാറ്റണമെന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.   രാജ്യത്തെ മാലിന്യ നിർമാർജനവും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നടത്തുന്ന രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ശുചീകരണ പ്രചാരണമാണ് സ്വച്ഛതാ പഖ്‌വാഡ. ഇതിന്റെ ഭാഗമായി കൊല്ലത്തെ ഹരിതാഭവും ശുചിത്വപൂർണവുമായ നഗരമാക്കാനുള്ള ഇന്ത്യൻ ഓയിലിന്റെ പദ്ധതിക്കാണ് തുടക്കമായത്.

 ശുദ്ധവും ആരോഗ്യകരവുമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം വലുതാണെന്ന് സുരേഷ് ഗോപി പറഞ്ഞു.  നമ്മുടെ ചില ചിന്താഗതികൾ മാറ്റിയാൽ മാത്രമേ പൂർണമായും ശുചിത്വമുള്ള നാട് നമുക്ക് സൃഷ്ടിക്കാൻ സാധിക്കൂ. പ്രകൃതിയോടുള്ള ബന്ധമാണ് ഇത്തരം പരിപാടികൾ മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ ഓയിൽ കോർപറേഷൻ സംസ്ഥാന മേധാവി ഗീതിക വർമ അധ്യക്ഷത വഹിച്ചു. എൻസിസി കൊല്ലം ഹെഡ് ക്വാർട്ടേഴ്സ് ഗ്രൂപ്പ് കമാൻഡർ സുരേഷ്, ചീഫ് ജനറൽ മാനേജർ പ്രകാശ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

English Summary:

Suresh Gopi Advocates Tree Planting to Honor Beloved Leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com