‘അവളെ ഞാൻ വെട്ടിക്കൊന്നു, സാന്ദ്രയെ വീട്ടിലേക്ക് വിടണ്ട’; വീട്ടിലെത്തിയ അവർ കണ്ടത് കരൾപിളരും കാഴ്ച
Mail This Article
കൊട്ടാരക്കര ∙ പ്ലാസ്റ്റിക് കയറുകൊണ്ടു കഴുത്ത് ഞെരിച്ചും വെട്ടുകത്തി കൊണ്ടു കഴുത്തിൽ വെട്ടിപ്പരുക്കേൽപ്പിച്ചും ഭാര്യയെ കൊലപ്പെടുത്തിയശേഷം ഗൃഹനാഥൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മൈലം പള്ളിക്കൽ മുകളിൽ ഭാഗം സനൽഭവനിൽ പി.സരസ്വതിഅമ്മ(62) ആണു കൊല്ലപ്പെട്ടത്. ഭർത്താവ് ഡി.സുരേന്ദ്രൻപിള്ള(63)യുടെ അറസ്റ്റ് കൊട്ടാരക്കര പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ പത്തോടെയാണു നാടിനെ നടുക്കിയ സംഭവം. തയ്യൽക്കാരായിരുന്നു ഇരുവരും. സംശയരോഗമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറയുന്നു.
കിടപ്പുമുറിയിൽ കട്ടിലിൽ ഇരുന്നു മെഷീനിൽ തയ്ക്കുകയായിരുന്ന സരസ്വതിയമ്മയെ സുരേന്ദ്രൻപിള്ള കയർ കഴുത്തിൽ ചുറ്റി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കാനായാണു കഴുത്ത് മുറിച്ചത്. ഇതിനുശേഷം ഇയാൾ ഓട്ടോറിക്ഷയിൽ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവസമയത്തു വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വിദേശത്തുള്ള ഇളയ മകന്റെ ഭാര്യയും ഒന്നേകാൽ വയസുള്ള മകനുമാണു ദമ്പതികൾക്കൊപ്പം താമസിക്കുന്നത്.
സമീപത്തു താമസിക്കുന്ന മൂത്ത മകന്റെ വീട്ടിലേക്ക് ഇവർ പോയ സമയത്താണ് അരുംകൊല നടത്തിയത്. വെട്ടിക്കൊലപ്പെടുത്തുമെന്നു നേരത്തേ പലതവണ സരസ്വതിഅമ്മയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. കശുവണ്ടി തൊഴിലാളിയായിരുന്ന സരസ്വതിഅമ്മ വിരമിച്ച ശേഷം തയ്യൽ ജോലി ചെയ്തു വരികയായിരുന്നു. സമീപത്തെ കടമുറി വാടകയ്ക്കെടുത്തു തയ്യൽക്കട നടത്തുകയായിരുന്നു സുരേന്ദ്രൻപിള്ള. സരസ്വതിഅമ്മയുടെ സംസ്കാരം ഇന്ന് 3ന്. മക്കൾ: സനൽകുമാർ, സുബിൻകുമാർ(ഗൾഫ്). മരുമക്കൾ:അശ്വതി, സാന്ദ്ര.
അരുംകൊലയ്ക്കു ശേഷം കൂസലില്ലാതെ...
കൊട്ടാരക്കര∙ ‘അവളെ ഞാൻ വെട്ടിക്കൊന്നു. സാന്ദ്രയെ വീട്ടിലേക്ക് വിടണ്ട’. ഭാര്യ സരസ്വതിയമ്മയെ അരുംകൊല നടത്തിയ ശേഷം ഓട്ടോറിക്ഷയിൽ പൊലീസ് സ്റ്റേഷനിലേക്ക് കീഴടങ്ങാൻ പോകും വഴി സുരേന്ദ്രൻപിള്ള മൂത്ത മരുമകളുടെ ഫോണിൽ വിളിച്ചു പറഞ്ഞു. ഇന്നലെ രാവിലെ ഇളയ മരുമകൾ സാന്ദ്ര കുഞ്ഞുമായി സമീപത്ത് താമസിക്കുന്ന ഭർതൃസഹോദരൻ സനൽകുമാറിന്റെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം. ഭാര്യ സരസ്വതിയമ്മയെ സുരേന്ദ്രൻപിള്ള മദ്യലഹരിയിൽ ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി. ചെറുപ്പകാലം മുതൽ ഭാര്യയിൽ ഇയാൾ സംശയം പ്രകടിപ്പിച്ച് ഉപദ്രവിച്ചിരുന്നു.
ശരീരത്തിലെ മുറിവുകൾ കണ്ട് പലരും ചോദിക്കുമ്പോഴും അവർ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. പറഞ്ഞാൽ വീണ്ടും ഉപദ്രവിക്കുമെന്ന ഭയമാകാം കാരണമെന്നാണ് സരസ്വതിയമ്മയുടെ അനന്തിരവൾ ബിന്ദുജയും ബന്ധു അമ്പിളിയും പറയുന്നത്. രണ്ട് മാസം മുൻപും ക്രൂരമായി ഉപദ്രവിച്ചു. അതിന്റെ ദൃശ്യങ്ങൾ ബന്ധു മൊബൈൽ ഫോണിൽ പകർത്തി മറ്റ് ബന്ധുക്കൾക്ക് അയച്ചു കൊടുത്തു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകാൻ എത്തിയെങ്കിലും ഇനി ഉപദ്രവിക്കില്ലെന്ന സുരേന്ദ്രൻപിള്ളയുടെ ഉറപ്പിൽ ഒത്തുതീർപ്പാക്കി. അമ്മയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോകാൻ തയാറായി മൂത്തമകൻ എത്തിയെങ്കിലും സരസ്വതിയമ്മ പോയതുമില്ല. അതിനുശേഷം സമീപകാലം വരെ വലിയ പ്രശ്നങ്ങളില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഓണാഘോഷത്തിന് മിക്ക ബന്ധുക്കളും വീട്ടിലെത്തിയിരുന്നു. സന്തോഷമായാണ് പിരിഞ്ഞത്. സംഭവം നടക്കുന്നതിന്റെ തലേന്ന് വൈകിട്ട് വരെ വീട്ടിൽ ബന്ധുക്കൾ ഉണ്ടായിരുന്നു. മുൻകൂട്ടി തീരുമാനിച്ച രീതിയിലാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. കൊലപ്പെടുത്താനുള്ള സാഹചര്യം ലഭിച്ചപ്പോൾ ക്രൂരമായി നടത്തി. ഭാര്യ മരിക്കുന്നത് നേരിൽ കണ്ട് ആസ്വദിച്ചു. മരണം ഉറപ്പിക്കാനായാണ് കഴുത്ത് അറുത്തത്. രക്തം കട്ടിലിൽ തളംകെട്ടിക്കിടന്നു. സുരേന്ദ്രൻപിള്ളയുടെ ശരീരത്തിലേക്കും രക്തം ചീറ്റി.
മുറിക്കു പുറത്തേക്കിറങ്ങിയതോടെ മറ്റു മുറികളിലേക്കും രക്തക്കറ പടർന്നു. വേഷം മാറി വീടിന് സുരേന്ദ്രൻപിള്ള സമീപവാസിയായ ഓട്ടോറിക്ഷ ഡ്രൈവർ ബാബുവിന്റെ വീട്ടിലെത്തി. കൊട്ടാരക്കര വരെ പോകണം എന്ന് ആവശ്യപ്പെട്ടു. ഓട്ടോറിക്ഷയിൽ പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റർ സമീപം എത്തുന്നത് വരെ ഒന്നും സംസാരിച്ചില്ല. പൊലീസ് സ്റ്റേഷനിലേക്ക് വണ്ടി വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നീടാണ് ഡ്രൈവർ ബാബുവും കൊലപാതകത്തെക്കുറിച്ച് അറിയുന്നത്. വീട്ടിലേക്ക് തിരിച്ചെത്തിയ മരുമകൾ സാന്ദ്രയും ബന്ധുക്കളും കണ്ടത് കരൾപിളരും കാഴ്ചയായിരുന്നു. കട്ടിലിൽ രക്തം വാർന്നൊഴുകി മരിച്ചനിലയിലായിരുന്നു സരസ്വതിയമ്മ.