ADVERTISEMENT

കൊല്ലം ∙ മനസ്സിൽ നിന്നു മായാത്ത ആ ഓർമയ്ക്ക് കൊല്ലൂർവിള പള്ളിമുക്കിൽ ബദർ തുടങ്ങിയ സ്നേഹക്കടയാണ് അർജുൻ സ്റ്റോഴ്സ്. കർണാടകയിലെ ഷിരൂരിൽ ഗംഗാവാലി പുഴ കവർന്നെടുത്ത ലോറി ഡ്രൈവർ അർജുന്റെ ഓർമയ്ക്കായി കൊല്ലത്തിന്റെ സ്നേഹക്കട.ബദറിന്റെ ഉടമസ്ഥതയിലുള്ള ‘നമ്മുടെ കട’യോടു ചേർന്ന് അടച്ചിട്ടിരുന്ന മുറിയിലാണ് മൺചട്ടികൾ, ചെടിച്ചട്ടികൾ, പ്ലാസ്റ്റിക് റോപ്, ടാർപോളിൻ തുടങ്ങിയവ വിൽപന നടത്തുന്ന പുതിയ കട തുടങ്ങിയത്. ‘അർജുൻ സ്റ്റോഴ്സ്’ എന്ന പേരിന്റെ ഇരുവശത്തുമായി അർജുന്റെയും നിശ്ചയദാർഢ്യത്തോടെ നിന്ന ലോറി ഉടമ മനാഫിന്റെയും ചിത്രങ്ങളും ഉൾപ്പെടുത്തി.

27 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം മടങ്ങി വന്ന ബദർ, വടക്കേവിള വില്ലേജ് ഓഫിസിനു സമീപം 5 വർഷം മുൻപാണ് ‘നമ്മുടെ കട’ തുടങ്ങിയത്. അതിനോടു ചേർന്നാണ് അർജുൻ സ്റ്റോഴ്സ്. നേരത്തെ ഇതു മകൻ നടത്തിയിരുന്ന ‘പ്രവാസി മൊബൈൽസ്’ എന്ന കട ആയിരുന്നു.കടയുടെ പേരിടലിൽ അവസാനിക്കുന്നില്ല, ബദറിന്റെ കാരുണ്യപ്രവർത്തനം. 4 വർഷമായി എല്ലാ വെള്ളിയാഴ്ചയും ഒരു ബക്കറ്റുമായി ബദർ ഇറങ്ങും.

അർബുദ രോഗികളെ സഹായിക്കുന്നതിനുള്ള ചികിത്സാസഹായം സ്വരൂപിക്കാൻ. രാവിലെ 10. മുതൽ 11.30 വരെയാണ് ധനസമാഹരണം. ലഭിക്കുന്ന പണം സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ചാരിറ്റബിൾ സെന്ററിന് അപ്പോൾ തന്നെ അയയ്ക്കും. പള്ളിമുക്ക് ഇക്ബാൽ ലൈബ്രറിയുടെ മുന്നിലെ ബദാം മരച്ചുവട്ടിൽ പൊതുജന സാന്നിധ്യത്തിലാണ് തുക എണ്ണി തിട്ടപ്പെടുത്തി അയച്ചുകൊടുക്കുന്നത്. ഓരോ ആഴ്ചയും 3500– 4000 രൂപ ലഭിക്കും. തുക അയച്ചു കൊടുക്കുന്നതിന്റെ രേഖ പോസ്റ്റർ ആയി പ്രസിദ്ധീകരിക്കും.

പ്രദേശത്ത് മരിക്കുന്നവരുടെ ചിത്രം ഉൾപ്പെടുത്തി ബോർഡ് സ്ഥാപിക്കുന്നതും ബദർ മുടങ്ങാതെ ചെയ്യുന്നു. പ്രവാസി പെൻഷൻ തുകയായി ലഭിക്കുന്ന 4000 രൂപയിൽ പകുതിയും ബോർഡ് സ്ഥാപിക്കുന്നതിനാണ് ചെലവഴിക്കുന്നത്. ഇതിൽ ജാതിയോ മതമോ നോക്കാറില്ല. വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിൽ പൊങ്കാല ഉത്സവത്തിനെത്തുന്ന ഭക്തർക്ക് സർബത്ത് ഉൾപ്പെടെ കുടിവെള്ളം മുസ്‌ലിംലീഗ് വടക്കേവിള മേഖല കമ്മിറ്റി സെക്രട്ടറിയായ ബദറിന്റെ വകയാണ്.

English Summary:

Arjun Stores in Kollam's Pallimukku area is more than just a shop; it's a testament to friendship and remembrance. Opened by Badar in memory of his friend and lorry driver, Arjun, who tragically passed away in a river accident, the shop sells a variety of goods including earthen pots and cane baskets. Located next to Badar's own shop "Nammude Kada," Arjun Stores stands as a tribute to a life lost too soon.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com