ജീവിതലക്ഷ്യം അറുപത്തിയൊന്നാം വയസ്സിൽ സാക്ഷാത്കരിച്ചു; പ്രായമേ.. മാറിനിൽക്ക്, ചാംപ്യനാണ്!
Mail This Article
കൊല്ലം ∙ ലോകത്തെ ചാംപ്യൻ ബോഡിബിൽഡറാവുക എന്ന ജീവിതലക്ഷ്യം തന്റെ അറുപത്തിയൊന്നാം വയസ്സിൽ സാക്ഷാത്കരിച്ചിരിക്കുകയാണ് കൊല്ലം തെക്കേവിള മാടൻനട കൃഷ്ണശ്രീയിൽ എ.സുരേഷ് കുമാർ. മാലദ്വീപിൽ നടന്ന ലോക ബോഡിബിൽഡിങ് ആൻഡ് ഫിസീക് സ്പോർട്സ് ചാംപ്യൻഷിപ്പിൽ 60 വയസ്സിന് മുകളിലുള്ളവരുടെ മാസ്റ്റേഴ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് എ.സുരേഷ് കുമാർ ലോകചാംപ്യൻ പട്ടത്തിന് അർഹനായത്.
കെഎസ്ആർടിസി ജീവനക്കാരനായിരുന്ന സമയത്ത് ആഴ്ചയിൽ 3 ദിവസം ഡബിൾ ഡ്യൂട്ടി, ബാക്കിയുള്ള 4 ദിവസം 2 നേരം വച്ചു ജിമ്മിൽ പരിശീലനം എന്നതായിരുന്നു ശീലം. അതിനിടയിൽ 15 വർഷം മിസ്റ്റർ കൊല്ലം, 5 വർഷം മിസ്റ്റർ കേരള. വിരമിച്ച ശേഷം മേഖലയിൽ കൂടുതൽ ശ്രദ്ധ നൽകിയതോടെ മാസ്റ്റേഴ്സിൽ വിവിധ നേട്ടങ്ങൾ സുരേഷ് കുമാർ തൂക്കിയെടുത്തു.
മിസ്റ്റർ ഇന്ത്യ, മിസ്റ്റർ ഏഷ്യ തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കിയ അദ്ദേഹത്തിന് 2022 ൽ രാജ്യാന്തര തലത്തിൽ രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചത്. ഈ വർഷം അത് ഒന്നാം സ്ഥാനമാക്കി മാറ്റിയപ്പോൾ തൊട്ടപ്പുറത്ത് രണ്ടാം സ്ഥാനം നേടിയതും മറ്റൊരു മലയാളി– എറണാകുളം അങ്കമാലി സ്വദേശിയായ ജോസഫ് പീറ്റർ. നിലവിൽ കൊല്ലം ആശ്രാമത്ത് ജിം ട്രെയ്നർ ആയി പ്രവർത്തിക്കുകയാണ് സുരേഷ് കുമാർ.