ആവണീശ്വരം റെയിൽവേ മേൽപാലത്തിന്റെ ചുമതല ചെന്നൈ എൻജിനീയറിങ് വിഭാഗത്തിന്
Mail This Article
ആവണീശ്വരം∙ ശബരി ബൈപാസിൽ ആവണീശ്വരത്ത് നിർമിക്കുന്ന റെയിൽവേ മേൽപാലത്തിന്റെ ചുമതല ചെന്നൈ എൻജിനീയറിങ് വിഭാഗത്തിന് കൈമാറി റെയിൽവേ. നിർമാണച്ചുമതല സംസ്ഥാന സർക്കാരിനു കീഴിലുള്ള റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനാണെങ്കിലും, പാലത്തിന്റെ ഡിപിആറിന് അന്തിമ അനുമതി നൽകേണ്ടത് റെയിൽവേയാണ്. ഇതാണ് ചെന്നൈ ഡിവിഷനു കൈമാറിയത്.
റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ തയാറാക്കിയ ഡ്രോയിങ്, റെയിൽവേ ചെന്നൈ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തവമണി, റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ എൻജിനീയർ അൽത്താഫ് എന്നിവരുടെ നേതൃത്വത്തിൽ ആവണീശ്വരത്തെത്തി പരിശോധിച്ചു. നിലവിലെ റെയിൽവേ ലവൽക്രോസിൽ നിന്നു മാറി പഴയ റെയിൽവേ സ്റ്റേഷനു മുന്നിൽ നിന്നു തുടങ്ങി എഫ്സിഐയുടെ സമീപത്ത് അവസാനിക്കുന്ന തരത്തിലാണ് പ്രാഥമിക ഡിപിആർ.
പുനലൂർ–ചെങ്കോട്ട റെയിൽപാത തുടങ്ങിയ കാലം മുതൽ പ്രദേശവാസികളുടെ ആവശ്യമാണ് ആവണീശ്വരത്തെ റെയിൽവേ മേൽപാലം. ബ്രോഡ്ഗേജ് പാതയായി മാറിയപ്പോൾ മേൽപാലം നിർമിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നടന്നില്ല. ഒടുവിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഇടപെട്ട് റെയിൽവേ–സംസ്ഥാന സർക്കാർ സംയുക്ത പദ്ധതിയായി മേൽപാലം നിർമിക്കാൻ തീരുമാനിച്ചു. ഇതനുസരിച്ച് സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി റെയിൽവേ പല തവണ കത്ത് അയച്ചിരുന്നു.
രണ്ട് വർഷം മുൻപ് സർക്കാർ അനുമതി നൽകുകയും, ഡിപിആർ തയാറാക്കാൻ റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനെ ഏൽപിക്കുകയും ചെയ്തു. ഇതനുസരിച്ച് തയാറാക്കിയ ഡിപിആർ റെയിൽവേക്ക് സമർപ്പിക്കുകയും, അനുമതിക്കായി കാത്തിരിക്കുകയും ചെയ്യുന്നതിനിടെയാണ് ഡിപിആർ പരിശോധിക്കുന്നതിന്റെ ചുമതല ഇപ്പോൾ ചെന്നൈ ഡിവിഷനു കൈമാറിയത്.