ADVERTISEMENT

കൊട്ടാരക്കര∙ ജില്ലാ സ്കൂൾ കലാമേള രണ്ടു നാൾ പിന്നിട്ടപ്പോൾ 248 പോയിന്റുമായി കൊല്ലം ഉപജില്ല മുന്നേറ്റം തുടങ്ങി. 242 പോയിന്റുകളുമായി കരുനാഗപ്പള്ളി, ചാത്തന്നൂർ ഉപജില്ലകൾ രണ്ടാം സ്ഥാനത്തുണ്ട്. വ്യക്തിഗത സ്കൂൾ വിഭാഗത്തിൽ കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ജോൺ എഫ് കെന്നഡി സ്മാരക വിച്ച്എസ്എസ് 69 പോയിന്റുകളുമായി മുന്നിലുണ്ട്.

59 പോയിന്റുകളുമായി ചടയമംഗലം ഉപജില്ലയിലെ കുറ്റിക്കാട് സിപി എച്ച്എസ്എസ് രണ്ടാം സ്ഥാനത്തുമുണ്ട്.  എല്ലാ വേദികളിലെയും മത്സരങ്ങൾ രാവിലെ 9ന് തുടങ്ങുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ, പലവേദികളിലെയും മത്സരങ്ങൾ വൈകി. പ്രധാനവേദിയിൽ തന്നെ ഒരു മണിക്കൂറിൽ അധികം വൈകിയാണു തുടങ്ങിയത്. 

പോയിന്റ് നില: സ്കൂൾ
ജെഎഫ്കെഎം വിഎച്ച്എസ്എസ്,  കരുനാഗപ്പള്ളി – 69 പോയിന്റ്
സിപി എച്ച്എസ്എസ്, കുറ്റിക്കാട്: 59 പോയിന്റ്
ഗവ. എച്ച്എസ്എസ്, കടയ്ക്കൽ: 55 പോയിന്റ്
ഡിവി എൻഎസ്എസ് എച്ച്എസ്എസ് പൂവറ്റൂർ, കുളക്കട: 49 പോയിന്റ്
എൻഎസ്എസ് എച്ച്എസ്എസ് , |
ചാത്തന്നൂർ: 46 പോയിന്റ്

വഴിക്കണ്ണുമായി... എച്ച്എസ്എസ് വിഭാഗം മോഹിനിയാട്ടത്തിന്റെ വിധികർത്താക്കൾ വരാൻ 6 മണിക്കൂർ വൈകിയതിനെ തുടർന്ന് വഴിയിലേക്ക് കണ്ണുംനട്ട് നിൽക്കുന്ന മത്സരാർഥി.
വഴിക്കണ്ണുമായി... എച്ച്എസ്എസ് വിഭാഗം മോഹിനിയാട്ടത്തിന്റെ വിധികർത്താക്കൾ വരാൻ 6 മണിക്കൂർ വൈകിയതിനെ തുടർന്ന് വഴിയിലേക്ക് കണ്ണുംനട്ട് നിൽക്കുന്ന മത്സരാർഥി.

മോഹിനിയാട്ടം  വൈകിയത് അഞ്ചര മണിക്കൂർ; മോണോ ആക്ട് മത്സരം വൈകിയത് മൂന്നര മണിക്കൂർ
കൊട്ടാരക്കര ∙ ജില്ലാ സ്കൂൾ കലോത്സവത്തിലെ എച്ച്എസ്എസ് മോഹിനിയാട്ട മത്സരം തുടങ്ങിയത് പ്രതീക്ഷിച്ചതിലും അഞ്ചര മണിക്കൂർ വൈകി. ജഡ്ജസ് എത്താൻ വൈകിയതാണ് മത്സരാർഥികളെ വലച്ചത്. വിധികർത്താക്കളിൽ ഒരാൾ കുഴഞ്ഞു വീണതിനെത്തുടർന്നു പകരം ആളെ എത്തിക്കേണ്ടി വന്നതാണ് വൈകിയതിനു അധികൃതരുടെ വിശദീകരണം. രാവിലെ 9ന് തുടങ്ങേണ്ട മത്സരം തുടങ്ങിയപ്പോൾ ഉച്ചകഴിഞ്ഞു രണ്ടരയായി.

യുപി വിഭാഗം കുച്ചിപ്പുടി മത്സരശേഷം മോഹിനിയാട്ടത്തിന് വേഷം ഇടുന്ന മത്സരാർഥി ഏയ്ഞ്ചൽ മരിയ റെബിന് അമ്മ ഭക്ഷണം നൽകുന്നു.
യുപി വിഭാഗം കുച്ചിപ്പുടി മത്സരശേഷം മോഹിനിയാട്ടത്തിന് വേഷം ഇടുന്ന മത്സരാർഥി ഏയ്ഞ്ചൽ മരിയ റെബിന് അമ്മ ഭക്ഷണം നൽകുന്നു.

രാവിലെ എട്ടര മുതൽ വേഷമിട്ടു കാത്തു നിന്ന പെൺകുട്ടികൾ ശുചിമുറിയിൽ പോകാൻ പോലും കഴിയാതെ കാത്തുനിൽക്കുകയായിരുന്നു. ഭക്ഷണം പോലും കഴിക്കാതെയാണു മിക്കവരും വേദിയിൽ എത്തിയത്. മത്സരം കഴിഞ്ഞു പലരും തളർന്നിരിക്കുന്നതായിരുന്നു കാഴ്ച. മത്സരം തുടങ്ങിയപ്പോൾ ആദ്യം തന്നെ പാട്ടു പണിമുടക്കിയതിനാൽ ആദ്യ മത്സരാർഥിക്കു വീണ്ടും അവസരം നൽകേണ്ടിയും വന്നു. വേദിയിൽ പലക നിരത്തിയതിലും അപാകതയുണ്ടെന്ന പരാതികളുയർന്നു.

മോണോ ആക്ട് മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ കാത്തിരുന്നത് മൂന്നര മണിക്കൂർ. 9 മണിക്കു തുടങ്ങും എന്നറിയിച്ചിരുന്ന മത്സരങ്ങൾ തുടങ്ങിയത് പന്ത്രണ്ടരയോടെ. ഇതു രക്ഷിതാക്കളും സ്റ്റേജ് ഡ്യൂട്ടിയിലുണ്ടായിരുന്നവരും തമ്മിൽ തർക്കത്തിനും ഇടയാക്കി. വിധികർത്താക്കളിൽ ഒരാൾ വരാൻ വൈകി എന്നതായിരുന്നു ഇവിടെയും പറഞ്ഞ കാരണം.

ഉദ്ഘാടനം വൈകിട്ട്; മത്സരങ്ങൾ വൈകി
കൊട്ടാരക്കര∙ജില്ലാ കലോത്സവത്തിന്റെ  ഉദ്ഘാടന ചടങ്ങിനായി മത്സരങ്ങൾ നിർത്തി വച്ചത് മൂന്നര മണിക്കൂറോളം. കലോത്സവം രാവിലെ തന്നെ ആരംഭിച്ചെങ്കിലും ഉദ്ഘാടനം തീരുമാനിച്ചത് വൈകിട്ട് 3.30നാണ്. ഇതു കാരണം വേദി ഒന്നിൽ  ഉച്ചയ്ക്ക് 1.30ന് ശേഷം മത്സരങ്ങൾ നടത്തിയില്ല.അഞ്ച് മണിയോടെയാണ് മത്സരം പുനരാരംഭിച്ചത്. ഭരതനാട്യം മത്സരങ്ങളായിരുന്നു വേദിയിൽ.

മോണോ ആക്ടിൽ താരമായി നാസില
കൊട്ടാരക്കര∙ ഗുരുക്കൻമാരില്ലാതെ സ്വയം പരിശീലിച്ചാണ് ആവണീശ്വരം എപിപിഎംവിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി എൻ.നാസില എച്ച്എസ് പെൺ മോണോ ആക്ടിൽ ജേതാവായത്. എ പ്ലസ് നഷ്ടപ്പെടുമെന്ന കാരണത്താൻ മകളെ ഫുട്ബോൾ മത്സരത്തിൽ നിന്നു വിലക്കുന്നതും ഒടുവിൽ മലയാളം അധ്യാപകന്റെ ഇടപെടലിൽ അനുവാദം നൽകുന്നതുമായിരുന്നു പ്രമേയം. 

ഹിറ്റ്ലർ; ഹിറ്റായി നാരായൺലാൽ
കൊട്ടാരക്കര ∙ ചിത്രകല പഠിക്കാൻ ആഗ്രഹിച്ചിരുന്ന ഹിറ്റ്ലർക്കു അതിന് അവസരം ലഭിച്ചിരുന്നെങ്കിൽ ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി ജനിക്കില്ലായിരുന്നു എന്ന് മോണോ ആക്ട് വേദിയിൽ ഭാവതീവ്രമായി അവതരിപ്പിച്ച ക്ലാപ്പന എസ്‌വിഎച്ച്എസ്എസിലെ 8–ാം ക്ലാസ് വിദ്യാർഥി നാരായൺ ലാൽ ഒന്നാം സ്ഥാനം നേടി. അച്ഛൻ മനോജ് ലാലും സുഹൃത്തായ ബിജു മഞ്ഞാടിയുമായിരുന്നു പരിശീലകർ. ആലപ്പുഴ ജില്ലയിലായിരുന്നു നാരായൺ  ലാലിന്റെ യുപി പഠനം. അന്നു 2 വർഷം തുടർച്ചയായി ജില്ലയിലെ മികച്ച നടനായിരുന്നു. മോണോ ആക്ടിൽ ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.

രണ്ടാം വേദിയിൽ നടന്ന നാടകമത്സരത്തിനിടെ 
ഇന്നലെ രാത്രി 7.10ന് വൈദ്യുതി നിലച്ചപ്പോൾ 
ഇരുട്ടിലായ സ്റ്റേജിൽ നാടകം തുടരാനാകാതെ അഭിനേതാക്കൾ.
രണ്ടാം വേദിയിൽ നടന്ന നാടകമത്സരത്തിനിടെ ഇന്നലെ രാത്രി 7.10ന് വൈദ്യുതി നിലച്ചപ്പോൾ ഇരുട്ടിലായ സ്റ്റേജിൽ നാടകം തുടരാനാകാതെ അഭിനേതാക്കൾ.

അടുത്ത ബെല്ലോടെ കറന്റ് പോകും
കൊട്ടാരക്കര∙ ഹയർ സെക്കൻ‍ഡറി സ്കൂളിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന നാടക മത്സരത്തിനിടെ പല തവണ വൈദ്യുതി പണിമുടക്കിയെങ്കിലും സംഘാടകർ കാര്യമായെടുത്തില്ലെന്ന് ആക്ഷേപം. യുപി വിഭാഗം അവസാന നാടകമായി നീരാവിൽ സ്കൂളിന്റെ അവതരണത്തിനിടെ വൈകിട്ട് 6.10 ന് വൈദ്യുതി മുടങ്ങിയതോടെ രക്ഷിതാക്കളും കാണികളും സംഘാടകർക്കു നേരെ തിരിഞ്ഞു. പ്രധാനവേദിയായ ബോയ്സ് സ്കൂൾ മൈതാനത്ത് 5 ജനറേറ്റുകളുണ്ട്. നാടക വേദിക്ക് അടുത്തും ജനറേറ്റർ ഘടിപ്പിച്ച വാഹനം നിർത്തിയിട്ടുണ്ടെങ്കിലും അതിൽ നിന്നുള്ള വൈദ്യതിയിലല്ല ശബ്ദ–വെളിച്ച സംവിധാനങ്ങൾ അതുവരെ പ്രവർത്തിപ്പിച്ചിരുന്നത്.

1.എച്ച്എസ് വിഭാഗം ചാക്യാർക്കൂത്തിൽ ഒന്നാം സ്ഥാനം നേടിയ പാരിപ്പള്ളി അമൃത സംസ്കൃത എച്ച്എസ്എസിലെ അജയ്.വി കുമാർ

2.ഹയർസെക്കൻഡറി ആൺകുട്ടികളുടെ  ഓട്ടൻ തുള്ളൽ: സാരംഗ്, കെആർജിപിഎം വിഎച്ച്എസ് ആൻഡ് എച്ച്എസ്എസ് ഓടനാവട്ടം.
1.എച്ച്എസ് വിഭാഗം ചാക്യാർക്കൂത്തിൽ ഒന്നാം സ്ഥാനം നേടിയ പാരിപ്പള്ളി അമൃത സംസ്കൃത എച്ച്എസ്എസിലെ അജയ്.വി കുമാർ 2.ഹയർസെക്കൻഡറി ആൺകുട്ടികളുടെ ഓട്ടൻ തുള്ളൽ: സാരംഗ്, കെആർജിപിഎം വിഎച്ച്എസ് ആൻഡ് എച്ച്എസ്എസ് ഓടനാവട്ടം.

നാടകാവസാനമാണ് കറന്റു പോയത്. ഇരുട്ടിൽ അവസാന ഡയലോഗു പറയുന്നതിനിടെ കർട്ടൻ വീണു. തർക്കം മൂത്തതോടെ ജനറേറ്റർ എത്തിച്ച് പ്രശ്നം പരിഹരിക്കാം എന്നായി. ജനറേറ്റർ വൈദ്യുതിയിൽ നാടകം പുനരവതരിപ്പിച്ചു. നീരാവിൽ എസ്എൻഡിപി വൈ എച്ച്എസ്എസിലെ കുട്ടികൾക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും. അവർ അവതരിപ്പിച്ച ആടുപുലിയാട്ടം എന്ന ആ നാടകത്തിലെ അനന്തു യു. വിജയൻ മികച്ച നടനുമായി. കഴിഞ്ഞ മേളയിലും മികച്ച നടനായിരുന്നു അനന്തു. മികച്ച നടിയായി ഡിങ്കൻ എന്ന നാടകം അവതരിപ്പിച്ച പാവുമ്പ ബിജിഎൻഎം യുപിഎസിലെ ദേവ തീർഥ തിരഞ്ഞെടുക്കപ്പെട്ടു. 

വേദികളിലേക്ക് ഓട്ടമത്സരം
കൊട്ടാരക്കര∙ കിലോമീറ്ററുകളുടെ വ്യത്യാസത്തിലുള്ള വിവിധ വേദികളിൽ ഓടിയെത്താൻ കിതച്ച് മത്സരാർഥികൾ. കൊട്ടാരക്കര നഗര മധ്യത്തിലെ വേദികൾ ഒഴിച്ചാൽ ബാക്കി എല്ലാം കുറഞ്ഞത് 1.5 കിലോമീറ്ററിൽ അധികം ദൂരമുണ്ട്. ഭരതനാട്യം നടന്ന വേദി 14 ൽ നിന്ന് നാടോടി നൃത്തത്തിന്റെ വേദിയിലേക്കു പോകേണ്ട മത്സരാർഥികൾ സമയത്ത് എത്താൻ കഴിയുമോ എന്ന ആശങ്കയിലായിരുന്നു. വേദി 5 മത്സരം തുടങ്ങാൻ വൈകിയത് ആശ്വാസമായി. ഭക്ഷണത്തിനായി പ്രധാന വേദിയിൽ നിന്ന് 1.5. കിലോമീറ്റർ സഞ്ചരിച്ച് വേണം പടിഞ്ഞാറേ കൊട്ടാരക്കര സൗപർണിക ഓഡിറ്റോറിയത്തിൽ എത്താൻ. റോഡിലെ തിരക്കിലും ഗതാഗതക്കുരുക്കിലുംപെട്ട് നഷ്ടമാകുന്ന സമയം വേറെയും.

ജില്ലാ സ്കൂൾ കലോത്സവം കൊട്ടാരക്കരയിൽ മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം 
ചെയ്യുന്നു. മന്ത്രി  ജെ. ചിഞ്ചുറാണി, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ,  
ശ്രീജ ഹരീഷ്, കെ.ഐ. ലാൽ, കൊല്ലം റൂറൽ എസ്പി കെ. എം. സാബു മാത്യു, കൊട്ടാരക്കര 
നഗരസഭ ചെയർമാൻ എസ്. ആർ. രമേശ് തുടങ്ങിയവർ സമീപം.
ജില്ലാ സ്കൂൾ കലോത്സവം കൊട്ടാരക്കരയിൽ മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി ജെ. ചിഞ്ചുറാണി, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, ശ്രീജ ഹരീഷ്, കെ.ഐ. ലാൽ, കൊല്ലം റൂറൽ എസ്പി കെ. എം. സാബു മാത്യു, കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്. ആർ. രമേശ് തുടങ്ങിയവർ സമീപം.

കലോത്സവങ്ങൾ കുട്ടികളെ പ്രാപ്തരാക്കുന്നു: മന്ത്രി കെ.എൻ.ബാലഗോപാൽ
കൊട്ടാരക്കര∙ആധുനികവും സങ്കീർണവുമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ കലോത്സവങ്ങൾക്ക് കഴിയുന്നതായി മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സരത്തിലെ പങ്കാളിത്തം പരിശോധിച്ചാൽ ലോകത്ത് ഏറ്റവുമധികം കുട്ടികൾ പങ്കെടുക്കുന്നത് കേരളത്തിലെ സ്കൂൾ കലോത്സവങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.


ജില്ലാ സ്കൂൾ കലോത്സവത്തിനോടനുബന്ധിച്ച് പ്രധാന വേദിയിൽ ആരംഭിച്ച മലയാള മനോരമ കൗണ്ടർ റൂറൽ എസ്പി  കെ. എം.സാബുമാത്യു  ഉദ്ഘാടനം ചെയ്യുന്നു. ചിന്നൂസ് ഫാഷൻ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ അബ്ദുൽ മുത്തലിഫ്,  അലയൻസ് ഇൻസ്റ്റിറ്റ്യൂട്ട് എംഡി: ബിനു ചെറിയാൻ,‌ കോംപസ് ഗ്ലോബൽ സ്കൂൾ  പ്രിൻസിപ്പൽ  ഡോ. രഞ്ജിത്ത് അലക്സാണ്ടർ, കൊട്ടാരക്കര ഡിവൈഎസ്പി കെ.ബൈജുകുമാർ, ഗവ.എച്ച്എസ്എസ് പ്രിൻസിപ്പൽ ആർ.പ്രദീപ്, കൗൺസിലർ തോമസ് മാത്യു, കലോത്സവം പബ്ലിസിറ്റി കൺവീനർ ജേക്കബ് ജോൺ, ഡപ്യൂട്ടി തഹസിൽദാർ ജി.അജേഷ്, അനിൽകുമാർ‍ എന്നിവർ സമീപം.
ജില്ലാ സ്കൂൾ കലോത്സവത്തിനോടനുബന്ധിച്ച് പ്രധാന വേദിയിൽ ആരംഭിച്ച മലയാള മനോരമ കൗണ്ടർ റൂറൽ എസ്പി കെ. എം.സാബുമാത്യു ഉദ്ഘാടനം ചെയ്യുന്നു. ചിന്നൂസ് ഫാഷൻ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ അബ്ദുൽ മുത്തലിഫ്, അലയൻസ് ഇൻസ്റ്റിറ്റ്യൂട്ട് എംഡി: ബിനു ചെറിയാൻ,‌ കോംപസ് ഗ്ലോബൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. രഞ്ജിത്ത് അലക്സാണ്ടർ, കൊട്ടാരക്കര ഡിവൈഎസ്പി കെ.ബൈജുകുമാർ, ഗവ.എച്ച്എസ്എസ് പ്രിൻസിപ്പൽ ആർ.പ്രദീപ്, കൗൺസിലർ തോമസ് മാത്യു, കലോത്സവം പബ്ലിസിറ്റി കൺവീനർ ജേക്കബ് ജോൺ, ഡപ്യൂട്ടി തഹസിൽദാർ ജി.അജേഷ്, അനിൽകുമാർ‍ എന്നിവർ സമീപം.

മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ.ലാൽ,  കൊല്ലം റൂറൽ എസ്പി കെ.എം.സാബുമാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, വൈസ് ചെയർമാൻ വനജ രാജീവ്, സ്കൂൾ പ്രിൻസിപ്പൽ ആർ.പ്രദീപ്, സ്വീകരണ കമ്മിറ്റി കൺവീനർ ബിനു പട്ടേരി എന്നിവർ പ്രസംഗിച്ചു. കൊട്ടാരക്കര ഗവ.എച്ച്എസ്എസിലെ  അധ്യാപിക കനകലത തയാറാക്കി ചിട്ടപ്പെടുത്തിയ അവതരണ ഗാനം ശ്രദ്ധേയമായി. 

ജില്ലാ സ്കൂൾ കലോത്സവ വിശേഷങ്ങൾ കാണികളേ വരൂ; വേദികൾ നിറയട്ടെ
കൊട്ടാരക്കര∙ കഥകളിയുടെ നാട്ടിൽ കലോത്സവം എത്തിയപ്പോൾ മിക്ക വേദികളിലും സദസ്സിൽ ആളുകുറവ്. വേദി 10 ൽ നടന്ന ചാക്യാർക്കൂത്ത് മത്സരത്തിൽ വേദിയും സദസ്സും ഒരുപോലെ ഒഴിഞ്ഞതായിരുന്നു. ചാക്യാർക്കൂത്ത് ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 2  പേരാണ് മത്സരിച്ചത്.  ഹയർ സെക്കൻഡറി വിഭാഗത്തിൽ മത്സരമേ ഉണ്ടായിരുന്നില്ല. 

ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം മാർഗംകളിയിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം സെന്റ്‌ ജോസഫ് കോൺവെന്റ് ഗേൾസ് എച്ച്എസ്എസ് ടീം.
ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം മാർഗംകളിയിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം സെന്റ്‌ ജോസഫ് കോൺവെന്റ് ഗേൾസ് എച്ച്എസ്എസ് ടീം.

പാരിപ്പള്ളി അമൃത സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ അജയ് വി. കുമാർ ചാക്യാർക്കൂത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടി.  പ്രധാന വേദികളിലും ഒഴിഞ്ഞ സദസ്സായിരുന്നു. മത്സരിക്കുന്നവർക്കൊപ്പം എത്തുന്നവർ മാത്രമായിരുന്നു കാണികളായി ഇരുന്നത്. നാടകം നടന്ന എച്ച്എസ്എസ് ഓപ്പൺ ഓഡിറ്റോറിയത്തിലും  ഒഴിഞ്ഞ കസേരകൾക്കു മുൻപിലായിരുന്നു അവതരണം. അടുത്ത ദിവസങ്ങളിൽ കൂടുതൽപേർ  എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

വിധി കർത്താക്കളെ മാറ്റിയെന്ന്, തർക്കം
കൊട്ടാരക്കര∙ അവസാന നിമിഷം വിധികർത്താക്കളിൽ ഒരാളെ മാറ്റി മറ്റൊരാളെ കൊണ്ടുവന്നെന്ന് ആരോപിച്ച് 14-ാം വേദിയിൽ തർക്കം. 11 മണിക്ക് വേദിയിൽ എത്തിയ വിധികർത്താക്കളെ മത്സരാർഥികൾ ചെസ്റ്റ് നമ്പർ വാങ്ങാൻ താമസിച്ചതിനെ തുടർന്ന് സംഘാടകർ ഓഫിസിലേക്ക് മാറ്റിയിരുന്നു. 11.30ന് മറ്റൊരു അധ്യാപകൻ വിധികർത്താവ് ആയി എത്തുകയും ആദ്യം വേദിയിൽ എത്തിയ ഒരു വിധി കർത്താവ് മാറണമെന്ന് സംഘാടകർ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ആരോപണം. ഒടുവിൽ ആദ്യം വന്ന വിധികർത്താക്കൾ തന്നെ തുടർന്നു.

മൂന്നാം ദിവസം : വേദികളിൽ ഇന്ന് 
വേദി 1 (ബോയ്സ് സ്കൂൾ മൈതാനം): ഒപ്പന – 9.00
വേദി 2 (എച്ച്എസ്എസ് ഓപ്പൺ ഓഡിറ്റോറിയം): മൂകാഭിനയം, നാടകം–9.00
വേദി 3 (വിഎച്ച്എസ്ഇ ഹാൾ): ശാസ്ത്രീയ സംഗീതം (എച്ച്എസ്എസ്)–9.00
വേദി 4 (ബോയ്സ് ഹൈസ്കൂൾ ഹാൾ): മൃദംഗം, ട്രിപ്പിൾ ജാസ്, ഗഞ്ചിറ, ഘടം–9.00
വേദി 5 (കാർമൽ സ്കൂൾ, ഫ്ലോർ): മിമിക്രി, മോണോആക്ട് (യുപി)–9.00
വേദി 6 (കാർമൽ സ്കൂൾ ഓഡിറ്റോറിയം): ഇംഗ്ലിഷ് സ്കിറ്റ്–9.00
വേദി 7 (എൽഎംഎസ് എൽപിഎസ്): കഥാപ്രസംഗം – 9.00
വേദി 8 (എസ്കെവി എച്ച്എസ്എസ്): സംസ്കൃതോത്സവം – 9.00 
വേദി 9 (ജിഎൽപിഎസ് തൃക്കണ്ണമംഗൽ): സംസ്കൃതോത്സവം – 9.00 
വേദി 10 (സെന്റ് മേരീസ് എച്ച്എസ്): കഥകളി സംഗീതം, കഥകളി (സിംഗിൾ), കഥകളി ഗ്രൂപ്പ്–9.00
വേദി 11 (ടൗൺ യുപിഎസ്): പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്–9.00
വേദി 12 (എംടി എച്ച്എസ്): കുച്ചിപ്പുഡി – 9.00
വേദി 13 (എംടി എൽപിഎസ്): അറബിക് സാഹിത്യോത്സവം – 9.00 
വേദി 14 (സെന്റ് ഗ്രിഗോറിയോസ് എച്ച്എസ്): പണിയ നൃത്തം, മംഗലം കളി, ഇരുളനൃത്തം–9.00

English Summary:

The Kottarakkara School Arts Festival saw Kollam sub-district taking the lead after two days of competition. The event was marred by delays, including a five-and-a-half-hour delay for the Mohiniyattam competition. Despite the setbacks, students delivered impressive performances in Mono Act, Drama, and other categories. Minister K.N. Balagopal inaugurated the festival, emphasizing the importance of arts education. Low attendance and a judge replacement controversy also made headlines.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com