‘20 സെക്കൻഡ് കണ്ണടച്ചുപോയി; വണ്ടി എന്തിലൊക്കെയോ തട്ടുന്നുവെന്നു തോന്നിയപ്പോഴാണു കണ്ണുതുറന്നതും വെട്ടിച്ചതും'
Mail This Article
തൃശൂർ ∙ ‘20 സെക്കൻഡ് കണ്ണടച്ചുപോയി. വണ്ടി എന്തിലൊക്കെയോ തട്ടുന്നുവെന്നു തോന്നിയപ്പോഴാണു കണ്ണുതുറന്നതും വെട്ടിച്ചതും.’ നാട്ടികയിൽ 5 പേരുടെ ജീവനെടുത്ത അപകടത്തിനു കാരണം മദ്യലഹരിയിൽ താൻ മയങ്ങിപ്പോയതാണെന്നു ലോറി ഓടിച്ച ക്ലീനർ അലക്സിന്റെ കുറ്റസമ്മതം. നിലവിളി കേട്ടപ്പോൾ ലോറി വെട്ടിച്ചുവെന്നും രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണു വണ്ടി സർവീസ് റോഡിലൂടെ ഓടിച്ചുകൊണ്ടുപോയതെന്നും അലക്സ് പൊലീസിനോടു വെളിപ്പെടുത്തി. വണ്ടി ഓടിക്കാൻ തനിക്കറിയാമായിരുന്നെന്നും ലൈസൻസ് എടുക്കാൻ താൽപര്യമില്ലാതിരുന്നതു കൊണ്ട് എടുക്കാതിരുന്നതാണെന്നും ഇയാൾ പറഞ്ഞു. നിർമാണം നടക്കുന്ന ദേശീയപാത 66ൽ ഗതാഗതം നിരോധിച്ച ഭാഗത്ത് ഉറങ്ങിക്കിടന്ന നാടോടി കുടുംബത്തിലെ 11 പേരുടെ ദേഹത്തേക്കാണ് ചൊവ്വാഴ്ച പുലർച്ചെ 3.35നു ക്ലീനർ ആലക്കോട് ഏഴിയാക്കുന്നേൽ അലക്സ് (38) മദ്യലഹരിയിൽ ലോറി ഓടിച്ചുകയറ്റിയത്.
2 കുഞ്ഞുങ്ങളടക്കം 5 പേർ ദാരുണമായി മരിച്ചു. മദ്യലഹരി മൂത്തപ്പോൾ അലക്സിനെ വണ്ടിയോടിക്കാൻ ഏൽപിച്ച ഡ്രൈവർ ആലക്കോട് നെല്ലിപ്പാറ ചാമക്കാലയിൽ ബെന്നിയും (ജോസ് – 54) അപകടത്തിനു കാരണക്കാരനായി. അപകടത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. മദ്യലഹരിയിലായതിനാൽ ആദ്യവട്ടം ചോദ്യം ചെയ്തപ്പോൾ അലസമായ മറുപടികളാണ് ഇവരിൽ നിന്നു ലഭിച്ചത്. രാവിലെ ലഹരി ഇറങ്ങിയ ശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണു വ്യക്തമായ വിവരങ്ങൾ ലഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30ന് കണ്ണൂർ ആലക്കോട് നിന്നു തടി ഉരുപ്പടികളുമായി പെരുമ്പാവൂരിലേക്കു പുറപ്പെട്ടതായിരുന്നു തങ്ങളെന്നും മാഹിയിൽ നിന്നു മദ്യം വാങ്ങിയതു മുതൽ തുടർച്ചയായി മദ്യപിച്ചിരുന്നെന്നും ഇവർ സമ്മതിച്ചു. ഭക്ഷണം കാര്യമായി കഴിച്ചില്ലെങ്കിലും മദ്യപിക്കുന്നതു തുടർന്നു. പൊന്നാനിയിലെത്തിയപ്പോൾ ലഹരി മൂത്ത് ഡ്രൈവർ ബെന്നി മയക്കത്തിലായി. ഇതോടെയാണ് അലക്സ് ഡ്രൈവിങ് ഏറ്റെടുത്തത്. ലൈസൻസ് ഇല്ലെങ്കിലും വണ്ടിയോടിക്കാനറിയാമെന്ന ധൈര്യത്തിൽ അലക്സ് 45 കിലോമീറ്ററോളം ലോറി ഓടിച്ചു.
നാട്ടികയിലെത്തിയപ്പോൾ 20 സെക്കൻഡ് മയങ്ങിപ്പോയെന്നും റോഡ് വഴിതിരിച്ചു വിടുന്ന ബോർഡ് കാണാതെ നേരെ ഓടിച്ചു കയറ്റുകയായിരുന്നെന്നും ഇയാൾ സമ്മതിച്ചു. പ്രാഥമികമായി വാഹനാപകടമാണെങ്കിലും ബിഎൻഎസ് 105 നിയമപ്രകാരം മനഃപ്പൂർവമായ നരഹത്യയ്ക്കു കേസെടുത്തതിനാൽ ഇരുവർക്കും ജാമ്യം ലഭിച്ചില്ല. ഇവരെ റിമാൻഡ് ചെയ്തു. 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്. ഇതിനിടെ, അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 6 പേരിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ ജാൻസിയുടെ നില ഗുരുതരമായി തുടരുന്നു. മറ്റ് 5 പേർ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
സിഗ്നൽ ലൈറ്റ് സ്ഥാപിച്ചു
ലോറി അപകടമുണ്ടായ നാട്ടിക ജംക്‌ഷനിലെ ദേശീയപാത നിർമാണ സ്ഥലത്ത് അപകട മുന്നറിയിപ്പു നൽകാൻ പുതിയ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചു. മുൻപു ഫൈബർ ബാരിക്കേഡിന്റെ ഒരുവശത്തു ചെറിയ സിഗ്നൽ ലൈറ്റ് ഉണ്ടായിരുന്നെങ്കിലും ഇതു പര്യാപ്തമല്ലെന്നു കണ്ടാണു വലിയ സിഗ്നൽ ലൈറ്റ് വച്ചത്. ലോറിയിടിച്ചു തകർന്ന ബാരിക്കേഡ് പുനഃസ്ഥാപിച്ചിട്ടുമുണ്ട്. എന്നാൽ, പാതയോരത്തെ തെരുവുവിളക്കുകളും വൈദ്യുത തൂണുകളും ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി കെഎസ്ഇബി മാറ്റിയതിനാൽ വെളിച്ചക്കുറവ് ഇപ്പോഴും പ്രശ്നമായി തുടരുന്നു. മാസങ്ങളായി ഈ ഭാഗത്തു തെരുവുവിളക്കില്ല.
കേസെടുത്തു
മദ്യലഹരിയിൽ ക്ലീനർ ഓടിച്ച തടിലോറി പാഞ്ഞുകയറി 5 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോടു വിശദമായി അന്വേഷിച്ചു 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷനംഗം വി.കെ. ബീനാകുമാരി നിർദേശിച്ചു. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണു കമ്മിഷൻ കേസെടുത്തത്.
ഉയർന്ന സഹായത്തിന് ശുപാർശ
പാലക്കാട് ∙ നാട്ടികയിൽ ലോറി കയറി അഞ്ചു പേർ മരിച്ച മുതലമട മീങ്കര ചെമ്മണംതോട്ടിലെ നാടോടി കുടുംബങ്ങൾക്ക് ഉയർന്ന സാമ്പത്തിക സഹായം അനുവദിക്കാൻ ജില്ലാ ഭരണകൂടം സർക്കാരിനോടു ശുപാർശ ചെയ്തു. അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെടുന്നവരായതിനാൽ സാധാരണ ഇത്തരം അപകട മരണങ്ങൾക്കു സർക്കാർ നൽകുന്ന സഹായത്തേക്കാൾ കൂടുതൽ തുക നൽകണമെന്നാണു ശുപാർശ.
സാമ്പത്തികമായി വലിയ പരാധീനത നേരിടുന്ന കുടുംബങ്ങളാണ് ഇവരുടേതെന്നും ജില്ലാ ഭരണകൂടം വിലയിരുത്തി. തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാരിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതേസമയം, സംഭവത്തിൽ ധനസഹായം നൽകാനുള്ള നടപടികൾ മുഖ്യമന്ത്രിതലത്തിൽ സ്വീകരിക്കാനും മരിച്ചവരുടെ ആശ്രിതരെ കണ്ടെത്താനുള്ള ശ്രമം അടിയന്തരമായി സ്വീകരിക്കാനും ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.