ADVERTISEMENT

ആര്യങ്കാവ്∙ തിരുമംഗലം ദേശീയപാതയുടെ പുറമ്പോക്കുകളിലെ അനധികൃത കടകൾ നീക്കം ചെയ്യാനുള്ള സർവകക്ഷി യോഗ തീരുമാനം വിവാദമായതോടെ ഒഴിപ്പിക്കൽ നടപടികൾ നിന്ന് പഞ്ചായത്ത് പിന്മാറി. ഒഴിപ്പിക്കൽ നടപടി ദേശീയപാത വിഭാഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കത്തു നൽകി. കഴിഞ്ഞ 7ന് പഞ്ചായത്ത് വിളിച്ച സർവകക്ഷിയോഗത്തിൽ ദേശീയപാതയുടെ പുറമ്പോക്കിലെ കയ്യേറ്റ കടകൾ 7 ദിവസത്തിനകം ഒഴിപ്പിക്കുമെന്നായിരുന്നു തീരുമാനം.  ഇതിനെ പിന്തുണച്ച സിപിഎമ്മും കോൺഗ്രസും പിന്നീടു തീരുമാനം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തി. അതിനിടെ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു സിപിഐയും രംഗത്തെത്തിയതോടെയാണ് വിവാദം മുറുകിയത്.

14നകം നടപ്പാക്കേണ്ടിയിരുന്ന തീരുമാനം 4 ആഴ്ച പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല.  ദേശീയപാതയിൽ പതിവാകുന്ന ഗതാഗതക്കുരുക്കും അപകടങ്ങളും മണ്ഡലകാലത്ത് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു സർവകക്ഷി യോഗ തീരുമാനം . പുറമ്പോക്കിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും ഇതിന് ആവശ്യമായ ചെലവ് അനുവദിക്കാമെന്നും ചൂണ്ടിക്കാട്ടി ദേശീയപാത വിഭാഗം പഞ്ചായത്തിനു കത്തു നൽകിയിരുന്നു.  ദേശീയപാത വിഭാഗം നേരിട്ട് ഒഴിപ്പിക്കൽ തുടങ്ങിയാൽ പ്രദേശികമായി പ്രതിഷേധം ഉയരുമെന്ന് കണ്ടാണ് നടപടികൾ പഞ്ചായത്തിന്റെ ചുമതലയിൽ വിട്ടിരുന്നത്.

സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ഇടതുകക്ഷികൾ തീരുമാനം സംബന്ധിച്ച് എതിർചേരിയിൽ അണിനിരക്കുകയും സമരത്തിനു സന്നദ്ധരാകുകയും കോൺഗ്രസും ഇതിൽ എതിർ നിലപാട് വ്യക്തമാക്കുകയും ചെയ്തതോടെയാണു ഒഴിപ്പിക്കൽ നടപടികളിൽ നിന്നു പഞ്ചായത്തു പിന്മാറിയത്. അതിർത്തിയായ കോട്ടവാസൽ മുതൽ കഴുതുരുട്ടി വരെയാണു പുറമ്പോക്കുകളിലെ അനധികൃത കയ്യേറ്റങ്ങളും കടകളും. കോട്ടവാസൽ മുതൽ ആര്യങ്കാവ് വരെ ഇതിൽ ഭൂരിഭാഗവും ലോട്ടറി കടകളാണ്.  അപകടങ്ങൾ പെരുകുന്ന പശ്ചാത്തലത്തിൽ ഒഴിപ്പിക്കൽ നടപ്പാക്കണമെന്നും തൊഴിൽ നഷ്ടപ്പെടുന്നവർക്ക് പകരം ജീവിതോപാധി കണ്ടെത്തണമെന്നുമായിരുന്നു സിപിഐയുടെ നിലപാട്.

പന്ത്രണ്ടു വിളക്ക് കഴിഞ്ഞതോടെ അതിർത്തി കടന്നെത്തുന്ന ശബരിമല തീർഥാടകരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകും. ഇക്കാലത്തെ ഗതാഗത പ്രതിസന്ധി മറികടക്കാനും സുരക്ഷ ശക്തമാക്കാനും കൂടുതൽ പൊലീസ് സേനയെ ഏർപ്പെടുത്താതെ വഴിയില്ല. ശ്രീധർമ ശാസ്താ ക്ഷേത്രം കവലയിലെ പൊലീസ് സഹായ കേന്ദ്രത്തിൽ 6 പൊലീസുകാർ മാത്രമാണു സേവനത്തിനുള്ളത്. മണ്ഡലകാലത്തേക്കായി 6 സ്പെഷൽ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.

വനപാതയിൽ രാത്രി വനപാലകരുടെ പ്രത്യേക നിരീക്ഷണം  
അച്ചൻകോവിൽ∙ തമിഴ്നാട്ടിലേക്കുള്ള ചെങ്കോട്ട വനപാതയിൽ രാത്രി വനപാലകരുടെ പ്രത്യേക നിരീക്ഷണം. തമിഴ്നാട്ടിൽ നിന്ന് കോട്ടവാസൽ അതിർത്തി കടന്നെത്തുന്ന ശബരിമല തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്താണു നിരീക്ഷണം. 
കോട്ടവാസൽ മുതൽ അച്ചൻകോവിൽ വരെ പൂർണമായും വനപാതയിലൂടെയാണു യാത്ര. രാത്രി വന്യജീവികളുടെ സാന്നിധ്യം വർധിക്കുമെന്നതിനാലാണു പ്രത്യേക സുരക്ഷ. 

English Summary:

The Arayankavu Panchayat's decision to evict unauthorized shops along the Thiruvangalam National Highway has been met with opposition, leading to inaction. Despite concerns about traffic congestion and safety, particularly with the approaching Sabarimala pilgrimage season, the Panchayat has requested the National Highway Authority to handle the eviction process.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com