കണ്ണങ്കാട്ട് കടവ് പാലം ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി
Mail This Article
മൺറോത്തുരുത്ത്∙ കണ്ണങ്കാട്ടുകടവ് പാലത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായി. ഭൂമി വിട്ടു നൽകിയവർക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്തു. ഉടൻ തന്നെ ടെൻഡർ നടപടികൾ ആരംഭിക്കും. കൊല്ലം, കുന്നത്തൂർ താലൂക്കുകളെ ബന്ധിപ്പിക്കുന്നതാണ് പാലത്തിനായി 2018 ഫെബ്രുവരി 26ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ ശിലയിട്ടെങ്കിലും വിവിധ കാരണങ്ങളാൽ നിർമാണം നീണ്ട് പോകുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനായി 4.33 കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 1ന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിസ് ഭൂമി ഉടമകൾക്ക് നൽകിയിരുന്നു.
നോട്ടിസ് നൽകി 6 മാസത്തിനുള്ളിൽ സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കണം. കിഫ്ബി എൽഎ തഹസീൽദാർ ഓഫിസിലെ കാലതാമസം നേരിട്ടതോടെ നടപടി വീണ്ടും നീണ്ടു. എംഎൽഎ മുഖ്യമന്ത്രിയുടെയും കലക്ടറുടെയും ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗം പൂർത്തീകരിച്ചത്.24.21 കോടി രൂപയാണ് പാലത്തിന്റെ നിർമാണ ചെലവ്. 150 മീറ്റർ നീളവും 15 മീറ്റർ വീതിയും 5 സ്പാനുകളിലാണ് പാലം നിർമിക്കുന്നത്.
മൺറോതുരുത്ത് ഭാഗത്ത് അപ്രോച്ച് ഉൾപ്പെടെ ടി ആകൃതിയിലാണ് പാലം. മൺറോത്തുരുത്തിൽ രണ്ട് വീടുകൾ ഉൾപ്പെടെ 33 ഭൂവുടമകളിൽ നിന്നായി 600 മീറ്റർ ഭൂമിയാണ് ഏറ്റെടുത്തത്. പടിഞ്ഞാറേ കല്ലട ഭാഗത്ത് 7 പേരിൽ നിന്ന് ഒരു വീട്, രണ്ട് വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ 125 മീറ്റർ നീളത്തിൽ ഭൂമി ഏറ്റെടുത്തു. അപ്രോച്ച് റോഡുകൾക്ക് ഇരു വില്ലേജുകളിലുമായി 0.5455 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്.