കമണ്ഡലു മരം വീട്ടുമുറ്റത്ത് പൂത്തു കായ്ച്ചു; പണ്ട് മഹർഷിമാർ ഉപയോഗിച്ചിരുന്നത് ഇതിന്റെ കായ്കൾ
Mail This Article
കുമരകം ∙ കഥകളിൽ കേട്ടറിഞ്ഞ കമണ്ഡലു വീട്ടുമുറ്റത്ത് പൂത്തു കായ്ച്ചു. സൗത്ത് പോസ്റ്റ് ഓഫിസിനു സമീപം തൈത്തറ മേഴ്സി റെജിയുടെ വീട്ടിലാണു പുരാതനകാലത്ത് മഹർഷിമാർ വെള്ളം ശേഖരിക്കാൻ ഉപയോഗിച്ചിരുന്ന കമണ്ഡലു കായ്കൾ ഉണ്ടായിരിക്കുന്നത്. മുറ്റത്ത് വളർന്നു പന്തലിച്ച, ഒരു വർഷം മാത്രം പ്രായമായ മരത്തിൽ 2 കായ്കളാണുള്ളത്. ഇതിൽ ഒന്ന് മേഴ്സി പറിച്ചു. മറ്റൊരു മരം കൂടി വളർന്നുവരുന്നുണ്ട്. ഇത് ഇതുവരെ കായ്ച്ചിട്ടില്ല.
നല്ല വളക്കൂറുള്ള സ്ഥലത്ത് നിന്നു മരമാണ് കായ്ച്ചിരിക്കുന്നത്. തേങ്ങയോളം വലുപ്പമുള്ള കായ്കളുടെ ഉള്ളിലെ കാമ്പ് കളഞ്ഞ് മുകൾഭാഗം തുളച്ച് വള്ളി കോർത്താണു മഹർഷിമാർ കൊണ്ടുനടന്നിരുന്നത്. കട്ടിയുള്ള തോടായതിനാൽ കാലങ്ങളോളം കേടാകാതിരിക്കും. കമണ്ഡലു മരം വേരുപിടിക്കാനും കായ്ക്കാനും പ്രയാസമാണ്. മേഴ്സിയും ഭർത്താവ് റെജിയും ഏറെ പരിപാലിച്ചു വളർത്തിയതിന്റെ ഫലം കിട്ടി.
ഒരു വർഷം മുൻപ് കാസർകോട്ടുള്ള സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ അവിടെ നിന്നു കിട്ടിയ തൈകളാണു മേഴ്സി നട്ടത്. ചാണകവും മറ്റ് ജൈവവളങ്ങളും ഇട്ടതോടെ രണ്ടും നന്നായി വളർന്നു. മഹർഷിമാർ ചെയ്തതു പോലെ കായ്കൾ മുറിച്ചു കാമ്പ് കളഞ്ഞു ഉണക്കിയെടുത്തു മുകൾഭാഗം തുളച്ച് വള്ളി കോർത്ത് സൂക്ഷിക്കുമെന്ന് മേഴ്സി പറഞ്ഞു.