10 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ‘സഞ്ചരിക്കുന്ന ശുചിമുറി’ ഒടുവിൽ ആക്രിയായി
Mail This Article
കുമരകം ∙ സഞ്ചരിക്കുന്ന ശുചിമുറി ഒടുവിൽ ആക്രിക്കച്ചവടക്കാർക്കു സ്വന്തം. അയ്മനം പഞ്ചായത്ത് ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തി 2019–ൽ ചീപ്പുങ്കലിൽ പ്രവർത്തനം തുടങ്ങിയ വാഹനത്തിനുള്ളിലെ ശുചിമുറി ആക്രിക്കച്ചവടക്കാർ വാങ്ങി. കൊച്ചിയിലെ സ്വകാര്യ കമ്പനിയും പഞ്ചായത്തും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ 10 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ശുചിമുറി വർക്കിങ് മോഡൽ എന്ന നിലയിലാണു കമ്പനി സ്ഥാപിച്ചത്. പദ്ധതി വിജയകരമായാൽ നാലെണ്ണം കൂടി പഞ്ചായത്ത് വാങ്ങാമെന്നായിരുന്നു കരാറെന്നു കമ്പനിയുടെ അന്നത്തെ എൻജിനീയറായ വിപിൻ രാജ് പറഞ്ഞു. കരാർപ്രകാരം ഒരു ശുചിമുറികൂടി കമ്പനി നിർമിച്ചിരുന്നു. ചീപ്പുങ്കൽ എത്തിച്ച ശുചിമുറി കമ്പനിക്ക് ആവശ്യമുള്ളപ്പോൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്ലീൻ ആക്കി തിരികെ നൽകണമെന്നും കരാറിൽ ഉണ്ടായിരുന്നതായി പറയുന്നു.
കോവിഡ് കാലത്ത് ശുചിമുറി അടച്ചശേഷം പിന്നീട് തുറന്നിട്ടില്ല. ശുചിമുറി വൃത്തിയാക്കി തിരികെ നൽകണമെന്നു പഞ്ചായത്തിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നും പുതിയ ശുചിമുറി വാങ്ങാൻ നടപടി എടുത്തില്ലെന്നുമാണ് പരാതി. വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ വീടുകളിലെ ശുചിമുറി ഉപയോഗിക്കാൻ കഴിയാത്തവർക്കു വേണ്ടി കമ്പനി നിർമിച്ചതാണ് സഞ്ചരിക്കുന്ന ശുചിമുറി. വിനോദ സഞ്ചാര മേഖലയിൽ ഇത്തരം ശുചിമുറി പ്രവർത്തിപ്പിക്കാൻ കൊള്ളാമെന്നു മനസ്സിലാക്കിയാണു അന്ന് പഞ്ചായത്ത് കമ്പനിയുമായി കരാർ വച്ചു ശുചിമുറി ചീപ്പുങ്കലിൽ എത്തിച്ചത്. കഴിഞ്ഞ മന്ത്രിസഭയിലെ ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ചീപ്പുങ്കൽ ആമ്പൽ വസന്തം ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ശുചിമുറി എത്തിച്ചത്. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ കഴിയാതെ ബുദ്ധിമുട്ടുമ്പോൾ സഞ്ചരിക്കുന്ന ശുചിമുറി നോക്കുകുത്തിയായി ഇവിടെ ഉണ്ടായിരുന്നു. ആക്രിക്കച്ചവടക്കാർക്കു നൽകിയ ശുചിമുറി അവർ പൊളിച്ചു കൊണ്ടു പോയി.നാലര വർഷക്കാലം ചീപ്പുങ്കൽ പാലത്തിനു സമീപം കിടന്ന വാഹനത്തിലെ ശുചിമുറി അങ്ങനെ സ്ഥലം കാലിയാക്കിയിരിക്കുന്നു.