ADVERTISEMENT

കോട്ടയം ∙ നഗരത്തിൽ ശല്യം വിതച്ച് ഒച്ച്. വീടിനകത്തും പുറത്തും ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായി. കിണറുകളിലടക്കം ഒച്ചാണ്. നഗരത്തിലെ ടിബി റോഡിനു താഴെ മാർക്കറ്റിലേക്കുള്ള വഴിയുടെ ഇരുവശത്തും സമീപത്തെ പാടശേഖരത്തിലുമാണ് ഒച്ചുശല്യം രൂക്ഷമായത്.

പ്രതിരോധനടപടികൾ ഏകോപിപ്പിക്കാൻ സംവിധാനമില്ല.  ഇരുട്ടു വീണാൽ പ്രദേശമാകെ ഒച്ചുകൾ കീഴടക്കും. സ്പർശിച്ചാൽ ചൊറിച്ചിലും പുകച്ചിലും ഉണ്ടാകുമെങ്കിലും ഇതെല്ലാം സഹിച്ചാണു വീട്ടുകാർ കഴിയുന്നത്. ആഫ്രിക്കൻ ഒച്ചുകൾ മസ്തിഷ്കജ്വരത്തിനു വരെ കാരണമായേക്കാമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.

മഴക്കാലപൂർവ ശുചീകരണങ്ങൾ പാളിയതാണു കാരണം. കിണറുകളിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ശുദ്ധജലം പോലും മുടങ്ങി. കൃഷിക്കും ഭീഷണിയാണ്. വലിയ കൈമുഷ്ടിയുടെ അത്രയും വരെ ഇവ വലുതാകുന്നുണ്ട്. കട്ടിയേറിയ തോടുകളാണ് ഇവയ്ക്കുള്ളത്.

കുരുമുളകിന്റെ അത്രയും വലുപ്പമുള്ള ഒച്ചിന്റെ കുഞ്ഞുങ്ങൾ പച്ചില തിന്നു ദിവസങ്ങൾക്കുള്ളിൽ വലുപ്പം വയ്ക്കും. വാഴ, കപ്പ, പപ്പായ, നെല്ലി, പുളി തുടങ്ങിയവയുടെ പച്ചിലകളെല്ലാം വ്യാപകമായി തിന്നു നശിപ്പിച്ചതോടെ വീട്ടുകാർ വിഷമാവസ്ഥയിലായി.

മരങ്ങളിലും ഇവ വ്യാപിക്കുന്നുണ്ട്. വിറകുപുരകൾ, ഷെഡുകൾ, കുളിമുറികൾ ഇവിടെയൊക്കെ ഇവ എത്തുന്നു. രൂക്ഷമായ ദുർഗന്ധവുമുണ്ട്. ഒരു മാസത്തിലേറെയായി ഒച്ചുകളുടെ ശല്യം രൂക്ഷമായിട്ട്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു ‘പാഠം ഒന്ന് ഒച്ച് ’ എന്ന പേരിൽ പ്രതിരോധം പദ്ധതി ഉണ്ടെങ്കിലും നഗരസഭാപ്രദേശത്തു പ്രവർത്തനമൊന്നും നടന്നിട്ടില്ല.

പ്രതിരോധം ഇങ്ങനെ
∙പുകയില, തുരിശ് മിശ്രിതം തളിക്കുന്നതാണ് ആഫ്രിക്കൻ ഒച്ചുകളെ തുരത്താനുള്ള പ്രധാന മാർഗം. ഒച്ചുകൾ വീടിന്റെ പരിസരത്തും മറ്റും പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോൾ തന്നെ പുകയിലസത്ത് ലായനി ഉപ്പു ചേർത്തു തളിക്കുക. 
ജൈവ അവശിഷ്ടങ്ങൾ കൂട്ടി ഇടരുത്. ഈർപ്പമുള്ള അടിക്കാടുകൾ വെട്ടിക്കളയണം. മഴക്കാലത്തിനു ശേഷം മണ്ണ് ഇളക്കിക്കൊടുക്കണം.

ശ്രദ്ധിക്കാൻ
∙ ഗ്ലൗസ് ഉപയോഗിക്കാതെ ആഫ്രിക്കൻ ഒച്ചിനെ തൊടരുത്. ഒച്ചിന്റെ ശരീരത്തിൽനിന്നു വരുന്ന ദ്രവം മനുഷ്യശരീരത്തിൽ പറ്റാതിരിക്കാൻ ശ്രദ്ധിക്കണം.
ഒച്ചിന്റെ ദ്രവവും കാഷ്ഠവും പറ്റിപ്പിടിക്കാനിടയുള്ളതിനാൽ നന്നായി കഴുകിയും വേവിച്ചും മാത്രമേ പച്ചക്കറികൾ കഴിക്കാവൂ. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ആഫ്രിക്കൻ ഒച്ചുകൾ ഭക്ഷ്യയോഗ്യമല്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com